സീത എനിക്ക് മെസേജ് അയച്ചു, ഭാര്യയുടെ സ്ഥാനം മറ്റാർക്കും നൽകില്ല, പിരിഞ്ഞ ശേഷവും ഞങ്ങളുടെ സ്നേഹം: പാർത്ഥിപൻ
തമിഴകത്തെ പ്രിയ താര ദമ്പതികളായിരുന്നു പാർത്ഥിപനും സീതയും. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. രണ്ട് പെൺമക്കൾ ഇവർക്ക് പിറന്നു. ഒരു മകനെ ദത്തെടുക്കുകയും ചെയ്തു. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ പാർത്ഥിപനും സീതയ്ക്കും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ രണ്ട് പേരും വിവാഹ മോചിതരായി. അന്ന് പരസ്പരമുള്ള നീരസം ഇവർ അഭിമുഖങ്ങളിലും മറ്റും പ്രകടിപ്പിക്കുകയുമുണ്ടായി. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ ഒരിക്കൽ പറഞ്ഞിരുന്നു.
എന്നാൽ സീത ഈ വാദത്തെ എതിർത്തു. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നാണ് സീത ചോദിച്ചത്. അതേസമയം വലിയ ആരോപണ പ്രത്യാരോപണങ്ങളിലേക്കൊന്നും ഇവർ പോയില്ല. ഒരു ഘട്ടത്തിൽ സൗഹൃദം നിലനിർത്താനും ഇവർക്ക് സാധിച്ചു.

സീതയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പാർത്ഥിപൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീതയും താനും പരസ്പരം കുറ്റപ്പെടുത്തുകയോ വഴക്കിടുകയോ ചെയ്യുന്നില്ലെന്ന് പാർത്ഥിപൻ പറയുന്നു. മക്കളോട് വിവാഹ ബന്ധം തകർന്നതിനെക്കുറിക്ക് ഞാൻ സംസാരിച്ചിട്ടില്ല. മക്കൾ മൂന്ന് പേരും അമ്മയെയും അച്ഛനെയും ഇഷ്ടപ്പെടുന്നു. പൊതുവെ ഇങ്ങനെയാെരു വിവാഹബന്ധം അവസാനിക്കുമ്പോൾ അമ്മയും അച്ഛനും പരസ്പരം വഴക്കിടുകയും മോശമായി സംസാരിക്കുകയും ചെയ്യും.
എന്നാൽ ഞങ്ങൾ അങ്ങനെ ചെയ്തില്ല. അടുത്തിടെ സീതയുടെ അമ്മ മരിച്ചു. ഞാനാണ് എല്ലാ അറേഞ്ച്മെന്റുകളും ചെയ്തത്. അടുത്ത ദിവസം സീത എനിക്ക് നന്ദി പറഞ്ഞ് മെസേജ് അയച്ചു. ഇന്ന് ഞങ്ങളുടെ മനസിൽ ദുഖമുണ്ടെങ്കിലും പഴയ സ്നേഹവും ബഹുമാനവുമുണ്ട്. അതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും പാർത്ഥിപൻ വ്യക്തമാക്കി. ഭാര്യയെന്ന സ്ഥാനം സീതയ്ക്കല്ലാതെ മറ്റാർക്കും നൽകില്ലെന്നും പാർത്ഥിപൻ പറഞ്ഞു.

നേരത്തെയും സീതയുമായി പിരിഞ്ഞതിനെക്കുറിച്ച് പാർത്ഥിപൻ സംസാരിച്ചിട്ടുണ്ട്. ഇന്നുള്ള പക്വത അന്നുണ്ടായിരുന്നെങ്കിൽ തങ്ങളുടെ ജീവിതം പകുതിക്ക് വെച്ച് അവസാനിക്കില്ലായിരുന്നെന്ന് പാർത്ഥിപൻ അന്ന് തുറന്ന് പറഞ്ഞു. സീത അഭിനയ രംഗത്തേക്ക് തിരിച്ച് വരാൻ തീരുമാനിച്ചപ്പോൾ ഞാൻ പിന്തുണയ്ക്കേണ്ടതായിരുന്നു. എന്നാൽ ഞാനന്ന് കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറ്റൊരു രീതിയിൽ ചിന്തിച്ചു. അത് കൊണ്ടാണ് താനും സീതയും പിരിഞ്ഞതെന്ന് പാർത്ഥിപൻ അന്ന് വ്യക്തമാക്കി.
പിരിഞ്ഞ ശേഷം ഞങ്ങൾ എവിടെയും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ ആളുകൾ പലതും എഴുതുമ്പോൾ മകൾക്ക് ദേഷ്യം വന്നിട്ടുണ്ടെന്നും പാർത്ഥിപൻ തുറന്ന് പറഞ്ഞു. അഭിനയത്തിനൊപ്പം ഫിലിം മേക്കിംഗിലും പാർത്ഥിപൻ ഇന്ന് ശ്രദ്ധ നൽകുന്നു. സീതയും സിനിമകൾ ചെയ്യുന്നുണ്ട്. ഒരുകാലത്ത് നായിക നടിയായി തിളങ്ങിയ സീത പിന്നീട് ക്യാരക്ടർ റോളുകളാണ് കൂടുതലും ചെയ്തത്. മലയാളത്തിൽ മൈ ബോസ് എന്ന സിനിമയിൽ ദിലീപിന്റെ അമ്മ വേഷം സീതയാണ് ചെയ്തത്.


Click it and Unblock the Notifications











