ഇനി ദിവസങ്ങള്‍ മാത്രം; മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വെച്ച് വിഘ്‌നേഷ് ശിവന്‍-നയന്‍താര വിവാഹം
തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരാകുന്ന ഇരുവരുടെയും വിശേഷങ്ങളാണ് ഇപ്പോള്‍ കോളിവുഡിലെ മാധ്യമങ്ങള്‍ നിറയെ. തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുന്ന ആ വിവാഹത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന 9-ാം തീയതിയാണ് വിവാഹം.
തിരുപ്പതിയില്‍ വെച്ചാണ് വിവാഹമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വിവാഹവേദി അവസാനനിമിഷം മാറ്റിയതായി കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരിക്കും വിവാഹമെന്നാണ് സൂചനകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും വിവാഹം സംഘടിപ്പിക്കുക. സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷന്‍ മാലിദ്വീപില്‍ വെച്ചു നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴകത്തിന്റെ പ്രണയജോടികളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

താരങ്ങളുടെ വിവാഹക്ഷണക്കത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മനോഹരമായ തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിലാണ് സേവ് ദി ഡേറ്റ് ചിത്രീകരിച്ചിരിക്കുന്നത്. വധുവിന്റെയും വരന്റെയും പേരിനോടൊപ്പം ജൂണ്‍ 9 എന്നുളള തീയതി മാത്രമാണ് പുറത്ത് ഡിജിറ്റല്‍ ക്ഷണക്കത്തിലുളളത്. വിവാഹ സ്ഥലം രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.
അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളും ഇരുവരും വിവാഹം ക്ഷണിച്ചുകഴിഞ്ഞു. അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും ഇരുവരും വിവാഹത്തിനായി ക്ഷണിച്ചിട്ടുണ്ട്.

നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് താരജോടികള്‍ വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും നയന്‍താരയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു. അന്നു മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷ് ശിവന്‍ മിക്കപ്പോഴും തന്റെ പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പിറന്നാളുകളിലും മറ്റ് വിശേഷ അവസരങ്ങളും എല്ലാം തന്നെ ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. തങ്കമേ എന്ന് സ്‌നേഹത്തോടെ അഭിസംബോധന ചെയ്താണ് പലപ്പോഴും ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്.
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് സിനിമാമേഖലയിലെ ഒരു ജ്യോത്സ്യന്‍ രംഗത്ത് എത്തിയിരുന്നു. അധികനാള്‍ ദാമ്പത്യം നീണ്ടു പോകില്ലെന്നായിരുന്നു കണ്ടെത്തല്‍. നടി സാമന്തയുടെ ജാതകത്തിന് സമാനമാണ് നയന്‍താരയുടേതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നടിയുടെ ജാതകദോഷങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടതിന് ശേഷമാണ് വിവാഹം നടക്കുന്നതെന്നും ജ്യോത്സ്യന്റെ പ്രവചനത്തിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് മുന്‍പായി തന്നെ വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ നയന്‍താര തന്നെയാണ് അജിത്തിന്റെ നായികയായി എത്തുന്നത്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രത്തിലും നയന്‍താരയാണ് നായിക. തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ നയന്‍താര.


Click it and Unblock the Notifications











