'സമ്പന്ന കുടുംബത്തിൽ ജനിച്ചതാണ് ഞാൻ, എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത വലിയ തെറ്റ് രണ്ടാം വിവാഹമാണ്'; വടിവുക്കരശി!
മുതിർന്ന നടി വടിവുക്കരശിയെ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. വിവിധ കാരണങ്ങളാൽ ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടുന്ന നടി കൂടിയാണ് വടിവുക്കരശി. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും വിവാഹം തന്റെ ജീവിതത്തെ എങ്ങനെ നശിപ്പിച്ചുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ഒരു അഭിമുഖത്തിലാണ് തന്റെ ഭൂതകാലത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് വിവാഹം എന്നതായിരുന്നുവെന്നും മുതിർന്ന നടി വടിവുക്കരശി വെളിപ്പെടുത്തിയിട്ടുണ്ട്.
1978ൽ ഭാരതിരാജ സംവിധാനം ചെയ്ത സിഗപ്പു റോജകൾ എന്ന ചിത്രത്തിലൂടെയാണ് വടിവുക്കരശി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മികവുറ്റ മുഖവും ഗാംഭീര്യമുള്ള ശബ്ദവും വടിവുക്കരശിക്കുള്ളതിനാൽ കരിയറിൽ നിരവധി മികച്ച അവസരങ്ങൾ ലഭിച്ചു താരത്തിന്. ഏതാനും സിനിമകളിൽ നായികയായി വേഷമിട്ട വടിവുക്കരശി 1979ൽ പുറത്തിറങ്ങിയ കന്നിപ്പഴുവതിൽ എന്ന സിനിമയിൽ രാജേഷിന്റെ ജോഡിയായും അഭിനയിച്ചിട്ടുണ്ട്.

പിന്നീട് 1985ൽ പുറത്തിറങ്ങിയ ഫസ്റ്റ് റെസ്‌പെക്റ്റ് എന്ന സിനിമയിൽ ശിവാജിയുടെ ഭാര്യയുടെ വേഷത്തിൽ പ്രായമായ ഒരു കഥാപാത്രത്തെയും വടിവുക്കരശി അവതരിപ്പിച്ചു. ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വടിവുക്കരശി നിരവധി മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള വടിവുക്കരശി തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള വടിവുക്കരശി അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ സങ്കടകരമായ വശങ്ങളെ കുറിച്ച് പങ്കുവെച്ചത്.

വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്നാൽ ഒറ്റ രാത്രികൊണ്ട് തെരുവിലേക്ക് വരുമെന്ന് പറഞ്ഞപോലെ എന്റെ കുടുംബം ഒറ്റ ദിവസം കൊണ്ട് തെരുവിലിറങ്ങി. എല്ലാം കൈവിട്ടുപോയതിനാൽ അന്നന്നത്തെ ആഹാരം കണ്ടെത്താൻ പണിയെടുക്കേണ്ട അവസ്ഥയായി. അതുകൊണ്ടാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്.
എന്റെ സ്വന്തം അമ്മ പരിപാലിക്കുന്ന പോലെ എന്നെ പരിപാലിക്കുന്ന ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയതിൽ ഞാൻ വളരെ ഭാഗ്യവതിയായിരുന്നു. അദ്ദേഹം എന്നേയും എന്റെ മകളേയും നന്നായി പരിപാലിച്ചു. പിന്നീട് അദ്ദേഹം മരിച്ചപ്പോൾ ഞാൻ തകർന്നുപോയി. ഒരു പെൺകുട്ടിയുടെ ഏക പിന്തുണ അവളുടെ അമ്മയാണ്. എന്റെ ഭർത്താവ് മരിച്ചപ്പോൾ ഞാൻ എന്റെ കുട്ടിയുമായി തനിച്ചായി.
ഞാൻ തകർന്നുപോയി. എനിക്കൊപ്പം ആരുമില്ലായിരുന്നു. കുട്ടിക്ക് വേണ്ടിയെങ്കിലും രണ്ടാമത് വിവാഹം കഴിക്കണമെന്ന് പലരും എന്നോട് പറഞ്ഞു. അതിനാൽ എന്റെ കുട്ടിയേയും തന്റേത് പോലെ പരിഗണിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു.
അതാണ് എന്റെ ജീവിതത്തിൽ പറ്റിയ വലിയ തെറ്റ്. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു വടിവുക്കരശി പറഞ്ഞു. വടിവുക്കരശി എന്ന നടിയെ മലയാളികൾ എപ്പോഴും ഓർക്കുന്നത് ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ നായിക നഗ്നമയുടെ ക്രൂരയായ ബന്ധുവായാണ് വടിവുക്കരശി അഭിനയിച്ചത്.


Click it and Unblock the Notifications