വിദേശത്തോ ഷൂട്ടിംഗിലാേ ആണെന്നാണ് ഇപ്പോഴും കരുതുന്നത്; ഉൾക്കൊള്ളാനായിട്ടില്ല; ശ്രീദേവിയെക്കുറിച്ച് മഹേശ്വരി
ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ കഴിയാത്ത നടിയാണ് ശ്രീദേവി. താര റാണിയായി തിളങ്ങിയ ശ്രീദേവിയെ പോലെ ശ്രദ്ധേയ വേഷങ്ങൾ തുടരെ ലഭിച്ച നടിമാർ വിരളമാണ്. 2018 ലാണ് ശ്രീദേവി ലോകത്തോട് വിട പറയുന്നത്. മരണം ഏവർക്കും ഞെട്ടലായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ദുബായിൽ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ച ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണാണ് മരണം. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. കൊലപാതകമാണെന്ന് വരെ ആരോപണം വന്നു. പിന്നീട് ഇത്തരം വാദങ്ങൾ കെട്ടടങ്ങി.
ശ്രീദേവിയുടെ സഹോദരിയുടെ മകളാണ് നടി മഹേശ്വരി. തന്റെ കുട്ടിക്കാലം തൊട്ട് ശ്രീദേവിയെ മഹേശ്വരി അടുത്ത് നിന്ന് കണ്ടതാണ്. പുതിയ അഭിമുഖത്തിൽ നടിയെക്കുറിച്ച് സംസാരിക്കുകയാണ് മഹേശ്വരി. ശ്രീദേവിയെ താൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് മഹേശ്വരി പറയുന്നു. മരണം ഇന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഷൂട്ടിംഗിലാണ്, വിദേശത്ത് പോയിരിക്കുകയാണ് എന്ന് മനസിൽ കരുതുന്നു.

ആ അളവിലേ എന്റെ ബ്രെയിനിനത് പ്രോസസ് ചെയ്യാൻ പറ്റുന്നുള്ളൂ. മക്കളെ പോലെയാണ് തനിക്ക് ജാൻവിയും ഖുഷിയുമെന്ന് മഹേശ്വരി പറയുന്നു. ഞാനവരുടെ കസിനാണ്. എന്നാൽ എന്നെ മാസി എന്നാണ് വിളിക്കാറ്. രണ്ട് പേരും കരിയറിൽ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണെന്നും മഹേശ്വരി പറയുന്നു.
അവരുടെ പൊസിഷൻ അവർ നിസാരമായി കാണുന്നില്ല. ഏത് സ്ഥാനത്താണെങ്കിലും കഠിനാധ്വാനവും അച്ചടക്കവും സമർപ്പണവും ഇല്ലെങ്കിൽ നമുക്ക് ഒന്നിലും വിജയിക്കാൻ പറ്റില്ല. അക്കാര്യത്തിൽ രണ്ട് പേരും സ്ട്രോങ് ആണ്. അക്ക മുകളിൽ നിന്ന് വഴി കാട്ടുന്നുണ്ട്. അവരുടെ അനുഗ്രഹം ഞങ്ങൾക്കെല്ലാമുണ്ട്. ജാൻവിയും ഖുഷിയും തമിഴ് പഠിക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടെന്നും മഹേശ്വരി പറയുന്നു.

ശ്രീദേവിയുടെയും തന്റെയും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും മഹേശ്വരി സംസാരിച്ചു. അമ്മയുടെ കുടുംബം തിരുപ്പതിക്ക് അടുത്താണ്. അപ്പൂപ്പന്റെ കുടുംബം ശിവകാശിയിൽ നിന്നും. തെലുങ്കും തമിഴും ഇടകലർന്നതാണ് കുടുംബമെന്ന് മഹേശ്വരി വ്യക്തമാക്കി. കുട്ടിക്കാലത്തേ എനിക്ക് ഡിസെെനിംഗ് ഇഷ്ടമാണ്. അക്കയുടെ ( ശ്രീദേവി) കൂടെയാണ് മനീഷ് മൽഹോത്ര കരിയർ തുടങ്ങിയത്. ഏത് കളർ വേണം, കോൺസെപ്റ്റ് എന്താണ്, എങ്ങനെ ചെയ്യണം എന്നെല്ലാം അക്ക പറയുമായിരുന്നു.
ഇതെല്ലാം ചെറുപ്പത്തിലേ കണ്ടും കേട്ടും വളർന്നതിനാൽ ഡിസെെനിംഗിൽ തനിക്ക് വലിയ താൽപര്യമുണ്ട്. തന്റെ സിനിമകളിൽ താൻ തന്നെയായിരുന്നു കോസ്റ്റ്യൂം സെലക്ട് ചെയ്തതെന്നും മഹേശ്വരി പറയുന്നുണ്ട്. അഭിനയ രംഗത്ത് മഹേശ്വരി ഇന്ന് സജീവമല്ല. മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമകൾ ചെയ്യുമെന്നും നടി ഉർവശിയാണ് തനിക്ക് മാതൃകയെന്നും മഹേശ്വരി പറയുന്നുണ്ട്.
ശ്രീദേവിയുടെ ചേച്ചി സൂര്യകലയുടെ മകളാണ് മഹേശ്വരി. ശ്രീലത എന്ന സഹോദരിയും ശ്രീദേവിക്കുണ്ട്. എന്നാൽ ഇരുവരും ഏറെക്കാലം അകൽച്ചയിലായിരുന്നു. സ്വത്ത് തർക്കമാണ് കാരണം. ശ്രീദേവി എപ്പോഴും അടുപ്പം കാണിച്ചത് സൂര്യകലയോടും മക്കളോടുമാണ്. അമ്മയുടെ മരണം ശ്രീദേവിയെ മാനസികമായി ഏറെ ബാധിച്ചിരുന്നു. കുട്ടിക്കാലം മുതൽ അഭിനയം തുടങ്ങിയ ശ്രീദേവി എന്നും അന്തർമുഖയായിരുന്നു. വളരെ അടുപ്പമുള്ളവരോട് മാത്രമേ നടി തുറന്ന് സംസാരിക്കുകയും അടുത്തിടപഴകുകയും ചെയ്തിട്ടുള്ളൂ. അതിലൊരാളാണ് മഹേശ്വരി.


Click it and Unblock the Notifications











