തല അജിത്ത് ബോക്‌സോഫീസിനെ വിറപ്പിച്ചു! നേര്‍കൊണ്ട പാര്‍വൈ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
അജിത്ത് നായകനായി അഭിനയിച്ച നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക് റീമേക്ക് ചെയ്തതാണ് നേര്‍കൊണ്ട പാര്‍വൈ. ആഗോള വ്യാപകമായി ആഗസ്റ്റ് എട്ടിന് റിലീസിനെത്തിച്ച നര്‍കൊണ്ട പാര്‍വൈ ആദ്യ ദിവസം ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ വാരിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമയുടെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ആഗോള തലത്തില്‍ വലിയ റിലീസായിരുന്നു നേര്‍കൊണ്ട പാര്‍വൈയ്ക്ക് ലഭിച്ചത്. തമിഴ്‌നാട്ടില്‍ മാത്രം 800 ഓളം സ്‌ക്രീനുകളിലായിരുന്നു സിനിമ എത്തിയത്. അടുത്ത കാലത്ത് ഇവിടെ റിലീസിനെത്തിയ ഏറ്റവും വലിയ ചിത്രമായി നേര്‍കൊണ്ട പാര്‍വൈ മാറി. മറ്റ് എല്ലാ സ്ഥലങ്ങളിലെ കൂടി നോക്കുമ്പോള്‍ ആയിരത്തോളം സ്‌ക്രീനുകള്‍ റിലീസ് ദിവസം തന്നെ സിനിമയ്ക്ക് കിട്ടിയെന്നാണ് കണക്ക് വിവരങ്ങള്‍.

റിലീസ് ദിവസം എല്ലായിടത്തും കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിയറ്ററുകളില്‍ നിന്നും ചൂടപ്പം പോലെ ടിക്കറ്റുകള്‍ വിറ്റ് പോയി. മുന്‍കൂട്ടിയുള്ള ബുക്കിംഗും തകൃതിയായി നടന്നതോടെ സിനിമ കാണാനുള്ള ആരാധകരുടെ തിരക്കും വര്‍ദ്ധിച്ചു. ടിക്കറ്റ് കിട്ടാതെ ആയതോടെ പലയിടത്തും വലിയ സംഘര്‍ഷം ഉണ്ടായെന്നാണ് വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്.

2019 ല്‍ റിലീസിനെത്തിയ മറ്റെല്ലാ തമിഴ് സിനിമകളെയും കടത്തി വെട്ടുന്ന സാമ്പത്തിക വരുമാനം നേര്‍കൊണ്ട പാര്‍വൈയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിവസം 1.58 കോടിയോളം ചെന്നൈ ബോക്‌സോഫീസില്‍ നിന്ന് മാത്രം ലഭിച്ചു. ഇതും ഇക്കൊല്ലത്തെ ഒരു റെക്കോര്‍ഡാണ്. 800 സ്‌ക്രീനുകളില്‍ നിന്നായി ആദ്യദിനം 4000 ത്തോളം ഷോ ആണ് തമിഴ്‌നാട്ടില്‍ മാത്രം സിനിമയ്ക്ക് കിട്ടിയത്.

ഇതോടെ 20 കോടി വരെ ആദ്യ ദിവസം നേര്‍കൊണ്ട പാര്‍വൈ തമിഴ്‌നാട്ടില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ടാവുമെന്ന് കരുതുന്നതായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. തമിഴ്‌നാടിന് പുറത്തും സ്ഥിതിയില്‍ വ്യത്യാസമില്ല. കേരളമാണ് മറ്റൊരു പ്രധാന റിലീസ് കേന്ദ്രം. മികച്ച തുടക്കം തന്നെയാണ് ഇവിടെ നിന്നും കിട്ടിയിരിക്കുന്നത്. ബംഗ്ലൂരിലും സ്ഥിതി മറിച്ചല്ല.

ആഗോളതലത്തിലെ കണക്കുകള്‍ നോക്കുമ്പോല്‍ 25 മുതല്‍ 30 കോടി വരെ നേര്‍കൊണ്ട പാര്‍വൈ നേടിയിട്ടുണ്ടാവുമെന്നാണ്. ഔദ്യോഗികമായ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കേരളത്തില്‍ അതിശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ സിനിമാ മേഖലയും പ്രതിസന്ധിയിലാവുമെന്ന കാര്യത്തില്‍ സംശയമില്ല. സിനിമ കാണാന്‍ ആള് കുറയുന്നതോടെ വരുമാനത്തിലും ഇടിവ് സംഭവിക്കാം.

പൊള്ളാച്ചിയിലെ സ്ത്രീ പീഡന കേസുമായി ബന്ധപ്പെട്ട് ഒരുക്കിയ സിനിമയാണ് നേര്‍കൊണ്ട പാര്‍വൈ. ചിത്രത്തില്‍ ഒരു വക്കീലായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ദ ശ്രീനിനാഥ്, വിദ്യ ബാലന്‍, എന്നിവരാണ് നായികമാര്‍. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











