'വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയവിവാഹം, കാൻസർ പിടിപെട്ട് ഭർത്താവും മരിച്ചു'; നടി സത്യപ്രിയയുടെ ജീവിതം!
അമ്മ വേഷങ്ങളിലും സ്വഭാവ നടിയായും തെന്നിന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന മുതിർന്ന അഭിനേത്രിയാണ് സത്യപ്രിയ. ഹിന്ദി അടക്കമുള്ള ഭാഷകളിലായി 350ൽ അധികം സിനിമകളിൽ സത്യപ്രിയ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. എഴുപതുകളിലും എൺപതുകളിലും തിരക്കുള്ള നടിയായിരുന്നു.
ഇപ്പോൾ സിനിമകളെക്കാൾ കൂടുതൽ സീരിയലുകളാണ് താരം ചെയ്യുന്നത്. സിനിമാ-സീരിയൽ താരങ്ങളെ വെള്ളിത്തിരയിലെ അത്ഭുതങ്ങളായാണ് പ്രേക്ഷകർ കാണുന്നത്. അതുകൊണ്ട് തന്നെയാണ് അവരെ പൊതു ഇടങ്ങളിൽ വെച്ച് കാണുമ്പോൾ ഫോട്ടോ എടുക്കുന്നതും ആരാധനയും സ്നേഹവും പ്രകടിപ്പിക്കുന്നതും.
പലപ്പോഴും താരങ്ങളുടെ യഥാർത്ഥ ജീവിതം എന്താണെന്നത് സംബന്ധിച്ച് ആരാധകർക്ക് ധാരണയില്ല. സത്യപ്രിയയും വലിയൊരു സങ്കടകടൽ താണ്ടിയാണ് ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്. ജീവിതം തന്നെ കൈവിട്ടുപോകുന്നുവെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ ഉണ്ടായപ്പോഴും നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് സത്യപ്രിയ എല്ലാം തിരിച്ച് പിടിച്ചത്. ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സത്യപ്രിയയുടെ ജീവിതം വിവാഹശേഷമാണ് കീഴ്മേൽ മറിഞ്ഞത്.

പക്ഷെ ധൈര്യം കൈവിടാതെ കുടുംബത്തെ നടി കരകയറ്റി. ആന്ധ്രപ്രദേശിലാണ് സത്യപ്രിയ ജനിച്ച് വളർന്നത്. തമിഴ് സിനിമകളും സീരിയലുകളും ചെയ്ത് തുടങ്ങിയ ശേഷമാണ് തമിഴ് വായിക്കാനും എഴുതാനും പഠിച്ചത്. ഡബ്ബിങിലും സത്യപ്രിയ സജീവമാണ്. നടിയുടെ അച്ഛൻ സ്വന്തമായി ഒരു ഹോട്ടൽ നടത്തുകയായിരുന്നു. മാത്രമല്ല കലയിലും താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു നാടക കമ്പനിയും നടത്തിയിരുന്നു.
അങ്ങനെയാണ് സത്യപ്രിയ നൃത്തത്തിലേക്ക് കടന്നത്. പഠനത്തിലും മിടുക്കിയായ സത്യപ്രിയയ്ക്ക് 1974ൽ ഒരു ഹിന്ദി സിനിമ ചെയ്യാൻ അവസരം ലഭിച്ചു. എന്നാൽ ചിത്രം പാതിവഴിയിൽ നിലച്ചു. പിന്നീട് തമിഴിലാണ് നടിക്ക് അവസരം ലഭിച്ചത്. മഞ്ചൾ മുഖമെ വരുഗ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ അരങ്ങേറ്റം.
ആദ്യ തമിഴ് സിനിമ പുറത്തിറങ്ങിയ ശേഷം നടിക്ക് നിരവധി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. അതിനിടയിൽ ഒരു തെലുങ്ക് സിനിമാ നിർമ്മാതാവുമായി താരം പ്രണയത്തിലായി. ഇരുവരുടെയും ബന്ധത്തോട് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. അതോടെ കാമുകനൊപ്പം സത്യപ്രിയ വീട് വിട്ടിറങ്ങുകയും വൈകാതെ വിവാഹിതരാവുകയും ചെയ്തു. എസ്.എൻ മുകുന്ദനാണ് സത്യപ്രിയയുടെ ഭർത്താവ്.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ സത്യപ്രിയയ്ക്ക് ഒരു മകനുണ്ടായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു പെൺകുഞ്ഞും ജനിച്ചു. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് ഭർത്താവിന് കാൻസർ രോഗമാണെന്ന് നടി തിരിച്ചറിയുന്നത്. പിന്നീടുള്ള നാളുകൾ ഭർത്താവിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു.

സാമ്പത്തികമായും തകർന്നതോടെ ചികിത്സയ്ക്ക് പോലും പണമില്ലാതെയായി. അങ്ങനെയാണ് നടി തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് തുടങ്ങിയത്. ഡബ്ബിങിൽ സജീവമായതോടെ അഭിനയിക്കാനും അവസരം വന്ന് തുടങ്ങി. കിട്ടിയ പണമെല്ലാം ചേർത്ത് വെച്ച് ഭർത്താവിനെ നടി ചികിത്സിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ഭർത്താവ് വൈകാതെ മരിച്ചു. പിന്നീടങ്ങോട്ട് മക്കളുടെ ജീവിതവും കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും നീക്കാനായി തമിഴ് സിനിമകളിലും സത്യപ്രിയ അഭിനയിച്ചു.
കമൽഹാസൻ, രജനികാന്ത് തുടങ്ങി ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും അമ്മായിയമ്മയായും അമ്മയായുമെല്ലാം നടി അഭിനയിച്ചു. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന എതിർ നീച്ചൽ എന്ന സീരിയലിലെ വിശാലാക്ഷിയായി സത്യപ്രിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണിപ്പോൾ. അടുത്തിടെയും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സത്യപ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ഒരു വിദേശിയായ പെൺകുട്ടിയെയാണ് സത്യപ്രിയയുടെ മകൻ വിവാഹം ചെയ്തത്. സങ്കടകടൽ നീന്തി കയറിയതോടെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് നടി. സംസാരം ആരോഗ്യത്തിന് ഹാനികരമാണ് സത്യപ്രിയ മലയാളത്തിൽ അവസാനമായി ചെയ്ത സിനിമ.


Click it and Unblock the Notifications