അയാളോടൊപ്പം ജീവിക്കേണ്ട, പക്ഷെ പ്രണയിക്കണം; മകൾക്ക് നൽകിയ ഉപദേശം; സംവിധായകൻ മിസ്കിൻ
വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് മിസ്കിൻ. അഭിനയത്തിലും മിസ്കിൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതിനപ്പുറം വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കാൻ മിസ്കിന് സാധിച്ചു. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ആരാധനയെക്കുറിച്ചുമെല്ലാം മിസ്കിൻ തുറന്ന് സംസാരിക്കാറുണ്ട്. നടി ഷംന കാസിമിനോട് തനിക്കുള്ള ആരാധനയെക്കുറിച്ച് മിസ്കിൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.
ഷംനയുടെ മകനായി ജനിക്കാൻ പോലും തനിക്ക് തോന്നിയെന്ന് മിസ്കിൻ പറയുകയുണ്ടായി. ഭാര്യയുമായി വേർപിരിഞ്ഞതിനെക്കുറിച്ചും മിസ്കിൻ സംസാരിച്ചിട്ടുണ്ട്. വേർപിരിയാമെന്ന് ഭാര്യയോട് താനങ്ങോട്ട് പറയുകയായിരുന്നെന്നും ഭാര്യ അന്ന് കരഞ്ഞെന്നും മിസ്കിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു മകളും സംവിധായകനുണ്ട്. പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെ പറ്റി സംസാരിക്കുകയാണ് മിസ്കിനിപ്പോൾ. പ്രണയം മനോഹരമായ വികാരമാണെന്ന് മിസ്കിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

കാമത്തിനപ്പുറം പ്രണയത്തിൽ കരുണയും സ്നേഹവും ഭംഗിയുമുണ്ടാകും. ജീവിതത്തിൽ ഒരിക്കൽ അങ്ങനെയൊരു പ്രണയം എനിക്കുണ്ടായിട്ടുണ്ട്. അങ്ങനെയൊരു പ്രണയമുണ്ടാകണമെന്ന് മകളോട് ഞാൻ പറയാറുണ്ട്. അങ്ങനെയൊരു മനുഷ്യനെ കണ്ട് പിടിക്ക്. അവനൊപ്പം ജീവിക്കേണ്ട ആവശ്യമില്ല. 50 വർഷം അവന്റെ ഭാര്യയായി കഴിഞ്ഞില്ലെങ്കിലും കുറച്ച് കാലം ആ മനുഷ്യനെ സ്നേഹിക്കൂ. ആ പ്രണയം പോയാലും അത് നിന്നിലുണ്ടാക്കിയ മാറ്റങ്ങൾ നിനക്കൊപ്പമുണ്ടാകുമൊന്നും മകളോട് പറയാറുണ്ട്.
എന്റെ കാമുകി എന്നെ വിട്ട് പോയി. പക്ഷെ അവൾ തന്ന സമ്മാനം എനിക്കൊപ്പമുണ്ട്. എങ്ങനെ ജീവിതത്തെ കാണണം എന്ന് എനിക്കവൾ പറഞ്ഞ് തന്നു. ഇപ്പോഴും ഞാനങ്ങനെയാണ് ജീവിക്കുന്നത്. പിരിഞ്ഞ് പോയതിൽ കുറച്ച് പോലും ദുഖമില്ല. പിരിയുമ്പോൾ വിഷമം തോന്നിയെങ്കിലും ഇന്ന് സുഖമുണ്ട്. അത് സ്പിരിച്വലാണ്. എവിടെയാണെങ്കിലും അവൾ നന്നായി ജീവിക്കണം എന്നാഗ്രഹിക്കുന്നെന്നും മിസ്കിൻ വ്യക്തമാക്കി.

പ്രണയിക്കുന്നതിനെ സമൂഹം തെറ്റായി കാണുന്നെന്നും അത് ശരിയല്ലെന്നും മിസ്കിൻ ചൂണ്ടിക്കാട്ടി. എന്റെ മകൾ 50 വർഷം ഇഷ്ടപ്പെടാത്ത, വായ് നാറ്റമുള്ള, പുസ്തകം പഠിക്കാത്ത മനുഷ്യനൊപ്പം 50 വർഷം ജീവിക്കുന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല. മക്കളുടെ സന്തോഷത്തിന്റെ ഉത്തരവാദിത്തം നമ്മൾക്കുണ്ടെന്നും മിസ്കിൻ വ്യക്തമാക്കി.
മുൻ ഭാര്യയെക്കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ മിസ്കിൻ സംസാരിച്ചിട്ടുണ്ട്. ഡിവോഴ്സ് തരാൻ പറ്റില്ലെന്ന് പറഞ്ഞ് ഭാര്യ പറഞ്ഞിരുന്നു. അവൾ കരഞ്ഞു. ബന്ധത്തിൽ നിന്ന് പുറത്ത് വരണമെന്ന് എനിക്ക് തോന്നി. കുഞ്ഞിനെ വിട്ടാണ് വന്നത്. അമ്മയെ നല്ല രീതിയിൽ നോക്കണമെന്ന് മകളോട് പറഞ്ഞിരുന്നു. താൻ സിനിമയെ വിവാഹം ചെയ്തു.
എനിക്ക് സിനിമ മാത്രം മതി. ഭാര്യ തന്നോട് മോശമായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് പെട്ടെന്ന് ബോറടിച്ചു. എന്നാൽ ബോറടി കൊണ്ട് മാത്രമല്ല ബന്ധം വേർപിരിഞ്ഞതെന്നും മിസ്കിൻ അന്ന് വ്യക്തമാക്കി. പിന്നീടൊരു പ്രണയം ഉണ്ടായി. എന്നാൽ പിന്നീട് ഈ ബന്ധവും പിരിഞ്ഞു. അതിൽ തനിക്ക് വിഷമമില്ലെന്നും മിസ്കിൻ വ്യക്തമാക്കി.


Click it and Unblock the Notifications











