ലേഡി സൂപ്പർസ്റ്റാറിന്റെ ഭർത്താവല്ലേ താങ്കൾ? വിഘ്നേശിന്റെ തീരുമാനത്തിൽ അമ്പരന്ന് ആരാധകർ
നാനും റൗഡി താൻ എന്ന സിനിമയിലൂടെ കരിയർഗ്രാഫ് മാറി മറിഞ്ഞ സംവിധായകനാണ് വിഘ്നേശ് ശിവൻ. വിഘ്നേശിന്റെ ഉദയം ഏറെ പ്രതീക്ഷയോടെയാണ് തമിഴ് സിനിമാ ലോകം കണ്ടത്. കണ്ട് പഴകിയ കഥാഗതിയിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇദ്ദേഹത്തിന്റെ സിനിമകൾ. കരിയറിനൊപ്പം സംവിധായകന്റെ വ്യക്തി ജീവിതത്തിലും പെട്ടെന്ന് മാറ്റങ്ങളുണ്ടായി. നാനും റൗഡി താൻ സിനിമയിലെ നായികയായ നയൻതാരയുമായി പ്രണയത്തിലായ വിഘ്നേശ് കഴിഞ്ഞ വർഷം നടിയെ വിവാഹം ചെയ്തു.
കരിയർ ഗ്രാഫിൽ താഴ്ച നേരിടുകയാണ് കഴിഞ്ഞ കുറച്ച് നാളുകളായി വിഘ്നേശ്. ഒടുവിൽ പുറത്തിറങ്ങിയ കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ അജിത്ത് സിനിമയിലെ സംവിധായക സ്ഥാനത്ത് നിന്നും വിഘ്നേശിനെ മാറ്റുകയും ചെയ്തു. മഗിഴ് തിരുമേനി എന്ന സംവിധായകനെയാണ് പകരം കൊണ്ടു വന്നത്. നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റേതാണ് തീരുമാനം.

ആദ്യമായി അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയിൽ വിഘ്നേശിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ വിഘ്നേശിനെ മാറ്റി. സംവിധായകനെ ഇതേറെ ബാധിച്ചു. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ വിഘ്നേശ് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ വിഘ്നേശിനെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തമിഴ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. വിഘ്നേശ് ടെലിവിഷൻ ഷോയിൽ അവതാരകനായി എത്തുന്നെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം സീ തമിഴ് ടിവിയിൽ തുടങ്ങാനിരിക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലാണ് വിഘ്നേശ് അവതാരകനായെത്തുന്നത്. സംവിധായകന്റെ തീരുമാനത്തിൽ അമ്പരപ്പിലാണ് ആരാധകർ.
മുൻനിര സംവിധായകൻ ഇത്തരമാെരു ഷോ ചെയ്യേണ്ടതുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. മാത്രവുമല്ല തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറിന്റെ ഭർത്താവുമാണ് വിഘ്നേശ്. ഒരു സെലിബ്രിറ്റി ചാറ്റ് ഷോയിൽ അവതാരകനായി വരുന്നത് രണ്ട് പേരുടെയും താരമൂല്യത്തെ ബാധിക്കില്ലെയെന്നും ആരാധകർ ചോദിക്കുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വിഘ്നേശ് ശിവൻ പുറത്ത് വിട്ടിട്ടില്ല.

കരിയറിൽ നയൻതാരയ്ക്കും ഇത് മോശം സമയമാണ്. അടുത്തിടെ പുറത്തിറങ്ങിയ നടിയുടെ സിനിമകളെല്ലാം തുടരെ പരാജയപ്പെട്ടു. തമിഴ് സിനിമാ ലോകത്ത് നയൻതാരയുടെ പരാജയങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. പ്രതിഫലക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന നയൻസിന് പരാജയങ്ങളുണ്ടാക്കുന്ന മാർക്കറ്റ് ഇടിവ് ചെറുതല്ല. അഞ്ച് കോടിയാണ് ഒരു സിനിമയ്ക്ക് നടി കൈ പറ്റുന്ന പ്രതിഫലം. വിജയസിനിമകൾ ഇല്ലെങ്കിൽ പ്രതിഫലം കുറയ്ക്കേണ്ടി വരുമെന്നാണ് സിനിമാ ലോകത്തെ അഭിപ്രായം.
മാത്രമല്ല സിനിമകളുടെ പ്രൊമോഷനുകളിൽ പൊതുവെ നയൻതാര പങ്കെടുക്കാറില്ല. നടിയുടെ താരമൂല്യം ഇടിഞ്ഞാൽ ഇത്തരം നിബന്ധനകൾ അവസരങ്ങൾ ലഭിക്കുന്നതിൽ വിലങ്ങ് തടിയാവും. കണക്ടാണ് ഒടുവിൽ പുറത്തിറങ്ങിയ നയൻതാരയുടെ സിനിമ. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ പക്ഷെ പരാജയപ്പെട്ടു. നയൻസിന്റെയും വിഘ്നേശിന്റെയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേർസ് ആണ് സിനിമ നിർമ്മിച്ചത്.
ജവാനാണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമ. ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്. മറുവശത്ത് യുവനടൻ പ്രദീപ് രംഗനാഥനെ വെച്ച് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ്നേശ് ശിവൻ. സിനിമയിൽ നയൻതാരയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.
കരിയറിൽ വിഘ്നേശിന്റെയും നയൻതാരയുടെയും ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു താരദമ്പതികളുടെ വിവാഹ വാർഷികം. വാർഷിക ദിനത്തിൽ വിഘ്നേശ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടി. പ്രതിസന്ധികൾ നേരിട്ട ഇക്കഴിഞ്ഞ നാളുകളിൽ കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് ആശ്വാസമായതെന്നാണ് വിഘ്നേശ് ശിവൻ പറഞ്ഞത്.


Click it and Unblock the Notifications