ബാഹുബലി ഫാന്റസിയാണ്; പൊന്നിയിൻ സെൽവനുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്ന് മണിരത്നം
മണിരത്നം സിനിമ പൊന്നിയിൻ സെൽവൻ ഏറെ കാത്തിരിപ്പിനാെടുവിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ക്ലാസിക് നോവലായ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ നിരവധി പ്രമുഖർ ശ്രമിച്ചിരുന്നെങ്കിലും മണിരത്നത്തിന് മാത്രമാണ് ഇത് സാധ്യമായത്.

സിനിമയെ മറ്റ് ചരിത്ര സിനിമകളുമായി താരതമ്യം ചെയ്ത് കൊണ്ടുള്ള ചില അഭിപ്രായങ്ങളും ഉയരുന്നുണ്ട്. രാജമൗലി ചിത്രം ബാഹുബലി ആണ് ഇതിൽ പ്രധാനം. ബാഹുബലിയുണ്ടാക്കിയ ആരവും പൊന്നിയിൻ സെൽവനുണ്ടാക്കാൻ കഴിയുന്നില്ലെന്നാണ് ഉയരുന്ന അഭിപ്രായം. അതേസമയം പൊന്നിയിൻ സെൽവനും ബാഹുബലിയും താരതമ്യം ചെയ്യാൻ പറ്റില്ലെന്നാണ് സംവിധായകൻ മണിരത്നം വ്യക്തമാക്കിയത്.
ബാഹുബലി ഒരു ഫാന്റസി കഥയാണ്. എന്നാൽ പൊന്നിയിൻ സെൽവൻ ഒരു നോവലിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ്. ചോഴ രാജവംശത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അതിനാൽ റിയലിസ്റ്റിക് ആയി മാത്രമേ പൊന്നിയിൻ സെൽവൻ എടുക്കാൻ പറ്റുകയുള്ളൂ എന്ന് മണിരത്നം വ്യക്തമാക്കി.

പൊന്നിയിൻ സെൽവൻ രാജ രാജ ചോഴനാണ്. അവർ തമിഴ്നാടിന്റെ അധിപൻ ആയിരുന്നു. അവരെ പറ്റി സിനിമ എടുക്കുമ്പോൾ സത്യസന്ധമായി എടുക്കണം. ചുറ്റുമുള്ള കഥാപാത്രങ്ങളും റിയൽ ആയിരിക്കണം. ഈ കഥ പറയുന്നത് വന്ദിയ തേവനിലൂടെ ആണ്. അവന്റെ കണ്ണിലൂടെ ആണ് സിനിമ മുഴുവനും കാണിക്കുന്നത്.
'ഇത് ബാഹുബലി പോലെ ഫാന്റസി വേൾഡ് അല്ല. സൂപ്പർ ഹീറോകൾ ഇല്ല. ഇതിൽ റിയലിസ്റ്റിക്കാണ്. ആ കാലത്തെ കഥ പറയുക എന്നതിനപ്പുറം ആ കാലത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുകയാണ്. അവിടെ റിയലിസ്റ്റിക് ആയിരിക്കണം. രണ്ട് സിനിമയും രണ്ട് ജോണർ ആണ്. രണ്ടും ചരിത്ര കഥകളാണ്. പക്ഷെ ബാഹുബലി മുഴുവനും ഫാന്റസി ആണ്. അസാമാന്യമായി എടുത്തിരിക്കുന്നു. പൊന്നിയിൻ സെൽവൻ അങ്ങനെയല്ല. മാനുഷിക വികാരങ്ങളും മൂല്യങ്ങളുമാണ് സിനിമയിൽ,' മണിരത്നം പറഞ്ഞു.

'ഷൂട്ടിംഗ് തുടങ്ങിയതിന് പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചിത്രീകരണം നിർത്തി. ഇക്കാലയളവിൽ അഭിനേതാക്കൾ ഫിറ്റ് ആയിരിക്കണം. ഇളവരസൻ ഇളവരസനെ പോലെ ഇരിക്കണം. തടി വെക്കാൻ പാടില്ല. കുന്ദവിയും സ്ലിം ആയിരിക്കണം. അതിനാൽ ഫോൺ വിളിച്ച് ജിം എല്ലാം പൂട്ടി, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കുമായിരുന്നു. എല്ലാവരും വളരെയധികം സഹകരിച്ചു. ലോക്ഡൗൺ കാലത്ത് ലോകം തന്നെ നിശ്ചലമായി'

കാത്തിരുന്ന് എല്ലാം നിയന്ത്രണ വിധേയമായ ശേഷമാണ് വീണ്ടും ഷൂട്ട് ചെയ്തത്. ഷൂട്ടിംഗിനുള്ള പ്ലാനിംഗിനായിരുന്നു കൂടുതൽ സമയം എടുത്തതെന്നും മണിരത്നം പറഞ്ഞു. ക്രമേണ കഥാഗതി എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. കൽക്കിയുടെ നോവലിൽ ചോഴ രാജവംശത്തിന്റെ മുഴുവൻ പശ്ചാത്തലവും ഉണ്ട്. നോവലിലെ എല്ലാ കഥാപാത്രങ്ങളും തനിക്കിഷ്ടമാണെന്നും മണിരത്നം പറഞ്ഞു.


Click it and Unblock the Notifications