'വിവാഹ മോചനത്തിന് വക്കീലിനെ കണ്ടു; ഭാര്യയെക്കുറിച്ച് പരാതിപ്പെടണം; അതിനേക്കാൾ നല്ലത് എന്നെ കൊല്ലുന്നത്'
വ്യത്യസ്തമായ സിനിമകളുടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് മിസ്കിൻ. മിസ്കിൻ സിനിമകളുടെ പ്രത്യേകത പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. ഹൊറർ, ത്രില്ലർ സിനിമകളിലെ മിസ്കിൻ മികവ് വേറിട്ട് നിൽക്കാറുണ്ട്. തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് മിസ്കിന്റേത്. ഇഷ്ടപ്പെട്ട അഭിനേതാക്കളെ പ്രശംസിക്കാൻ മിസ്കിൻ മടിക്കാറില്ല. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് മിസ്കിൻ.
ഭാര്യയുമായി അകന്നതിനെക്കുറിച്ച് സംവിധായകൻ തുറന്ന് സംസാരിച്ചു. ഭാര്യയുടെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടല്ല താൻ ബന്ധം പിരിഞ്ഞതെന്ന് മിസ്കിൻ പറയുന്നു. അവളുമായി ഞാൻ പിരിഞ്ഞു. അത് ദുഖകരമാണ്. എന്നെ അതിശയിപ്പിച്ച വ്യക്തിയാണവൾ. അവളാണ് എന്നോട് പ്രണയം പറഞ്ഞത്. നല്ല സ്ത്രീയാണവൾ.

അവളുമായി പിരിയരുതായിരുന്നു. ഒരിക്കലും അവളോട് ദേഷ്യപ്പെടുകയോ കൈ ഉയർത്തുകയോ ചെയ്തിട്ടില്ല. ലോകത്തിൽ ആരുമായി പിരിഞ്ഞാലും അമ്മയുമായി പിരിയരുതെന്ന് ഞാൻ മകളോട് പറഞ്ഞിട്ടുണ്ട്. എന്നേക്കാൾ നല്ലയാളാണവൾ. ഞാൻ സമ്പാദിക്കുന്നതെല്ലാം അവൾക്ക് വേണ്ടിയാണ്. ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും നല്ലയാൾ എന്റെ മകളുടെ അമ്മയാണ്. ഞാനീ പറയുന്നതെല്ലാം അവൾ കേൾക്കും.
എനിക്കവളോട് ഒരു പരാതിയും ഇല്ല. ഡിവോഴ്സ് വേണമെന്ന് തീരുമാനിച്ച് ഒരു വക്കീലിനെ കണ്ട് സംസാരിച്ചു. അവൾക്കെതിരെ എന്തെങ്കിലും പരാതി ഉന്നയിച്ചാലേ ഡിവോഴ്സ് ലഭിക്കൂ എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ ഡിവോഴ്സ് വേണ്ടെന്ന് ഞാൻ പറഞ്ഞു. കാരണം അവൾ അത്രയും നല്ല വ്യക്തിയാണ്. അവളെക്കുറിച്ച് തെറ്റായി പറയുന്നതിനേക്കാൾ നല്ലത് എനിക്ക് എന്നെ കൊല്ലുന്നതാണ്. ഒരു അണു പോലും അവളിൽ ഞാൻ തെറ്റ് കണ്ടിട്ടില്ല.

53 വർഷത്തിനിടെ ഒരു സ്ത്രീ പോലും എന്നോട് മോശമായി ഒരു കാര്യവും ചെയ്തിട്ടില്ല. പുരുഷൻമാർ എന്നോട് വലിയ തെറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളെ താനെന്നും ബഹുമാനിക്കുന്നെന്നും മിസ്കിൻ വ്യക്തമാക്കി. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള പ്രണയമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പൊസസീവ് ആയ പ്രണയമായിരുന്നു. മുതിർന്നപ്പോൾ കാമം കലർന്ന പ്രണയം. അതിന് ശേഷം കാമമേ ഇല്ലാത്ത പ്ലാറ്റോണിക് ആയ ബന്ധം.
പിന്നീട് ജീവിതാവസാനം വരെ കൂടെയുണ്ടാകണമെന്ന പ്രണയം. അതെല്ലാം പോയി. അതാണ് ഭംഗി. അതിന് ശേഷം ഭാര്യയുടെ കടന്ന് വരവ്. എന്നെ എത്ര മാത്രം അവൾ ശ്രദ്ധിക്കുന്നു, ഭക്ഷണമുണ്ടാക്കി തരുന്നു, ബോറടിക്കില്ലേ എന്ന് തോന്നിയിട്ടുണ്ടെന്നും മിസ്കിൻ പറയുന്നു. നേരത്തെയും ഒരു അഭിമുഖത്തിൽ മിസ്കിൻ ഭാര്യയുമായി അകന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
മകളിലൂടെയാണ് ഇപ്പോൾ ഭാര്യയുമായി സംസാരിക്കുന്നതെന്ന് അന്ന് മിസ്കിൻ വ്യക്തമാക്കി. 2006 ൽ ചിത്തിരം പേസുതടി എന്ന സിനിമയിലൂടെയാണ് മിസ്കിൻ സംവിധാന രംഗത്ത് തുടക്കം കുറിക്കുന്നത്. അഞ്ജാതെ, യുദ്ധം സെയ്, പിസാച്, സൈക്കോ തുടങ്ങിയവയാണ് മിസ്കിന്റെ ശ്രദ്ധേയ സിനിമകൾ. സംവിധായകന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











