നയന്‍താരയും മാതൃകയായി! ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കി സഹായിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍
കെറോണ വൈറസ് രാജ്യത്തും വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നതിനാല്‍ സാധാരണക്കാരായ ആളുകളും ദുരിതത്തിലാണ്. എല്ലാവരെയും സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സര്‍ക്കാര്‍. അവര്‍ക്ക് വലിയ സഹായങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്.
തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സാമ്പത്തിക സഹായം നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് തമിഴ് ഇന്‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്കായി 20 ലക്ഷം രൂപയാണ് നയന്‍താര നല്‍കിയിരിക്കുന്നത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി)യ്ക്ക് ആണ് നടി തുക കൈമാറിയത്.

വിജയ് സേതുപതി, രജനികാന്ത്, വിജയ്, സൂര്യ, തുടങ്ങി തമിഴിലെ മുന്‍നിര താരങ്ങളെല്ലാവരും തന്നെ സാമ്പത്തികമായിട്ടും അല്ലാതെയും സഹായിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ നായികമാരെ ആരെയും കാണാന്‍ ഇല്ലല്ലോ എന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു. അവര്‍ക്ക് മുന്നിലേക്കാണ് ഇരുപത് ലക്ഷം രൂപ സംഭാവനയായി നല്‍കി നയന്‍താര മാതൃകയായത്.
നടി ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ ഫെഫ്‌സിയ്ക്ക് കൈമാറിയിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന ആളുകള്‍ക്ക് ജോലി ഇല്ലാതായ സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് നയന്‍താരയും സഹായവുമായി എത്തിയത്.

തെലുങ്ക് സിനിമയിലെ താരങ്ങളാണ് വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കി എല്ലാവരെയും ഞെട്ടിച്ചത്. നടന്‍ മഹേഷ് ബാബു ഒരു കോടി രൂപയാണ് കൊടുത്തത്. ബാഹുബലി നായകന്‍ പ്രഭാസ് നാല് കോടി രൂപയും നല്‍കി. പവന്‍ കല്യാണ്‍ രണ്ട് കോടി രൂപയും രാം ചരണ്‍ 70 ലക്ഷവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ജൂനിയര്‍ എന്‍ടിആര്‍ 75 ലക്ഷവും നടന്‍ നിധിന്‍ പത്ത് ലക്ഷം രൂപയും നല്‍കി.
ബോളിവുഡില്‍ നിന്നും നടന്‍ അക്ഷയ് കുമാറാണ് ഞെട്ടിക്കുന്ന സഹായ വാഗ്ദാനം നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി രൂപയാണ് അക്ഷയ് നല്‍കാമെന്ന് അറിയിച്ചത്. അങ്ങനെ ഒരുപാട് താരങ്ങളാണ് വലിയ സാമ്പത്തിക സഹായങ്ങളുമായി സര്‍ക്കാരിനൊപ്പം ചേര്‍ന്നിരിക്കുന്നത്.


Click it and Unblock the Notifications