അസുരനിലെ മക്കള്‍ക്കൊപ്പം മഞ്ജു വാര്യര്‍! നടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ധനുഷും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച അസുരന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മഞ്ജു വാര്യര്‍ തമിഴില്‍ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു അസുരന്‍. ധനുഷിനും മഞ്ജുവിനും പുറമെ സിനിമയില്‍ മക്കളായി അഭിനയിച്ച നടന്മാര്‍ക്കും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. മുരുകന്‍, ചിദംബരം എന്നീ കഥാപാത്രങ്ങളായി റ്റീജേ അരുണാസലം, കെന്‍ കരുണാസ് തുടങ്ങിയവരാണ് എത്തിയത്.

അസുരനില്‍ മക്കളായി എത്തിയവര്‍ക്കൊപ്പമുളള മഞ്ജു വാര്യരുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മൂന്നുപേരും ചെന്നൈയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അസുരനില്‍ മൂന്ന് മക്കളുടെ അമ്മയായി പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്.
അസുരനിലെ കഥാപാത്രം മഞ്ജുവിന്റെ തന്നെ കന്മദത്തിലെ ഭാനുവിനെ ഓര്‍മ്മിപ്പിച്ചുവെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. ധനുഷ് അവതരിപ്പിച്ച ശിവസാമി എന്ന കഥാപാത്രത്തിന് താങ്ങും തണലുമായി നില്‍ക്കുന്നവളാണ് മഞ്ജുവിന്റെ പച്ചൈയമ്മാള്‍. അസുരനിലെ മഞ്ജു വാര്യരുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











