'മീന ഈ നിലയിലെത്തിയതിന് കാരണം'; വേദിയിൽ തുറന്ന് പറഞ്ഞ് ദേവയാനി; ശ്രദ്ധ നേടി വാക്കുകൾ
തെന്നിന്ത്യൻ സിനിമകളിൽ 90 കളിൽ തരംഗം സൃഷ്ടിച്ച മീനയ്ക്ക് ജനപ്രീതിയിൽ ഇന്നും കുറവില്ല. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന 40 വർഷമായി അഭിനയ രംഗത്ത് തുടരുന്നു. 90കളിലെ മിക്ക നായികമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ മാർക്കറ്റ് ഇടിവ് സംഭവിച്ചെങ്കിലും ഒരു പരിധിവരെ മീന ഈ സാഹചര്യത്തെ മറികടന്നു. വിവാഹശേഷവും മീന സിനിമാ രംഗത്ത് തുടർന്നു. തമിഴകത്തെ ഭാഗ്യ നായികയായാണ് മീന ഒരു കാലത്ത് അറിയപ്പെട്ടത്.
നടി ചെയ്ത മിക്ക സിനിമകളും കലക്ഷൻ റെക്കോഡ് സൃഷ്ടിച്ചു. എല്ലാ ഭാഷകളിലും സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ മീനയ്ക്ക് കഴിഞ്ഞു. രജിനികാന്തിനൊപ്പം ചെയ്ത മുത്തു എന്ന സിനിമ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മലയാളത്തിൽ ഫ്രണ്ട്സ്, ദൃശ്യം തുടങ്ങി വമ്പൻ ഹിറ്റായ സിനിമകൾ മീനയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടി കരിയറിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ അനുമോദനച്ചടങ്ങ് നടന്നത്. രജിനികാന്ത്, ശരത്കുമാർ, ഖുശ്ബു, പ്രഭുദേവ തുടങ്ങിയ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തു.

മീനയെക്കുറിച്ച് വേദിയിൽ നടി ദേവയാനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീനയുടെ ആരാധികയാണ് താനെന്ന് ദേവയാനി പറയുന്നു. '1994-95 ലാണ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വരുന്നത്. മീനയുടെ ആരാധികയായാണ് ഞാൻ വന്നത്. മീനയുടെ സൗന്ദര്യത്തിന്റെയും ആത്മാർത്ഥതയുടെയും ആരാധികയാണ് ഞാൻ. ഈ നാൽപത് വർഷങ്ങളും മനോഹരമായി കടന്ന് വന്നു'
'മീന ഈ ഉയരത്തിലേക്കെത്താൻ കാരണം അവരുടെ അമ്മയാണ്. അമ്മയില്ലെങ്കിൽ ഇതൊരിക്കലും സാധിക്കില്ലായിരുന്നു. ഞങ്ങൾ പല നായികമാരും ഈ നിലയിലെത്തിയതിന് കാരണം അച്ഛനും അമ്മയുമാണ്. സിനിമയുടെ സുവർണ കാലഘട്ടം ആയിരുന്നു അത്. ഞങ്ങളുടെ അമ്മമാർ ഒരുപാട് ത്യാഗം ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾ ഈ നിലയിലെത്തിയത്. മീനയുടെ അമ്മയായാലും രാധിക മാമിന്റെ അമ്മയായാലും എന്റെ അമ്മയായാലും അങ്ങനെയാണ്'

അമ്മയില്ലെങ്കിൽ ഞങ്ങളിൽ ആർക്കും ഇതൊന്നും സാധ്യമാകില്ലായിരുന്നെന്നും ദേവയാനി പറഞ്ഞു. ദേവയാനിയുടെ വാക്കുകൾ കേട്ട് കാണികൾ എല്ലാവരും കൈയടിച്ചു. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾക്ക് ശേഷം സിനിമാ രംഗത്തെ സഹപ്രവർത്തകർ മീനയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭർത്താവിന്റെ മരണത്തിൽ തകർന്ന് പോയ മീനയെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ ഓടിയെത്തി. വിഷമഘട്ടത്തിൽ തനിക്ക് തുണയായത് സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് മീന നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
അനുമോദനച്ചടങ്ങിൽ ഭർത്താവിനെക്കുറിച്ച് മീന സംസാരിക്കുകയും ചെയ്തു. ഭർത്താവിനെയും അച്ഛനെയും ഈ ദിവസം മിസ് ചെയ്യുന്നെന്ന് മീന പറഞ്ഞു. ജീവിച്ചിരുന്നെങ്കിൽ വേദിയിൽ തന്നെക്കാണാൻ മുൻനിരയിൽ അവർ ഇരുന്നേനെ. തന്റെ കരിയറിന് വലിയ പിന്തുണ നൽകിയവരാണ് ഭർത്താവും അച്ഛനുമെന്ന് മീന പറഞ്ഞു.
അമ്മയുടെ നിഴലിൽ നിന്നും മാറി ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം തന്നത് ഭർത്താവാണ്. വിവാഹത്തിന് മുമ്പ് തന്റെ ലോകം സിനിമ മാത്രമായിരുന്നു. എന്നാൽ ഭർത്താവ് വന്ന ശേഷം അതെല്ലാം മാറി. ഒറ്റയ്ക്ക് ഷൂട്ടിംഗിന് പോയിത്തുടങ്ങി. ആരുടെയും മുഖത്തടിച്ചത് പോലെ നോ പറയാൻ എനിക്ക് അറിയില്ലായിരുന്നു. എന്നാൽ പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് പറയാൻ ധൈര്യം തന്നത് ഭർത്താവാണെന്നും മീന പറഞ്ഞു. ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതം മറികടന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് മീന.


Click it and Unblock the Notifications