നയൻതാര ലേഡി സൂപ്പർസ്റ്റാറല്ല; അന്ന് വാടക ഗർഭധാരണത്തിന് കുറ്റപ്പെടുത്തിയ കസ്തൂരി വീണ്ടും രംഗത്ത്
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന നയൻതാര വിവാദങ്ങളിൽ നിന്ന് എപ്പോഴും മാറി നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നാൽ പലപ്പോഴും ഇത് വിഫലമായ ശ്രമമാകാറാണ് പതിവ്. കരിയറിന്റെ തുടക്ക കാലം മുതൽ ഗോസിപ്പുകളും വിവാദങ്ങളും നയൻതാരയെ തേടി വന്നു. പ്രണയങ്ങളും പ്രണയത്തകർച്ചകളും നടിയുടെ ജീവിതത്തെ മാറ്റി മറിച്ചു. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കിടയിലും തന്റെ കരിയറിന് വലിയ പ്രധാന്യം നടി നൽകി.
താരം സിനിമയോട് കാണിച്ച ആത്മാർത്ഥ വെറുതെയായി. 2013 ന് ശേഷം തുടരെ ഹിറ്റുകളുമായി നടിയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു. ഒട്ടനവധി നടിമാർ വന്നെങ്കിലും ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് കുതിച്ചുയരാൻ തെന്നിന്ത്യയിൽ നയൻതാരയ്ക്ക് മാത്രമാണ് സാധിച്ചത്. ഒപ്പം അഭിനയിക്കുന്ന നടൻമാരേക്കാളും ജനശ്രദ്ധ പലപ്പോഴും നടിക്ക് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് നടി കസ്തൂരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലേഡി സൂപ്പർസ്റ്റാറായി നയൻതാരയെ അംഗീകരിക്കാനാകില്ലെന്ന് കസ്തൂരി പറയുന്നു. പുരുഷ താരങ്ങളിൽ രജിനികാന്ത് ആണ് ഏറ്റവും വലിയ താരം. അജിത്ത്, വിജയ്, കമൽഹാസൻ എന്നിവരുണ്ടെങ്കിലും രജിനിയുടെ സ്ഥാനം ആർക്കും എടുത്ത് മാറ്റാൻ സാധിക്കില്ലെന്ന് കസ്തൂരി പറഞ്ഞു. നടിമാരിൽ ആരാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് ചോദിച്ചപ്പോൾ പഴയകാല നടിമാരായ കെപി സുന്ദരാംബാൾ, വിജയശാന്തി എന്നിവരുടെ പേരാണ് കസ്തൂരി പറഞ്ഞത്.
കെപി സുന്ദരാംബാൾ അഭിനയിച്ച സിനിമകളിൽ അവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോയത്. ഇന്നത്തെ നടിമാർ ആ സവിശേഷത ആർക്കുമില്ലെന്ന് കസ്തൂരി പറയുന്നു. മായ എന്ന സിനിമയിൽ മാത്രമാണ് നയൻതാരയ്ക്ക് അത്തരത്തിലൊരു വേഷം ചെയ്യാൻ പറ്റിയത്. മറ്റ് സിനിമകളൊന്നും നന്നായില്ലെന്ന് കസ്തൂരി അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് കസ്തൂരിയുടെ പരാമർശം.

നേരത്തെ വാടക ഗർഭധാരണത്തിലൂടെ നയൻതാര കുഞ്ഞുങ്ങളെ സ്വീകരിച്ചതിന് എതിരെയും കസ്തൂരി രംഗത്ത് വന്നിരുന്നു. മെഡിക്കലി ഒഴിച്ച് കൂടാനാകാത്ത കാരണങ്ങളാൽ അല്ലാതെ സറൊഗസി എന്ന വഴി സ്വീകരിക്കുന്നത് 2022 ജനുവരി മുതൽ ഇന്ത്യയിൽ വിലക്കിയതാണെന്ന് കസ്തൂരി ട്വീറ്റ് ചെയ്തു. സറൊഗസിയിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ച വിവരം നയൻതാരയും വിഘ്നേശ് ശിവനും ആരാധകരെ അറിയിച്ച ശേഷമായിരുന്നു ട്വീറ്റ്.
പിന്നാലെ കസ്തൂരിക്കെതിരെ വിമർശനങ്ങളും വന്നു. എന്തിനാണ് മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതെന്നാണ് കസ്തൂരിക്ക് നേരെ വന്ന ചോദ്യങ്ങൾ. ഇതിന് കസ്തൂരി മറുപടിയും നൽകി. അഭിഭാഷകയാകാൻ യോഗ്യതയുള്ള തനിക്ക് നിയമപരമായി കാര്യങ്ങൾ വിശകലനം ചെയ്യാൻ പറ്റും. തന്റെ കാഴ്ചപ്പാടുകൾ തീർത്തും പരോപകാരപ്രദമാണ്. സ്വന്തം കാര്യം നോക്കാൻ പറയുന്നവരോട് അതാണ് തനിക്ക് പറയാനുള്ളതെന്ന് കസ്തൂരി അന്ന് വ്യക്തമാക്കി. അതേസമയം നയൻതാരയുടെ സരൊഗസി നിയമപ്രകാരം തന്നെയാണ് നടന്നത്.
വിവാഹം കഴിഞ്ഞ മാസങ്ങൾക്ക് ശേഷമാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന വിവരം നയൻതാരയും വിഘ്നേശ് അറിയിച്ചത്. പിന്നാലെ വിഷയം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയുമുണ്ടായി.
എന്നാൽ താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. സറൊഗസിക്ക് നിയന്ത്രണങ്ങൾ വെച്ച 2022 ജനുവരി മാസത്തിന് മുമ്പേ താര ദമ്പതികൾ ഇതിന് വേണ്ട നിയമനടപടി ക്രമങ്ങൾ സ്വീകരിച്ചിരുന്നു. സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തിയതോടെയാണ് ആഴ്ചകൾ നീണ്ട വിവാദം അവസാനിച്ചത്.


Click it and Unblock the Notifications