അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ സംവിധായകന്‍ ഇനി വിജയ്‌ക്കൊപ്പം! ദളപതി ചിത്രത്തെക്കുറിച്ച് പറഞ്ഞത്
ദളപതി വിജയുടെ പുതിയ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി എറ്റവും കൂടുതല്‍ ആരാധകരുളള നടനും വിജയ് തന്നെയാണ്. വര്‍ഷത്തില്‍ ഒറ്റ സിനിമ മാത്രമേ ചെയ്യാറുളളുവെങ്കിലും അതിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

വിജയുടെ എറ്റവും പുതിയ ചിത്രം ബിഗിലിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ദീപാവലി റിലീസായി ഒരുങ്ങുന്ന ചിത്രം നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. ബിഗിലിന് പുറമെ നിരവധി സിനിമകള്‍ വിജയുടെതായി ഇനിയും വരാനിരിക്കുന്നുണ്ട്. എറ്റവുമൊടുവിലായി അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന്‍ വിജയുമായി ഒന്നിക്കുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തീരന്‍ അധികാരം ഒണ്‍ട്രിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എച്ച് വിനോദും വിജയും ഒന്നിക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയായിരുന്നു വെളിപ്പടുത്തിയിരുന്നത്. സിനിമയുടെ കഥ ദളപതിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതായും സംവിധായകന്‍ പറയുന്നു.

ഞാന്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കഴിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു. എച്ച് വിനോദിന്റെ അജിത്ത് ചിത്രം നെര്‍കൊണ്ട പാര്‍വൈ ആഗസ്റ്റ് ഏട്ടിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ റിലീസായി എത്തുന്ന സിനിമയുടെ ആദ്യ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്നിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷം അജിത്തിനെ തന്നെ നായകനാക്കിയുളള പുതിയ സിനിമയാണ് സംവിധായകന്‍ ഒരുക്കുന്നത്. അതിന് ശേഷമാകും വിജയ്‌ക്കൊപ്പം ഒന്നിക്കുന്ന ചിത്രം ആരംഭിക്കുക. അതേസമയം ബിഗിലിന് ശേഷം ഒന്നിലധികം പ്രോജക്ടുമായി തിരക്കിലായിരിക്കും ദളപതി വിജയ്.

മാനഗരം സംവിധായകന്‍ ഒരുക്കുന്ന ചിത്രവും വേലായുധത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കൂടാതെ നിരവധി സംവിധായകര്‍ പുതിയ പ്രോജക്ടുകളുമായി സൂപ്പര്‍ താരത്തെ സമീപിക്കുന്നുണ്ട്. എന്നാല്‍ വളരെയധികം സെലക്ടീവായിട്ടാണ് വിജയ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

തെറി,മെര്‍സല്‍ എന്നീ സിനിമകള്‍ക്കു ശേഷമാണ് വിജയ്‌യും അറ്റ്‌ലീയും വീണ്ടും ഒന്നിക്കുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ബിഗില്‍ വിജയ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.


Click it and Unblock the Notifications











