എന്റെ അഭിനയം ശരിയായില്ല, പാ രഞ്ജിത്തിന്റെ പ്രതികരണം; അടുത്ത് പോകാൻ ഭയന്നെന്ന് മാളവിക മോഹനൻ
കരിയറിൽ തിരക്കേറുകയാണ് നടി മാളവിക മോഹനന്. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ മാളവികയ്ക്ക് ലഭിക്കുന്നു. മലയാളത്തിൽ സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രത്തിൽ മാളവികയാണ് നായിക. ഒരുപാട് സിനിമകൾ ചെയ്തില്ലെങ്കിലും പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടിയാണ് മാളവിക. തങ്കാലാനാണ് തമിഴിൽ മാളവികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലൊന്ന് ചെയ്തു.
തങ്കലാനിലെ അനുഭവം പങ്കുവെക്കുകയാണ് മാളവിക മോഹനൻ. ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്റെ അഭിനയം ശരിയായിരുന്നില്ലെന്ന് മാളവിക പറയുന്നു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. പാ രഞ്ജിത്ത് അതുല്യനായ സംവിധായകനാണ്. ഒന്നാമത്തെ കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യുകയേ ഇല്ല. തങ്കലാനിലെ അഭിനേതാക്കളായ ഞങ്ങൾക്ക് ഓരോരുത്തർക്കും എങ്ങനെയായിരുന്നു പാ രഞ്ജിത്ത് എന്ന ചോദ്യത്തിന് വ്യത്യസ്തമായ പ്രതികരണമായിരിക്കും.

ചില ചോദ്യങ്ങൾക്ക് ഉത്തരം വേണം. അല്ലെങ്കിൽ എങ്ങനെയാണ് ഒരു കഥാപാത്രത്തിന് ജീവൻ നൽകാനാകുക. തങ്കലാൻ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എനിക്ക് ഭയം തോന്നി. വളരെ കോംപ്ലിക്കേറ്റഡ് ആയ സ്റ്റ്ണ്ട് സ്വീക്വൻസുകളോടെയാണ് തുടങ്ങിയത്. എനിക്കത് ശരിയായി ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ബോഡി ലാംഗ്വേജ് ശരിയാകുന്നില്ല. പാ രഞ്ജിത്തിനടുത്ത് പോകാൻ എനിക്ക് ടെൻഷൻ തോന്നി. കാരണം ഞാൻ നന്നായല്ല തുടക്കത്തിൽ വർക്ക് ചെയ്യുന്നത്. എനിക്ക് നേരെ അലറുമെന്ന് ഞാൻ കരുതി.
ഞാൻ ഷോട്ടിൽ അഭിനയിക്കും. എന്തെങ്കിലും പിഴവുണ്ടെങ്കിൽ പാ രഞ്ജിത്ത് പറയും. നന്നായി ചെയ്യൂ, എന്തെങ്കിലും ചെയ്യൂ എന്നൊക്കെ പറയും. ചില സമയത്ത് എന്തെങ്കിലും ചെയ്യെന്ന് പറയും. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ചിന്തിക്കും. ചെയ്യേണ്ട കാര്യങ്ങൾ പറയണം. പാ രഞ്ജിത്തിന് അദ്ദേഹത്തിന്റേതാ കമ്മ്യൂണിക്കേഷൻ രീതിയാണ്. കുറച്ച് ആഴ്ചകൾക്ക് ശേഷം ഞാൻ മനസിലാക്കി.

കുറച്ച് കൂടെ എന്തെങ്കിലും കൂട്ടിച്ചേർക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. കുറേക്കൂടി ആക്ഷൻ വേണ്ടിയിരുന്നിരിക്കാം. വന്യത വേണ്ടിയിരിക്കാം. അത് മനസിലാക്കിയെടുക്കുന്ന പ്രോസസ് തനിക്ക് പ്രയാസകരമായിരുന്നെന്നും മാളവിക മോഹനൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷമാണ് തങ്കലാൻ റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസ് വിജയമായില്ല. എന്നാൽ നിരൂപക പ്രശംസ നേടി.


Click it and Unblock the Notifications











