'ജൂനിയർ അറ്റ്ലി എത്തി....'; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും!
രാജാറാണി അടക്കമുള്ള ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ അറ്റ്ലി കുമാറിനും ഭാര്യ പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നു. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അറ്റ്ലിക്കും ഭാര്യ പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. താരദമ്പതികൾ തന്നെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം ആരാധകരെ അറിയിച്ചത്.
'ഹേയ്... പറഞ്ഞത് ശരിയാണ്.... ഇതുപോലൊരു വികാരം ലോകത്ത് ഇല്ല. ഞങ്ങളുടെ കുഞ്ഞ് വന്നു. രക്ഷാകർതൃത്വത്തിന്റെ ഒരു പുതിയ ആവേശകരമായ സാഹസികത ഇന്ന് ആരംഭിക്കുന്നു.'
'നന്ദിയും സന്തോഷവും അനുഗ്രഹിക്കപ്പെട്ടതായും തോന്നുന്നു' എന്നാണ് മകൻ പിറന്ന സന്തോഷം പങ്കുവെച്ച് അറ്റ്ലിയും പ്രിയയും കുറിച്ചത്.
'ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നുപോവുകയാണെന്നുമാണ്' അറ്റ്ലിയും പ്രിയയും തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് കുറച്ച് നാൾ മുമ്പ് കുറിച്ചത്.

പൂർണഗർഭിണിയായ പ്രിയയ്ക്കൊപ്പം നിൽക്കുന്ന മനോഹര ചിത്രങ്ങളാണ് അറ്റ്ലി അന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ശേഷം പ്രിയയുടെ ബേബി ഷവറും ആഘോഷമായി അറ്റ്ലി നടത്തിയിരുന്നു. തെന്നിന്ത്യയൊട്ടാകെ ബേബി ഷവറിൽ പങ്കെടുക്കാനും താര ദമ്പതികളെ ആശംസിക്കാനും എത്തിയിരുന്നു.
പ്രിയ അറ്റ്ലിയുടെ ബേബി ഷവർ ആഘോഷത്തില്‍ സൂപ്പർതാരം വിജയിയും പങ്കെടുത്തിരുന്നു. ചടങ്ങിൽ വിജയ് എത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവകാർത്തികേയൻ, രമ്യ സുബ്രഹ്മണ്യൻ ഉൾപ്പടെയുള്ള താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

വിജയിയെ നായകനാക്കി തെറി, മെർസൽ, ബിഗിൽ തുടങ്ങി മൂന്ന് സിനിമകളാണ് അറ്റ്ലി സംവിധാനം ചെയ്തത്. കുഞ്ഞ് പിറന്ന സന്തോഷം താരങ്ങൾ പങ്കുവെച്ചതോടെ സൂപ്പർ താരങ്ങളടക്കം ജൂനിയർ അറ്റ്ലിയെ സ്വാഗതം ചെയ്ത് ആശംസകൾ കുറിച്ചു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് പിന്നാലെ 2014ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. ശങ്കറിന്റെ അസോസിയേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലീ രാജാറാണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

പിന്നീട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി മാറി. ഷാറുഖ് ഖാനെ നായകനാക്കി ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി.
ടെലിവിഷൻ അവതാരകയാണ് അറ്റ്ലിയുടെ ഭാര്യ കൃഷ്ണപ്രിയ. നിറത്തിൻ്റെ പേരിൽ നിരവധി തവണ അധിക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട് അറ്റ്ലിക്ക്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അറ്റ്ലി പങ്കുവെക്കുമ്പോഴാണ് സോഷ്യൽമീഡിയ വഴി ബുള്ളിയിങ് അറ്റ്ലിക്ക് നേരിടേണ്ടി വരാറുള്ളത്.

കുറച്ച് നാളുകൾക്ക് മുമ്പ് സൈബറിടങ്ങളിൽ അറ്റ്ലി ഷാരൂഖിനൊപ്പം ഇരിക്കുന്ന ചിത്രമുപയോഗിച്ച് മീം ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന കറുത്ത ഷര്‍ട്ട് ധരിച്ച അറ്റ്ലിയുടെ ചിത്രമാണ് ഏറെ പ്രചരിച്ചത്.
വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ബിഗിലിൻ്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ വെച്ചായിരുന്നു അറ്റ്ലി ഇക്കാര്യത്തിൽ പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.

'ഒരു കാര്യം പറയട്ടെ... ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്ന് പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. അവൻ നല്ല കറുപ്പാണല്ലോ... ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ എന്നൊക്കെ.'
'സത്യത്തിൽ എന്റെ ഹേറ്റേഴ്സിനാണ് എന്നെ കൂടുതലിഷ്ടം. കാരണം എന്നെ ഇഷ്ടപ്പെടുന്ന ആരാധകർ ദിവസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്നെ ഇഷ്ടമില്ലാത്തവർ ദിവസത്തിൽ നൂറ് തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും.'
'അത് യഥാർത്ഥത്തിൽ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ. കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങൾ മാത്രം' എന്നാണ് അന്ന് അറ്റ്ലി പറഞ്ഞത്. അന്ന് അറ്റ്ലിയുടെ വാക്കുകൾ വലിയ രീതിയിൽ വൈറലായിരുന്നു.


Click it and Unblock the Notifications











