അയൽക്കാരായുള്ളത് പ്രമുഖർ; വിശേഷങ്ങൾക്ക് തിരുവല്ലയിലേക്ക് ഓടിയെത്തുന്ന നയൻ; വീട്ട് വിശേഷങ്ങൾ
തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് ഇന്ന് നയൻതാര. പ്രതിഫലത്തിൽ മറ്റ് നായികമാരേക്കാൾ മുന്നിൽ നിൽക്കുന്ന നയൻസ് പുതിയ ചിത്രം ജവാനിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം 10 കോടി രൂപയാണ്. അവഗണിക്കാൻ പറ്റാത്ത താരമൂല്യമായതിനാൽ ഉയർന്ന പ്രതിഫലം നൽകാൻ നിർമാതാക്കളും തയ്യാറാണ്. സിനിമയ്ക്ക് പുറമെ ഇന്ന് ബിസിനസ് രംഗത്തും നടി പ്രബല സാന്നിധ്യമായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡ് 9 സ്കിന്നിന്റെ ലോഞ്ചിംഗ് നടന്നത്. ഇതിന് പുറമെ വിവിധ ബ്രാൻഡുകളിൽ നടിക്ക് നിക്ഷേപമുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും താരം സജീവമാണ്. കരിയറിൽ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് നയൻതാര കെട്ടിപ്പൊക്കിയ ബംഗ്ലാവ് ആരെയും അത്ഭുതപ്പെടുത്തും.

രാജകീയ ജീവിതമാണ് നയൻതാര ഇന്ന് നയിക്കുന്നത്. ചെന്നെെയിലെ പോയസ് ഗാർഡനിലുള്ള നയൻതാരയുടെ വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. 16,500 സ്ക്വയർ ഫീറ്റിലാണ് നയൻതാരയുടെ വീടുള്ളത്. സ്വിമ്മിംഗ് പൂൾ, ഹോം തിയറ്റർ, ജിം എന്നീ സൗകര്യങ്ങൾ വീട്ടിലുണ്ട്.
കുഞ്ഞുങ്ങൾക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. അടുത്തടുത്തായാണ് കുട്ടികൾക്ക് ബെഡ് ഒരുക്കിയത്. സീലിംഗിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിയിട്ടുണ്ട്. ലിവിംഗ് റൂമും മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.
ഇന്റീരിയർ ഡിസൈനിംഗിൽ നയൻതാരയ്ക്ക് പ്രത്യേക താൽപര്യമുണ്ട്.

അതിനാൽ വീട് മനോഹരമായാണ് സജ്ജീകരിച്ചിരിക്കുന്നത്. നാല് ബെഡ് റൂമുകളാണ് വീട്ടിലുള്ളത്. രജിനികാന്ത്, ധനുഷ് എന്നിവരുടെ വീടും നയൻതാരയുടെ വീടിനടുത്താണ്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വീടും ഇതിന് സമീപത്തുണ്ട്.
ഹൈദരാബാദിൽ ഒരു ബംഗ്ലാവ് താരത്തിനുണ്ട്. ടോളിവുഡിലെ പ്രമുഖർ താമസിക്കുന്ന ജൂബിലി ഹിൽസിലാണ് ഈ വീടുള്ളത്. അതേസമയം വിശേഷ ദിവസങ്ങളിൽ കേരളത്തിൽ മാതാപിതാക്കൾ താമസിക്കുന്ന തിരുവല്ലയിലെ വീട്ടിലെത്താനാണ് നയൻതാര താൽപര്യപ്പെടുന്നത്. പ്രെെവറ്റ് ജെറ്റിലാണ് പലപ്പോഴും നടി നാട്ടിലെത്താറ്.
സിനിമാ രംഗത്ത് പഴയ കാലത്ത് പല നടിമാരും നയൻതാരയെ പോലെ താരറാണിയായി വന്നതാണ്. ഇവരിൽ പലർക്കും ഒരുഘട്ടത്തിൽ ജീവിതം കൈ വിട്ട് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നടി സാവിത്രിയുടെ ജീവിതമാണ് ഇതിന് ഉദാഹരണമായി പലപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത്. അത്യാഡംബരം നിറഞ്ഞ ബംഗ്ലാവിൽ താമസിച്ച സാവിത്രിക്ക് ഒടുക്കം ഇതെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നയൻതാരയുൾപ്പെടെയുള്ള ഇന്നത്തെ നടിമാർ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്.
സിനിമയിലൂടെ ലഭിക്കുന്ന കോടികളുടെ വരുമാനം നഷ്ടപ്പെടാതിരിക്കാൻ ഇവർ ശ്രദ്ധിക്കുന്നു. സിനിമയ്ക്കപ്പുറം നിക്ഷേപങ്ങളും ബിസിനസ് സംരഭങ്ങളുമൊക്കെയായി വരുമാനശ്രോതസുകൾ വർധിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്. കാജൽ അഗർവാൾ, തമന്ന, സമാന്ത ഉൾപ്പെടെ മിക്ക നടിമാർക്കും സ്വന്തമായി ബിസിനസുകളുണ്ട്.
ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമകൾ. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഗോൾഡ് ആണ് നടി അവസാനമായി അഭിനയിച്ച സിനിമ. പൃഥിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ പക്ഷെ പരാജയപ്പെട്ടു.
ജവാന് ശേഷം നയൻതാരയ്ക്ക് ബോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ പുതിയ ബോളിവുഡ് ചിത്രങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ 9 സ്കിൻ ബ്രാൻഡ് വിപണിയിലെത്തിച്ചതുമായി ബന്ധപ്പെട്ട തിരക്കിലാണ് നടി. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications