മത്സരിച്ച് അഭിനയിച്ചു, പക്ഷെ എല്ലാം വെറുതെയായോ?; നയൻതാരയുടെ ഒടിടി റിലീസ് ടെസ്റ്റ് നേരിടുന്നത്
ഏറെ പ്രതീക്ഷയോടെ നയൻതാര ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ടെസ്റ്റ്. മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷം ചെയ്ത ടെസ്റ്റ് സംവിധാനം ചെയ്തത് എസ് ശശികാന്ത് ആണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സ്പോർട്സ് ത്രില്ലറായ ടെസ്റ്റ് റിലീസ് ചെയ്തത്. വലിയ താര നിര അണിനിരന്ന സിനിമ, നെറ്റ്ഫ്ലിക്സിലൂടെ റിലീസ് തുടങ്ങിയ പല ഘടകങ്ങൾ ടെസ്റ്റിലേക്ക് പ്രേക്ഷകരെ ആകർഷിച്ചിരുന്നു. എന്നാൽ സിനിമയുടെ പ്രഖ്യാപന സമയത്തുണ്ടായിരുന്ന ഹെെപ്പ് പിന്നീടുണ്ടായില്ല. വലിയ പ്രാെമോഷനാെന്നുമില്ലാതെ പതിഞ്ഞ മട്ടിലാണ് ടെസ്റ്റ് റിലീസ് ചെയ്തത്.
സിനിമ കണ്ട പ്രേക്ഷകരിൽ ഭൂരിഭാഗം പേരും നിരാശരാണ്. ചിത്രത്തിന് വലിയ ഹെെപ്പ് കൊടുക്കാതിരുന്നതിന് കാരണം ഇതായിരിക്കുമെന്ന് അഭിപ്രായമുണ്ട്. സിനിമയിൽ ക്രിക്കറ്റ് ടെസ്റ്റ് ആണെങ്കിൽ പ്രേക്ഷകർക്ക് ക്ഷമയുടെ പരീക്ഷണമായിരുന്നു ഇതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. മികച്ച പ്രകടനമാണ് നാല് അഭിനേതാക്കളും ടെസ്റ്റിൽ കാഴ്ച വെച്ചത്.

പ്രത്യേകിച്ചും നയൻതാരയുടെ പ്രകടനം ഏവരും എടുത്ത് പറഞ്ഞു. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാനും ടെസ്റ്റിൽ നയൻതാര തയ്യാറായി. മാധവനും മീര ജാസ്മിനും തങ്ങൾക്ക് ലഭിച്ച സീനുകളെല്ലാം മികവുറ്റതാക്കി. എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥ ഇതെല്ലാം നിർവീര്യമാക്കി. വ്യക്തമായ കഥാന്ത്യവുമായിരുന്നില്ല ടെസ്റ്റിൽ. ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മികച്ച സിനിമയായി ടെസ്റ്റ് മാറിയേനെ. എന്നാൽ കഥാഗതിയിലെ സംഘർഷവും ആശങ്കയും പ്രേക്ഷകരുമായി പലയിടത്തും കണക്ട് ആയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നയൻതാര കരിയറിൽ തുടരെ വിവാദങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് ടെസ്റ്റ് റിലീസ് ചെയ്യുന്നത്. ഒരു പക്ഷെ ടെസ്റ്റ് വിജയിച്ചിരുന്നെങ്കിൽ നയൻതാരയ്ക്ക് ഇതൊരു പിടിവള്ളിയായേനെ.
പ്രൊമോഷന് വരുന്നില്ല, ധാർഷ്ഠ്യം കാണിക്കുന്നു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ ഇപ്പോൾ നയൻതാരയ്ക്ക് നേരെ വരുന്നുണ്ട്. ടെസ്റ്റ് വിജയിച്ചിരുന്നെങ്കിൽ ഈ വാദങ്ങളെ അപ്രസക്തമാക്കാമായിരുന്നു. ബോക്സ് ഓഫീസ് വിജയങ്ങൾ കൊണ്ടാണ് എപ്പോഴും കരിയറിലെ വിവാദങ്ങളെ നയൻതാര മറികടന്നത്.

നെറ്റ്ഫ്ലിക്സും നയൻതാരയും തമ്മിലുള്ള ഒരു അസോസിയേഷനും നല്ല രീതിയിൽ പോകുന്നില്ലെന്നും ഇതിനിടെ അഭിപ്രായമുണ്ട്. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററി കോപ്പി റൈറ്റുമായി ബന്ധപ്പെട്ട് നിയമപ്രശ്നം നേരിടുകയാണ്. അന്നപൂരണി എന്ന നയൻതാരയുടെ സിനിമ ചില വിവാദങ്ങൾ കാരണം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കേണ്ടി വന്നു.നടൻ ധനുഷിനെതിരെ പരസ്യമായി രംഗത്ത് വന്ന ശേഷം നയൻതാരയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്.
നടിയെക്കുറിച്ച് പല കുപ്രചരണങ്ങളും ഈയടുത്ത് വന്നു. ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്ന മൂക്കുത്തി അമ്മൻ 2 എന്ന സിനിമയുടെ സെറ്റിൽ നയൻതാര സഹ സംവിധായകനുമായി പ്രശ്നമുണ്ടാക്കിയെന്നായിരുന്നു പുറത്ത് വന്ന അഭ്യൂഹം. സംവിധായകൻ സുന്ദർ സി നയൻതാരയ്ക്ക് പകരം നടി തമന്ന ഭാട്ടിയയെ നായികയായി പരിഗണിക്കുന്നു എന്ന് വരെ പ്രചരണമുണ്ടായി. ഒടുവിൽ സുന്ദർ സിയുടെ ഭാര്യ നടി ഖുശ്ബു സുന്ദർ അഭ്യൂഹങ്ങൾ തള്ളി രംഗത്ത് വന്നു.
അടുത്ത കാലത്താണ് നയൻതാരയെക്കുറിച്ച് പ്രൊഫഷനുമായി ബന്ധപ്പെട്ട് ഇത്രയധികം അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ധനുഷിന്റെ നീക്കങ്ങൾ ഇതിന് പിന്നിലുണ്ടെന്നാണ് നടിയുടെ ആരാധകർ പറയുന്നത്. ധനുഷിനെതിരെ മൂന്ന് പേജുള്ള തുറന്ന കത്ത് പുറത്ത് വിട്ടതോടെ കടുത്ത സെെബർ ആക്രമണമാണ് നയൻതാരയ്ക്ക് നേരിടേണ്ടി വന്നത്.
ഒടിടി പ്ലാറ്റ്ഫോമുകളും നയൻതാരയും
ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നയൻതാര ഇന്നും പ്രിയങ്കരിയാണ്. താരമൂല്യത്തിൽ തെന്നിന്ത്യയിൽ മുൻപന്തിയിൽ നയൻതാര തന്നെയാണ്. ബോക്സ് ഓഫീസ് മൂല്യവും റിപീറ്റ് ഫേസ് വാല്യുവുമുള്ള ചുരുക്കം നടിമാരിൽ ഒരാൾ. തെന്നിന്ത്യയിലെ മാർക്കറ്റ് സാധ്യത മനസിലാക്കുന്ന ഒടിടി ഭീമൻമാർ ഒരിക്കലും നയൻതാരയെ പോലെയാെരു താരത്തെ അവഗണിക്കില്ല. നടിയുടെ വരാനുള്ള പല സിനിമകളും ബിഗ് ബഡ്ജറ്റ് പ്രൊജക്ടുകളാണ്. മൂക്കുത്തി അമ്മൻ 2, ടോക്സിക്, മൂക്കുത്തി അമ്മൻ 2 തുടങ്ങിയ സിനിമകൾ ഉദാഹരണം. മൂക്കുത്തി അമ്മൻ ആദ്യ ഭാഗം ഡയരക്ട് ഒടിടി റിലീസായിരുന്നു. ഹോട് സ്റ്റാറാണ് ചിത്രം വാങ്ങിയത്. മികച്ച വിജയം നേടിയ സിനിമയാണ് മൂക്കുത്തി അമ്മൻ.
കരിയറിൽ നയൻതാരയുടെ സാഹചര്യം
ജവാൻ എന്ന സിനിമയാെഴിച്ച് അടുത്ത കാലത്ത് നയൻതാരയ്ക്ക് ഹിറ്റുകളില്ല. എന്താണ് നടിക്ക് സംഭവിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു. സ്ക്രിപ്റ്റ് സെലക്ഷനിൽ പിഴവ് പറ്റുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഹൊറർ, ത്രില്ലർ സിനിമകൾ തുടരെ ചെയ്തതും തിരിച്ചടിയായി. കണക്ട്, ഒ2 തുടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ രവി മോഹനൊപ്പം ചെയ്ത ഇരവെെൻ എന്ന സിനിമ, അന്നപൂരണി തുടങ്ങിയ സിനിമകളും പരാജയപ്പെട്ടു.
നിലനിൽക്കുന്ന താരമൂല്യം
പരാജയങ്ങളുണ്ടെങ്കിലും താരമൂല്യം നയൻതാരയെ കെെ വിടാതെ കൂടെയുണ്ട്. തെന്നിന്ത്യയിലെ മറ്റൊരു നടിക്കും ഓഫ് സ്ക്രീനിൽ ഇത്രമാത്രം ജനശ്രദ്ധ ലഭിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. അതേേസമയം ലേഡി സൂപ്പർസ്റ്റാർ പദവി നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്. തന്റെ പേര് വിളിച്ചാൽ മതിയെന്നാണ് നയൻതാര പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നയൻതാരയ്ക്ക് മുന്നിലുള്ള സാധ്യത
ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള അസോസിയേഷൻ നയൻതാരയ്ക്ക് കരിയറിൽ ഏറെ ഉപകാരപ്പെട്ടേക്കുമെന്നാണ് നിലവിൽ ആരാധകരുടെ വിലയിരുത്തൽ. വൻ ജനശ്രദ്ധ ലഭിക്കുന്ന നയൻതാരയുടെ താരപ്രഭ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉപയോഗപ്പെടുത്താനാകും. വലിയ സീരീസുകളിൽ നയൻതാര എത്തിയാൽ കരിയറിൽ മറ്റൊരു വഴിത്തിരിവാകുമിത്. നേരത്തെ സേക്രഡ് ഗെയിംസ് എന്ന ഷോയിലേക്ക് നയൻതാരയെ അനുരാഗ് കശ്യപ് പരിഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. അന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ തെന്നിന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.
ഇന്ന് വലിയ സാധ്യതകൾ കോളിവുഡിലും കോളിവുഡിലും സാൻഡൽവുഡിലുമെല്ലാം ഒടിടി പ്ലാറ്റ്ഫോമുകൾ കാണുന്നുണ്ട്. അതേസമയം നയൻതാരയെ ഒരു പ്രൊജക്ടിലേക്ക് കൊണ്ട് വരിക എളുപ്പമല്ല. ഒടിടി പ്ലാറ്റ്ഫോമുകൾ നടിയുടെ നിബന്ധനകൾ എല്ലായ്പ്പോഴും അംഗീകരിക്കുമോ എന്നും വ്യക്തമല്ല. നോ ഓഫ് ലെെൻ പ്രൊമോഷൻ പോളിസി പിന്തുടരുന്ന നടിയാണ് നയൻതാര. ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങൾ പോലും സിനിമകളുടെയും സീരീസുകളുടെയും പ്രൊമോഷൻ ഒഴിവാക്കാറില്ല. എന്നാൽ നയൻതാര ഈ പോളിസി പിന്തുടരുന്ന ആളാണ്. തമിഴകത്ത് പലർക്കും നയൻതാരയുടെ ഈ നിബന്ധനയിൽ അതൃപ്തിയുണ്ട്. എന്നാൽ താരമൂല്യമുള്ള നയൻതാരയുടെ നിബന്ധനം അംഗീകരിച്ച് കൊടുത്തേ പറ്റൂ.
മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, മഹേഷ് നാരായണന്റെ സിനിമ എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഡിയർ സ്റ്റുഡന്റ്സ്. ലൗ ആക്ഷൻ ഡ്രാമയായിരുന്നു ആദ്യ സിനിമ. മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. മമ്മൂട്ടിയോടൊപ്പം നയൻതാര നായികയായി അവസാനം റിലീസ് ചെയ്ത സിനിമ പുതിയ നിയമം ആണ്. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായാണ് നയൻതാര കൂടുതലും സിനിമകൾ ചെയ്തത്.


Click it and Unblock the Notifications











