സ്വന്തം പണമാണെങ്കിൽ ഓടിയെത്തും; സോഷ്യൽ മീഡിയയിലേക്ക് വന്നതിലും തന്ത്രം; ഭർത്താവിന്റെ മറുപടിയിലും അതൃപ്തി
തെന്നിന്ത്യൻ സിനിമയിലെ താര റാണിയായ നയൻതാരയ്ക്ക് ഇന്ന് കൈനിറയെ അവസരങ്ങളാണ്. ജവാൻ എന്ന സിനിമയുടെ വിജയത്തോടെ ബോളിവുഡിലും നടിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. എന്താണ് നയൻതാരയുടെ വിജയമന്ത്രമെന്ന് സിനിമാ ലോകത്ത് പലർക്കും കൗതുകമുണ്ട്. സിനിമകൾ പലതും പരാജയപ്പെടുന്നുണ്ടെങ്കിലും നടിയുടെ താരമൂല്യത്തെ ഇത് ബാധിക്കുന്നില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി ഇന്നും നയൻതാരയുടെ പക്കലാണ്.
എന്നാൽ പലപ്പോഴും താരത്തിന് നേരെ ചില വിമർശനങ്ങളും വരാറുണ്ട്. സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്ക് താരം എത്താത്തതാണ് വിമർശനത്തിന് കാരണമാകാറ്. അടുത്തിടെ ജവാൻ റിലീസ് ചെയ്ത സമയത്താണ് ഈ വിമർശനം കടുത്തത്. സിനിമയുടെ ഒറ്റ പൊതു ചടങ്ങുകളിലും നടി എത്തിയില്ല. അതിഥി താരമായി അഭിനയിച്ച ദീപിക പദുകോൺ പോലും പ്രൊമോഷനിൽ പങ്കെടുത്തു. നായികയായ നയൻതാര എന്തുകൊണ്ട് ഇതിന് തയ്യാറാകുന്നില്ലെന്ന വിമർശനം കടുത്തു.

എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ നയൻതാര തയ്യാറായില്ല. ജവാന് ശേഷം റിലീസ് ചെയ്ത ഇരൈവന്റെ പ്രൊമോഷനും നടി എത്തിയില്ല. എന്തിനാണ് നയൻതാര ഇക്കാര്യത്തിൽ വാശി പിടിക്കുന്നതെന്നാണ് വിമർശകരുടെ ചോദ്യം. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ.
നടിയുടെ പുതിയ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നിന്റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിഘ്നേശ്. എന്തെങ്കിലും ഒരു കാര്യം നല്ലതാണെങ്കിൽ മാത്രമേ നയൻതാര അത് പ്രൊമോട്ട് ചെയ്യൂ. സ്വന്തം സിനിമകൾ നയൻ പ്രൊമോട്ട് ചെയ്യാത്ത ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അത് സിനിമ സ്വയം പ്രൊമോട്ട് ചെയ്യുമെന്ന് അവൾക്ക് തോന്നിയത് കൊണ്ടല്ലെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.

സ്വന്തം കാര്യങ്ങൾക്ക് മാത്രമേ നടി പൊതുവേദികളിൽ എത്തുന്നുള്ളൂ എന്ന വിമർശനം ഇതിനകം വന്നിട്ടുണ്ട്. സ്വന്തം നിർമാണ കമ്പനിയായ കണക്‌ട് എന്ന സിനിമയുടെ പ്രൊമോഷന് നടി എത്തി. ഇപ്പോൾ സ്വന്തം സ്കിൻ കെയർ ബ്രാൻഡിന്റെ ലോഞ്ചിംഗിനും താരം വന്നു. ഇത് കോളിവുഡിലെ പല പ്രമുഖരെയും ചൊടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിഘ്നേശ് ശിവന്റെ വിശദീകരണം.
അതേസമയം വിഘ്നേശിന്റെ വിശദീകരണത്തിലും സോഷ്യൽമീഡിയ തൃപ്തരല്ല. തനിക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ പോലും താരം തയ്യാറല്ലേയെന്നാണ് ചോദ്യങ്ങൾ. പേഴ്സണൽ മാനേജരെ പോലെ വിഘ്നേശ് എന്തിനാണ് നയൻതാരയുടെ കരിയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണം നൽകുന്നതെന്നും ആരാധകർ ചോദിക്കുന്നു.
അടുത്തിടെയാണ് നയൻതാര സോഷ്യൽമീഡിയയിലേക്ക് കടന്ന് വന്നത്. സിനിമകളുടെ പ്രൊമോഷന് നേരിട്ട് വരാൻ പറ്റാത്തത് കൊണ്ടായിരിക്കും നടി ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് ഏവരും കരുതിയത്. ജവാന്റെ റിലീസിനോട് അടുപ്പിച്ചാണ് നടി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. എന്നാൽ താരത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. 9 സ്കിന്നിന്റെ ലോഞ്ചിംഗ് മുന്നിൽ കണ്ടാണ് നയൻതാര സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നടിയുടെ പോസ്റ്റുകളിൽ ഭൂരിഭാഗവും സ്വന്തം പ്രൊഡക്ടുമായി ബന്ധപ്പെട്ടതാണ്. വിമർശനമൊന്നും കാര്യമാക്കാതെ നടി മുന്നോട്ട് നീങ്ങുകയാണ്. പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്. ജവാൻ, ഇരവൈൻ എന്നീ സിനിമകളിൽ കാര്യമായ പ്രാധാന്യം നയൻതാരയ്ക്കില്ല. പിന്നെ നടി എന്തിനാണ് ഇവ പ്രൊമോട്ട് ചെയ്യുന്നതെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications