'അന്നേ ഞാനത് തിരിച്ചറിഞ്ഞു'; നയൻസിന് ഇരട്ടക്കുട്ടികൾ ജനിച്ചതിന് പിന്നാലെ കലാ മാസ്റ്റർ
തെന്നിന്ത്യൻ സിനിമാ ലോകത്ത് ആഘോഷമായിരിക്കുകയാണ് നയൻതാരക്കും വിഘ്നേശ് ശിവനും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന വാർത്ത. ഉയിർ, ഉലകം എന്നീ പേരുകളാണ് രണ്ട് ആൺകുട്ടികൾക്കും വിഘ്നേശ് ശിവനും നയൻസും നൽകിയിരിക്കുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് ദമ്പതികൾ കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ പല വിധ ചർച്ചകൾക്കാണ് വിഷയം തുടക്കം കുറിച്ചിരിക്കുന്നത്. നയൻസിന്റെയും വിഘ്നേശിന്റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസം ആയിട്ടേ ഉള്ളൂ.

എന്നാൽ ഇത്തരം സ്വകാര്യതകളിൽ ഇടപെടുന്നത് എന്തിനെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് വിഘ്നേശ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർവമായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്.
ഇപ്പോഴിതാ കുഞ്ഞുങ്ങൾ പിറന്നതിൽ നയൻതാരയ്ക്കും വിഘ്നേശ് ശിവനും ആശംസകൾ അറിയിച്ചിരിക്കുകയാണ് കൊറിയോഗ്രാഫർ കലാ മാസ്റ്റർ. നയൻതാരയുടെ അടുത്ത സുഹൃത്താണിവർ. തനിക്ക് വളരെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നതെന്നും നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണെന്നും കലാ മാസ്റ്റർ പറഞ്ഞു.

'എനിക്ക് വളരെ സന്തോഷമുണ്ട്. നയൻതാര ജീവിതത്തിൽ ഒരുപാട് അധ്വാനിച്ച് ഒരു ലെവലിൽ വന്ന് സൂപ്പർസ്റ്റാർ ആയി പേരു വാങ്ങി. വിക്കിയെ പോലെ ഒരു കഠിനാധ്വാനിയെ കാണാൻ കഴിയില്ല. രണ്ട് പേരും പരസ്പരം വളരെയധികം മനസ്സിലാക്കുന്നവരാണ്. അവർക്ക് രണ്ട് പേർക്കും രണ്ട് രാജാക്കൻമാർ പിറന്നതിൽ ഒരുപാട് സന്തോഷം. നയൻതാരയെ പോലെ ഒരു അധ്വനാനിയെ കാണാൻ കഴിയില്ല. എല്ലാ കാര്യത്തിലും കറക്ട് ആണ്. എല്ലാവരോടും സ്നേഹം കാണിക്കും'

'നയൻ സൂപ്പർ സ്റ്റാർ അല്ലേ, സംസാരിക്കുമോ ഇല്ലയോ എന്ന് പലരും സംശയിക്കും. പക്ഷെ എയർപോർട്ടിൽ പോവുമ്പോൾ ആരെങ്കിലും സെൽഫി എടുത്തോട്ടെയെന്ന് ചോദിച്ചാൽ നോ എന്ന് പറയില്ല. അങ്ങനെയാെരു ക്യാരക്ടർ ഉള്ള പെണ്ണാണ്. എല്ലാവരോടും സ്നേഹം ആണ്. ആർക്കെങ്കിലും പ്രശ്നമാണെന്ന് അറിഞ്ഞാൽ ഉടനെ സഹായിക്കുന്ന ആളാണ്. വിക്കി അസിന്റന്റുമാരെ സഹോദരിയും സഹോദരനുമായാണ് കാണുന്നത്'

'അവരുടെ കല്യാണവും വളരെ ഭംഗിയായി ദേവതയ്ക്ക് നടന്നത് പോലെ നടന്നു. ഇപ്പോൾ ഭംഗിയുള്ള രാജാക്കൾ പിറന്നിരിക്കുന്നു. കുഞ്ഞുങ്ങളെന്നത് സാധാരണ വിഷയം അല്ല. നയൻതാരയ്ക്ക് കുഞ്ഞുങ്ങൾ എന്നാൽ വളരെയധികം ഇഷ്ടമാണ്'
'കാതുവാക്ക്ല രണ്ട് കാതൽ എന്ന സിനിമയിൽ അവരുടെ സഹോദരനായി ഒരു കുട്ടി അഭിനയിച്ചിട്ടുണ്ട്. ആ പയ്യനെ അത്രയധികം അവർ ശ്രദ്ധിച്ചിരുന്നു. നമ്മൾ ക്ഷീണിക്കും. പക്ഷെ അവൾ ആ കുട്ടിയെ നല്ല പോലെ നോക്കി. അവൾക്ക് കുട്ടികളെ വളരെ ഇഷ്ടമാണെന്ന് അപ്പോഴേ തിരിച്ചറിഞ്ഞു,' കലാ മാസ്റ്റർ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സ് തമിഴിനോടാണ് പ്രതികരണം
നേരത്തെ വിവാഹം കഴിഞ്ഞ സമയത്തും നയൻതാരയെക്കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. സ്വയം അധ്വാനിച്ച് ജീവിതത്തിൽ വിജയം കൈവരിച്ച ശേഷമാണ് നയൻതാര വിവാഹത്തിലേക്ക് കടന്നതെന്നും മികച്ച തീരുമാനമാണിതെന്നുമായിരുന്നു കലാ മാസ്റ്റർ പറഞ്ഞത്.


Click it and Unblock the Notifications