ഒരുമിച്ച് സീനുണ്ടായിട്ടും ഞങ്ങൾ മിണ്ടിയില്ല, നയൻതാര മറ്റുള്ളവരോട് എങ്ങനെയെന്ന് അറിയില്ല; പക്ഷെ…; നമിത
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് നമിത. ഗ്ലാമറസ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നമിത തമിഴ് സിനിമാ ലോകത്തെ ഹോട്ട് ഐക്കണായി അഭിപ്രായപ്പെട്ടു. ഗുജറാത്തുകാരിയാണ് നമിത. തമിഴ്, തെലുങ്ക് സിനിമാ ലോകമാണ് നമിതയെ ഇന്നത്തെ താരമാക്കി മാറ്റിയത്. ഫാഷൻ രംഗത്ത് നിന്നാണ് നമിത അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നമിതയെ തേടി നിരവധി അവസരങ്ങളെത്തി.
എന്നാൽ പരാജയ സിനിമകൾ വന്നതോടെ നമിതയുടെ താരമൂല്യം ഇടിഞ്ഞു. തമിഴ്, തെലുങ്ക് സിനിമകളിൽ അവസരം കുറഞ്ഞതോടെ കന്നഡ സിനിമകളിലേക്ക് അക്കാലത്ത് നടി ശ്രദ്ധ തിരിച്ചു. സിനിമാ രംഗത്ത് ഒരു ഘട്ടത്തിൽ നമിതയെ കാണാതായി. 2016 ൽ തിരിച്ച് വരവ് നടത്തിയെങ്കിലും വലിയ അവസരങ്ങളൊന്നും നടിയെ തേടി വന്നില്ല. ബിഗ് ബോസ് തമിഴിലും നമിത മത്സരാർത്ഥിയായെത്തി. നമിതയുടെ കരിയറിലെ വൻ ഹിറ്റ് സിനിമകളിൽ ഒന്നാണ് ബില്ല.

അജിത്ത്, നയൻതാര എന്നിവർ പ്രധാന വേഷം ചെയ്ത ബില്ലയിൽ നമിതയ്ക്കും പ്രധാന വേഷമാണ് ലഭിച്ചത്. നമിതയുടെയും നയൻതാരയുടെയും ഗ്ലാമറസ് രംഗങ്ങൾ അന്ന് ആരാധക ശ്രദ്ധ നേടി. കഴിഞ്ഞ ദിവസമാണ് ബില്ലയുടെ റീ റിലീസ് പ്രഖ്യാപിച്ചത്. ബില്ലയിൽ നയൻതാരയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ നമിത. ഒരുമിച്ച് അഭിനയിച്ചെങ്കിലും തങ്ങൾ തമ്മിൽ അധികം സംസാരിച്ചിട്ടില്ലെന്ന് നമിത പറയുന്നു.
നയൻതാരയുമായി വളരെ കുറച്ചേ സംസാരിച്ചിട്ടുള്ളൂ. അവർ മറ്റ് ആർട്ടിസ്റ്റുകളോടൊപ്പം എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ ആരോടും സംസാരിക്കാറില്ല. ഞാൻ എന്റെ സീനുകൾ ചെയ്യും. അവൾ അവളുടെ സീനും. ഒരുമിച്ചുള്ള സീനിൽ പോലും തങ്ങൾ രണ്ട് പേരും സംസാരിക്കില്ലായിരുന്നെന്നും നമിത വ്യക്തമാക്കി.

നായകനായ അജിത്തും അധികം സംസാരിക്കാത്ത ആളാണെന്നും എന്നാൽ നടൻ വളരെ പ്രൊഫഷണലാണെന്നും നമിത പറയുന്നു. എല്ലാവരും കരുതുന്നത് നമിതയ്ക്ക് വലിയ ആറ്റിറ്റ്യൂഡ് ഉണ്ടെന്നാണ്. എന്നാൽ അങ്ങനെയല്ല. ഞാൻ ഒതുങ്ങിയ പ്രകൃതക്കാരിയാണ്. അധികം സംസാരിക്കില്ല. ഡയലോഗ് പഠിക്കുകയോ പുസ്തകം വായിക്കുകയോ ആണ് സെറ്റിൽ താൻ ചെയ്യാറെന്നും നമിത വ്യക്തമാക്കി.
ബില്ലയിൽ അഭിനയിച്ചപ്പോഴുള്ള മറ്റ് അനുഭവങ്ങളും നമിത പങ്കുവെച്ചു. ഒരുപാട് ഡയലോഗുകളില്ല. ബോഡി ലാംഗ്വേജിനാണ് പ്രാധാനമെന്ന് സംവിധായകൻ പറഞ്ഞു. പാലത്തിന് മുകളിൽ വെച്ച് അജിത്തുമായുള്ള സീനുണ്ട്. ആ ഒരു സീനാണ് പ്രധാനമായുമുള്ളത്. അല്ലാതെ അധികം സീനുകളില്ല, നിങ്ങളുടെ കണ്ണുകൾ സംസാരിക്കണമെന്ന് സംവിധായകൻ പറഞ്ഞെന്നും നമിത ഓർത്തു.
ബില്ലയോട് തന്റെ കഥാപാത്രത്തിന് വലിയ സ്നേഹമാണ്. പ്രൊട്ടക്ടീവാണ്. അസൂയയും സ്നേഹവുമുള്ള കഥാപാത്രമായിരുന്നു തന്റേതെന്നും നമിത വ്യക്തമാക്കി. സിജെ എന്ന കഥാപാത്രത്തെയാണ് ബില്ലയിൽ നമിത അവതരിപ്പിച്ചത്. ബില്ലയുടെ തെലുങ്ക് പതിപ്പിലും ഈ കഥാപാത്രം നമിത തന്നെയാണ് ചെയ്തത്. അജിത്തിന് പകരം പ്രഭാസും നയൻതാരയ്ക്ക് പകരം അനുഷ്ക ഷെട്ടിയും തെലുങ്ക് പതിപ്പിൽ അഭിനയിച്ചു.


Click it and Unblock the Notifications











