വൈ...!; ദേഷ്യപ്പെട്ട് നയൻതാര; തമിഴകത്തെ ഇങ്ങനെ വെറുപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന് അഭിപ്രായങ്ങൾ
ബോളിവുഡിലെ പോലെ ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്തും പാപ്പരാസി ഫോട്ടോഗ്രാഫർമാരുടെ എണ്ണം കൂടിയിട്ടുണ്ട്. മോളിവുഡിലുൾപ്പെടെ ഈ മാറ്റം പ്രകടമായി കാണാം. ഇതിന്റെ മോശം വശം അനുഭവലിക്കേണ്ടി വരുന്ന താരങ്ങളിൽ പ്രധാനിയാണ് ഇന്ന് നയൻതാര. പൊതുെവെ അഹങ്കാരിയാണെന്നാണ് നയൻതാരയ്ക്കുള്ള ഇമേജ്. ഇതിന് ആക്കം കൂട്ടുന്ന തരത്തിൽ ഒന്നിലേറെ വീഡിയോകൾ കഴിഞ്ഞ മാസങ്ങളിൽ പ്രചരിച്ചു. ഒരു പരിധി വരെ നയൻതാരയുടെ പ്രതിച്ഛായയെയും ഇത് ബാധിച്ചിട്ടുണ്ട്. നടിയുടെ വീഡിയോകൾക്കും മറ്റും താഴെ വരുന്ന ഹേറ്റ് കമന്റുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം കേൾക്കുമ്പോൾ പലരും തന്നെ ചീത്ത വിളിക്കുന്നുണ്ടെന്ന് നയൻതാര തന്നെ അടുത്തിടെ തുറന്ന് പറയുകയും ചെയ്തു. ഇപ്പോഴിതാ നയൻതാരയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം കലൈഞ്ജർ 100 എന്ന പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. രജിനികാന്ത്, കമൽ ഹാസൻ തുടങ്ങി വലിയ താര നിര പരിപാടിയിൽ പങ്കെടുത്തു.

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി തമിഴ് സിനിമാ ലോകത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് കൊണ്ടുള്ള പരിപാടിയായിരുന്നു കലൈഞ്ജർ 100. പൊതുവെ പൊതുവേദികളിൽ എത്താൻ മടിക്കുന്ന നയൻതാര ഈ പ്രോഗ്രാമിനെത്തി. എന്നാൽ ഇവിടെയും താരത്തിന്റെ മുൻ കോപം പ്രകടമായിരുന്നു.
ചടങ്ങിനെത്തിയ എല്ലാ വിഐപികളെയും കാർ പാർക്കിൽ നിന്നും വേദിയിലേക്ക് മറ്റൊരു വാഹനത്തിലാണ് കൊണ്ട് വന്നത്. നയൻതാര കയറിയ കാർ മുന്നോട്ട് നീങ്ങിയില്ല. ആരവങ്ങൾക്കിടയിൽ നടി വാഹനത്തിൽ അസ്വസ്ഥയായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. നടിയുടെ അടുത്ത സീറ്റ് കാലിയായിരുന്നു. ഈ സീറ്റിലേക്ക് മറ്റൊരു വിഐപി വരുന്നത് വരെ കാത്ത് നിന്നതായിരുന്നു ഡ്രെവർ. ആൾക്കൂട്ടത്തിനിടയിൽ വെച്ച് നയൻതാര മുന്നിലിരിക്കുന്ന ആളോട് ദേഷ്യപ്പെടുന്നുണ്ട്.

ഒടുവിൽ നടി സോണിയ അഗർവാൾ ഈ സീറ്റിലേക്ക് വന്നിരിക്കുകയും വാഹനം മുന്നോട്ട് നീങ്ങുകയും ചെയ്തു. അപ്പോഴും ദേഷ്യത്തിലാണ് നയൻതാര. വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ വരുന്നുണ്ട്. അഹങ്കരം അതിര് കടക്കുന്നുണ്ടെന്നാണ് പലരുടെയും കമന്റ്. പൊതുവിടങ്ങളിൽ വെച്ച് ദേഷ്യപ്പെടുന്നത് നയൻതാര പതിവാക്കിയിട്ടുണ്ടെന്നും അഭിപ്രായം വന്നു. ലേഡി സൂപ്പർസ്റ്റാറല്ല ലേഡി റൗഡി സ്റ്റാറാണ് നയൻതാര എന്നാണ് ഒരാളുടെ കമന്റ്.
അടുത്തിടെ 9 സ്കിൻ എന്ന തന്റെ സ്കിൻ കെയർ പ്രൊഡക്ടിന്റെ ലോഞ്ചിന് എത്തിയപ്പോൾ വസ്ത്രത്തിൽ ചവിട്ടിയ ആളെ നയൻതാര രൂക്ഷമായി നോക്കുന്ന വീഡിയോ വൈറലായിരുന്നു. അന്നും നടിക്ക് സമാനമായ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ഇതിന് മുൻപ് ഭർത്താവ് വിഘ്നേശ് ശിവനൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ചുറ്റും കൂടിയ ആരാധകരോട് നടി ദേഷ്യപ്പെട്ടു. ഫോട്ടോ എടുക്കവെ ഒരു സ്ത്രീ ദേഹത്ത് കൈ വെച്ചത് നടിക്ക് ഇഷ്ടപ്പെട്ടില്ല.
ഈ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമകൾ തുടരെ പരാജയപ്പെടുമ്പോഴാണ് ഇത്തരം വീഡിയോകളും വൈറലാകുന്നത്. ഇന്നത്തെ താരമാക്കി മാറ്റിയ തമിഴകത്തെ ആരാധകരെ വെറുപ്പിക്കുന്നത് നടിക്ക് ഗുണം ചെയ്യില്ലെന്ന് അഭിപ്രായം വരുന്നുണ്ട്. അന്നപൂർണിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications