'ഞാനും വിജയിയും മത്സരമായിരുന്നു, തന്നെക്കാൾ ഇഷ്ടം അജിത്തിനെയല്ലേയെന്ന് വിജയ് ചോദിച്ചിട്ടുണ്ട്'; നടി മീന
കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കുകയാണ്. ഇതിനിടെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
തമിഴ് ചാനലായ ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിജയിക്കൊപ്പം സിനിമകൾ ചെയ്യാത്തതിനെ കുറിച്ചും അക്കാലഘട്ടത്തിലെ തന്റെ സിനിമാ ജീവിതം എത്തരത്തിലായിരുന്നുവെന്നുമെല്ലാം നടി മീന വെളിപ്പെടുത്തിയത്. തമിഴിലെ ഒട്ടനവധി താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയിക്കൊപ്പം നായികയായി അഭിനയിച്ചിട്ടില്ല മീന.

അതിന് പിന്നിലെ കാരണമെന്താണെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചപ്പോഴാണ് അക്കാലത്തെ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മീന വെളിപ്പെടുത്തിയത്. തൊണ്ണൂറുകളിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു മീന. 'വിജയിക്കൊപ്പം സിനിമകൾ ചെയ്യാൻ രണ്ട് മൂന്ന് ഓഫറുകൾ വന്നിരുന്നു. അതിൽ ഒന്ന് ഫ്രണ്ട്സ് സിനിമയുടെ തമിഴ് റീമേക്കായിരുന്നു.'
'ഫ്രണ്ട്സിന്റെ മലയാളത്തിൽ ഞാൻ തന്നെയായിരുന്നു നായിക. തമിഴിലെ ഫ്രണ്ട്സിൽ എന്നെ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡേറ്റ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ വന്നപ്പോൾ ഡേറ്റ്സ് ഉണ്ടായിരുന്നില്ല. ഒന്നും ഒഴിവാക്കാനും പറ്റിയിരുന്നില്ല. മാത്രമല്ല ഇരുപത് ദിവസമാണ് അവർ ചോദിച്ചത്. ഉടനടി ഷൂട്ട് തുടങ്ങുകയും ചെയ്യും.
'രണ്ട്, മൂന്ന് മാസം കഴിഞ്ഞാണ് അവർ ഡേറ്റ് ആവശ്യപ്പെട്ടതെങ്കിൽ എങ്ങനേയും അഡ്ജസ്റ്റ് ചെയ്ത് കൊടുക്കുമായിരുന്നു. പക്ഷെ സാധിച്ചില്ല. അതുപോലെ തന്നെ ഷാജഹാൻ സിനിമയിലെ ഐറ്റം ഡാൻസ് ചെയ്യാൻ താൽപര്യമില്ലായിരുന്നു. ആ സമയത്ത് നായികമാർ അത്തരത്തിൽ നൃത്തം ചെയ്യുന്ന ട്രെന്റില്ല. അതുകൊണ്ട് തന്നെ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.'
'പക്ഷെ അതിന്റെ നിർമാതാവ് ആർ.ബി ചൗധരി സാറായിരുന്നു. അദ്ദേഹവുമായി എനിക്ക് നല്ലൊരു ആത്മബന്ധമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം നിർബന്ധിക്കുമ്പോൾ ഒഴിഞ്ഞ് മാറാനാവില്ല. അതുകൊണ്ട് മാത്രമാണ് ഷാജഹാനിൽ ഐറ്റം ഡാൻസ് ചെയ്തത്. വിജയിയും ഞാൻ ആ ഡാൻസ് ഷൂട്ട് ചെയ്യുന്ന സമയത്ത് മത്സരിച്ചാണ് അഭിനയിച്ചിരുന്നത്' മീന പറഞ്ഞു.

നായികയിൽ നിന്നും മാറി മകളേയും കൊണ്ട് അമ്മയായി ഷൂട്ടിങ് സെറ്റിൽ പോയപ്പോൾ വിജയി ചോദിച്ച ചോദ്യത്തെ കുറിച്ചും മീന വെളിപ്പെടുത്തി. 'മുമ്പൊക്കെ ഞാൻ നായികയായുളള സിനിമയുടെ സെറ്റിൽ പോകുമ്പോൾ അവിടെ എല്ലാ കാര്യവും നടന്നിരുന്നത് എന്നെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ട് വലിയ കൺഫ്യൂഷൻസ് ഇല്ല. മകളേയും കൊണ്ട് തെറിയുടെ സെറ്റിൽ പോയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ല. എങ്ങനെയാണ് കാര്യങ്ങളെന്ന് അറിയില്ല.'
'മുഴുവൻ കൺഫ്യൂഷനായിരുന്നു. മാത്രമല്ല എനിക്ക് വലുതായി സെറ്റിൽ ഒന്നും ചെയ്യാനുമില്ലായിരുന്നു. അപ്പോഴാണ് എന്റെ അമ്മ വർഷങ്ങളായി എന്ത് മാത്രം ബുദ്ധിമുട്ടിയിരിക്കുമെന്ന് മനസിലായത്. നിങ്ങൾ എന്നെക്കാൾ അജിത്തിനെ ഇഷ്ടമായതുകൊണ്ടല്ലേ അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്തതും എനിക്കൊപ്പം സിനിമകൾ ചെയ്യാതിരുന്നതുമെന്നുമാണ് തെറിയുടെ സെറ്റിൽ ചെന്നപ്പോൾ വിജയ് സാർ എന്നോട് ചോദിച്ചത്.'
'അതുകേട്ട് ഞാൻ കുറെ ചിരിച്ചു. അന്നത്തെ തിരിക്കിനെ കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തിരുന്നു' മീന പറഞ്ഞു. പടയപ്പയിൽ രമ്യ കൃഷ്ണൻ ചെയ്ത നെഗറ്റീവ് റോളിലേക്ക് ആദ്യം പരിഗണിച്ചത് തന്നെയായിരുന്നുവെന്ന് മീന വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ആ വേഷം ചെയ്യേണ്ടെന്ന് അമ്മയാണ് പറഞ്ഞതെന്നും നായികവേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വില്ലത്തിയായി വേഷമിട്ടാൽ അത് കരിയറിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭയമായിരുന്നു അതിന് കാരണമെന്നും എന്നാൽ ആ കഥാപാത്രം ചെയ്യേണ്ടതായിരുന്നുവെന്ന് പിന്നീട് തോന്നിയതായും മീന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications