നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹത്തീയതി തീരുമാനിച്ചു? കാത്തിരിപ്പിനൊടുവില്‍ താരവിവാഹം!
തെന്നിന്ത്യന്‍ സിനിമാലോകത്തെ സ്വന്തം താരങ്ങളിലൊരാളാണ് നയന്‍താര. മലയാളത്തിലൂടെ തുടങ്ങി പിന്നീട് അന്യഭാഷകളിലും സജീവമാവുകയായിരുന്നു താരം. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് നയന്‍സ് തെന്നിന്ത്യന്‍ താരറാണിയായി മാറിയത്. സിനിമ സ്വീകരിക്കുന്ന കാര്യങ്ങളിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തമായ അഭിപ്രായമുണ്ട് താരത്തിന്. അഭിനയത്തിന് പുറമെ ഇടയ്ക്ക് നിര്‍മ്മാതാവായും താരമെത്തിയിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ താരത്തെക്കുറിച്ച് ഗോസിപ്പുകളും ഇറങ്ങിയിരുന്നു.
ചിമ്പുവും പ്രഭുദേവയുമൊക്കെയായുള്ള ബന്ധവും ബ്രേക്കപ്പുമൊക്കെയായിരുന്നു ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും മൗനം പാലിക്കാറാണ് നയന്‍സ്. 4 വര്‍ഷം മുന്‍പായിരുന്നു നയന്‍സും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരും പരിചയത്തിലായത്. നയന്‍താരയുടെ ലാളിത്യമാര്‍ന്ന പെരുമാറ്റമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രണയത്തിലാണെന്ന കാര്യം വിഘ്‌നേഷ് ശിവന്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. വിശേഷ ദിനങ്ങളിലെല്ലാം ആശംസയുമായെത്താറുണ്ട്. നയന്‍താരയും കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. എല്ലാവരേയും അറിയിച്ച് തന്നെയായിരിക്കും വിവാഹമെന്നും ഒളിച്ചോട്ടത്തിന് താല്‍പര്യമില്ലെന്നും താരം നേരത്തെ തന്നെ പറഞ്ഞിരുന്നു.
Recommended Video

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ഇടയ്ക്കിയക്ക് പുറത്തുവരാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് ഇവരുടെ വിവാഹം കഴിഞ്ഞെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു. ആ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി ഇവരോട് അടുത്ത വൃത്തങ്ങള്‍ എത്തുകയായിരുന്നു. നവംബറില്‍ വിവാഹിതരാവാനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാലോകവും ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയാണിത്. വിവാഹത്തീയതി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇരുവരും ക്വാറന്റൈനിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരങ്ങളെത്തിയത്. ഇരുവരും ചികിത്സ തേടിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നായിരുന്നു അടുത്ത വൃത്തങ്ങളും പറഞ്ഞത്. വിഘ്‌നേഷിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചും നയന്‍താര എത്തിയിരുന്നു. എപ്പോഴും എന്ന ക്യാപ്ഷനായിരുന്നു താരം ചിത്രത്തിന് കീഴിലായി നല്‍കിയത്. ഈ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications