'കമൽഹാസന്റെ അഭിനയം എനിക്കിഷ്ടമാണ്, അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടില്ല... കാരണം ഇതാണ്'; മൻസൂർ അലി ഖാൻ!
മലയാളം, തമിഴ് അടക്കം നിരവധി സിനിമകളിൽ വില്ലനായി അഭിനയിച്ച് ശ്രദ്ധനേടിയ നടനാണ് മൻസൂർ അലി ഖാൻ. 1990 മുതൽ സിനിമയിൽ സജീവമായ താരം ഇതിനോടകം നിരവധി വിവാദങ്ങളിൽ പെടുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിൽ മൻസൂർ അലി ഖാൻ അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ സത്യം ശിവം സുന്ദരമാണ്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ 250 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയുടെ ലിയോ എന്ന ചിത്രത്തിലും സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.
എന്നാൽ കഥാപാത്രത്തെ കുറിച്ച് നടനോ ലിയോ അണിയറപ്രവർത്തകരോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഭാഗമാണെങ്കിലും ഒരിക്കൽ പോലും കമൽഹാസനൊപ്പം മൻസൂർ അലി ഖാൻ അഭിനയിച്ചിട്ടില്ല. അതിനുള്ള കാരണം അടുത്തിടെ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

'കമൽഹാസന്റെ അഭിനയം എനിക്കിഷ്ടമാണ്. എന്നാൽ ഇതുവരെ ഒരു സിനിമയിൽ പോലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടില്ല. ഇനി എപ്പോഴെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കണം. ഗുണയിൽ അഭിനയിക്കാൻ ക്ഷണം വരികയും കരാർ ഒപ്പിടുകയും ചെയ്തിരുന്നു.'
'പക്ഷെ അഭിനയിക്കാൻ സാധിച്ചില്ല. ഗുണയിലെ ഏത് കഥാപാത്രത്തിലേക്കാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. എന്നാൽ അഡ്വാൻസ് അവർ തന്നിരുന്നു. ഗുണ ടീം വന്ന് വസ്ത്രങ്ങളുടെ അളവുകൾ പോലും എടുത്തിരുന്നു. എന്നാൽ സാഹചര്യങ്ങൾ കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും', മൻസൂർ അലി ഖാൻ പറഞ്ഞു.
ലോകേഷ് കനകരാജ് വിക്രമിലേക്കും മൻസൂർ അലി ഖാനെ കാസ്റ്റ് ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ട് സത്യമാണോ എന്ന ചോദ്യത്തെ നടൻ നിഷേധിച്ചു. അവസരം കിട്ടിയാൽ ഞാൻ നിരസിക്കില്ല. ഞാൻ അഭിനയിക്കും. രജനികാന്തിനൊപ്പം പടയപ്പയിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെന്നും മൻസൂർ അലി ഖാൻ അഭിമുഖത്തിൽ പറഞ്ഞു.
മൻസൂർ അലി ഖാനെ നായകനാക്കിയാണ് താൻ കൈതി എഴുതിയതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. കൈതിയിൽ അഭിനയിക്കാനാകാത്തതിന്റെ കാരണമായി മൻസൂർ പറഞ്ഞത് ഇങ്ങനെയാണ്... 'കൈതിയുടെ നിർമ്മാതാവ് എസ്.ആർ പ്രഭുവിനെ കാണാനാണ് എന്നോട് പറഞ്ഞത്. ഞാൻ ആ വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞിരുന്നു.'

'പക്ഷെ അവസരം വന്നപ്പോൾ സർക്കാർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് എന്നെ അറസ്റ്റ് ചെയ്ത് പുഴൽ ജയിലിലേക്ക് അയച്ചു. വ്യക്തമായ കാരണങ്ങൾ ഉള്ളതുകൊണ്ട് അവർക്ക് ഇക്കാര്യം പറയാനാകുമായിരുന്നില്ലെന്നാണ്', മൻസൂർ മറുപടിയായി പറഞ്ഞത്. അടുത്തിടെ മൻസൂറിനെ കുറിച്ച് നടൻ ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
ഒരു ബോധവുമില്ലാത്ത നടനാണ് മൻസൂർ എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. സത്യം ശിവം സുന്ദരം ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഹരിശ്രീ അശോകന് മൻസൂർ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ട്. ഒരു തവണ അടി കൊണ്ടപ്പോൾ താൻ വിലക്കിയെന്നും പിന്നീട് താൻ ദേഷ്യപ്പെട്ടതായും ഒരു ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ എന്നുമാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.


Click it and Unblock the Notifications