കേരളത്തില്‍ 100 കോടി, തമിഴിലെത്തുമ്പോള്‍ മമ്മൂട്ടി ചിത്രം മിന്നിക്കുമോ? തമിഴ് മധുരരാജയുടെ ട്രെയിലര്‍
നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമകളുടെ കണക്കുകള്‍ കൂടി വരുന്നതിനിടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും അത്തരമൊരു നേട്ടത്തിലെത്തുന്നത്. വൈശാഖിന്റെ സംവിധാനത്തിലെത്തിയ മധുരരാജയിലൂടെയായിരുന്നു ഈ നേട്ടം. റിലീസിന് മുന്‍പ് തന്നെ ആരാധകര്‍ വമ്പന്‍ പ്രതീക്ഷകള്‍ നല്‍കിയ ചിത്രമായിരുന്നു മധുരരാജ. ടോട്ടല്‍ ബിസിനസില്‍ നൂറ് കോടിയ്ക്ക് മുകളില്‍ നേടിയിട്ടാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.
ഈ ഓണത്തിന് മധുരരാജ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. അതിനിടെ തമിഴിലേക്ക് വമ്പന്‍ റിലീസിനൊരുങ്ങുകയാണ് ചിത്രം. കഴിഞ്ഞ ദിവസമാണ്തമിഴിലെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. റിലീസിന് മുന്നോടിയായി സിനിമയില്‍ നിന്നും തമിഴ് ട്രെയിലര്‍ കൂടി എത്തിയിരിക്കുകയാണ്. പീറ്റര്‍ ഹെയിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്റെ മര്‍മപ്രധാന ഭാഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളെല്ലാം കേര്‍ത്തിണക്കി തമിഴിലേക്ക് മൊഴിമാറ്റിയാണ് ചിത്രമെത്തുന്നത്. തമിഴില്‍ മാത്രമല്ല രാജ നരസിംഹ എന്ന പേരില്‍ തെലുങ്കിലും മൊഴിമാറ്റി ചിത്രമെത്തും. ചൈനീസ്, മലേഷ്യന്‍ ഭാഷകളിലേക്ക് കൂടി മൊഴി മാറ്റുന്നതിനുള്ള അവകാശവും കൈമാറിയിരിക്കുകയാണ്. ഇത് ഉടനെ ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത് 2010 ല്‍ റിലീസിനെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ നിര്‍മ്മിച്ചത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച ചിത്രം കേരളാ ബോക്‌സോഫീസില്‍ നിന്ന് മാത്രമായി 80 കോടിയ്ക്ക് മുകളില്‍ നേടിയിരുന്നു. മധുരരാജയ്ക്ക് ശേഷം മിനിസ്റ്റര്‍ രാജ എന്നൊരു ചിത്രം കൂടി വരാനിരിക്കുകയാണ്.


Click it and Unblock the Notifications











