ജീവന് തുല്യം സ്നേഹിച്ചവർക്കായി പച്ചകുത്തി; തകർന്നിടത്ത് നിന്നും ഉയർന്ന് വന്നവർ; നയൻസും ദീപികയും
സെൻസേഷനായി മാറിയ നടിമാർ ഒരുപാടുണ്ടെങ്കിലും സൂപ്പർതാര പദവി നേടാൻ കഴിഞ്ഞ നടിമാർ ഇന്ത്യൻ സിനിമയിൽ വിരളമാണ്. ഇനി താര പദവി ലഭിച്ചാൽ തന്നെ നായകൻമാരെ പോലെ ദീർഘകാലം ഈ താരത്തിളക്കം നടിമാർക്ക് നിലനിർത്താനും സാധിക്കാറില്ല. എന്നാൽ ഈ രീതിക്ക് മാറ്റം വരുത്താൻ കഴിഞ്ഞ രണ്ട് പേരാണ് നയൻതാരയും ദീപിക പദുകോണും. ദീപിക ബോളിവുഡിലെ ക്യൂൻ ആയി മാറിയപ്പോൾ നയൻതാര തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി.
ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നടിമാരാണ്
ദീപികയും നയൻതാരയും. നയൻതാര നായികയായെത്തിയ പുതിയ ചിത്രം ജവാനിൽ ദീപിക പദുകോൺ അതിഥി വേഷം ചെയ്തിട്ടുണ്ട്. കരിയറിലെ സാമ്യതകൾക്കൊപ്പം വ്യക്തി ജീവിതത്തിലും ചില സമാനതകൾ ദീപികയ്ക്കും നയൻതാരയ്ക്കുമുണ്ട്. പ്രണയത്തകർച്ചയിൽ വീണ് പോയി വീണ്ടും ശക്തമായി ജീവിതം തിരികെ പിടിച്ചവരാണ് നയൻതാരയും ദീപികയും.

നടൻ രൺബീർ കപൂറുമായുള്ള ദീപികയുടെ പ്രണയവും ബ്രേക്കപ്പും ബോളിവുഡിൽ ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. 2007 ൽ പ്രണയത്തിലായ രൺബീറും ദീപികയും രണ്ട് വർഷത്തനുള്ളിൽ പ്രണയം അവസാനിപ്പിച്ചു.
രൺബീറുമായി കടുത്ത പ്രണയത്തിലായ ദീപിക നടന്റെ പേരിലെ അക്ഷരങ്ങൾ ശരീരത്തിൽ ടാറ്റൂ ചെയ്തു. എന്നാൽ ഈ ബന്ധത്തിൽ രൺബീർ ആത്മാർത്ഥത കാണിച്ചിരുന്നില്ല. സുഹൃത്തുക്കൾ വരെ നടിക്ക് മുന്നറിയിപ്പ് നൽകിയിട്ടും രൺബീറുമായി അകലാൻ ദീപിക തയ്യാറായില്ല.
എന്നാൽ നടൻ തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയതോടെ ദീപിക പദുകോൺ ബന്ധം ഉപേക്ഷിച്ചു. ദീപികയെ തകർത്ത് കളഞ്ഞ സംഭവമായിരുന്നു ഇത്. ഈ ബന്ധം പിരിഞ്ഞ ശേഷം പ്രണയ ബന്ധങ്ങളിൽ താൻ കുറേക്കൂടി ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് ദീപിക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ബ്രേക്കപ്പിന് ശേഷം കരിയറിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയ ദീപികയെ തേടി വിജയങ്ങളെത്തി. 2013 ന് ശേഷം നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന് താരമൂല്യത്തിൽ രൺബീറിനേക്കാൾ മുന്നിലാണ് ദീപിക. ബ്രേക്കപ്പ് സമയത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പിന്നീട് ഇരുവരും സുഹൃത്തുക്കളായി. തമാശ, യഹ് ജവാനി ഹെ ദിവാനി എന്നീ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു. നടൻ രൺവീർ സിംഗിനെയാണ് ദീപിക പിന്നീട് വിവാഹം ചെയ്തത്. ദീപികയ്ക്ക് ശേഷം രൺബീർ കത്രീന കൈഫുമായി പ്രണയത്തിലായി. ഇവർ ലിവ്‍ ഇൻ റിലേഷനിലേക്കും കടന്നു.
എന്നാൽ ആറു വർഷത്തിനുള്ളിൽ ഈ ബന്ധവും അവസാനിച്ചു. പിന്നീട് ആലിയ ഭട്ടുമായി അടുത്ത രൺബീർ നടിയെ വിവാഹവും ചെയ്തു. മറുവശത്ത് നയൻതാരയുടെ പ്രണയ കാലം ദീപികയേക്കാൾ സംഭവ ബഹുലമായാണ് മുന്നോട്ട് പോയത്. പ്രഭുദേവയുമായുള്ള നടിയുടെ ബന്ധം തമിഴകത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല.
നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവ നയൻതാരയുമായി അടുത്തപ്പോൾ താരത്തിന്റെ ആദ്യ ഭാര്യ റംലത്ത് നയൻസിനെതിരെ രംഗത്ത് വരുന്ന സാഹചര്യം ഉണ്ടായി. പ്രഭുദേവയുമായി കടുത്ത പ്രണയത്തിലായ നയൻതാര ഇദ്ദേഹത്തിന്റെ പേര് കൈയിൽ പച്ച കുത്തുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിൽ നയൻതാരയ്ക്കെതിരെ പ്രതിഷേധങ്ങൾ വരെ അക്കാലത്ത് നടന്നു. ഇതാെന്നും ഗൗനിക്കാതെ ബന്ധവുമായി മുന്നോട്ട് പോയിട്ടും ഒരു ഘട്ടത്തിൽ നയൻതാരയ്ക്ക് പ്രണയം ഉപേക്ഷിക്കേണ്ടി വന്നു. നടി ഏറെ തകർന്ന് പോയ കാലഘട്ടമായിരുന്നു അത്. പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാനും സിനിമാ രംഗം വിടാനുമായിരുന്നു നയൻതാരയുടെ തീരുമാനം. പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി ബന്ധം തകർന്നു. ലൈം ലൈറ്റിൽ നിന്നും മാറി നിന്ന നയൻതാര പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി.


Click it and Unblock the Notifications