അച്ഛനും അമ്മയും ആഗ്രഹിച്ചതാണ്; അച്ഛന്റെ കണ്ണ് നിറയും; പ്രഭുദേവയുടെ മകളെക്കുറിച്ച് സഹോദരൻ
സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ് പ്രഭുദേവയുടെ സ്വകാര്യ ജീവിതം. ആദ്യ വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ, നയൻതാരയുമായുണ്ടായ പ്രണയവും പിരിയലും തുടങ്ങിയവയെല്ലാം വലിയ തോതിൽ ചർച്ചയായതാണ്. റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇവർ. മുസ്ലിം മതസ്ഥയായ റംലത്ത് ഹിന്ദു മതത്തിലേക്ക് മാറുകയും പേര് ലത എന്നാക്കുകയും ചെയ്തു. മൂന്ന് ആൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്. മക്കളോട് വലിയ സ്നേഹം പ്രഭുദേവയ്ക്കുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. പ്രഭുദേവയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്.
ഇതിന് ശേഷമാണ് നയൻതാര പ്രഭുദേവയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നടിയുമായി പ്രഭുദേവയ്ക്കുള്ള വിവാഹേതര ബന്ധം വലിയ തോതിൽ ചർച്ചയായി. ഇരുവർക്കുമെതിരെ ആദ്യ ഭാര്യ രംഗത്ത് വരികയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ റംലത്തുമായി നിയമപരമായി പ്രഭുദേവ വേർപിരിഞ്ഞു. വലിയ തുക ജീവനാംശമായി നൽകേണ്ടി വന്നെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. നയൻതാരയുമായുള്ള ബന്ധത്തിലും പിന്നീട് പ്രശ്നങ്ങൾ വന്നു. നടിയുമായി പ്രഭുദേവ പിരിഞ്ഞത് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു.

വർഷങ്ങൾക്ക് ശേഷം ഫിസിയോതെറാപിസ്റ്റായ ഹിമാനി സിംഗിനെയാണ് പ്രഭുദേവ വിവാഹം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. പ്രഭുദേവ വിവാഹിതനാണെന്ന് 2020 ൽ ഇദ്ദേഹത്തിന്റെ സഹോദരനാണ് വ്യക്തമാക്കിയത്. വ്യക്തി ജീവിതത്തിലെ സ്വകാര്യത സംരക്ഷിക്കാനാഗ്രഹിക്കുന്ന പ്രഭുദേവ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. അടുത്തിടെയാണ് പ്രഭുദേവയ്ക്കും ഹിമാനി സിംഗിനും ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രഭുദേവയുടെ ഇളയ സഹോദരൻ നടൻ നാഗേന്ദ്ര പ്രസാദ്.
വീട്ടിൽ ആദ്യമായി പിറക്കുന്ന പെൺകുഞ്ഞാണ് പ്രഭുദേവയുടേതെന്നും ഇതിൽ കുടുംബം വളരെ സന്തോഷത്തിലാണെന്നും നാഗേന്ദ്ര പ്രസാദ് പറയുന്നു. വീട്ടിൽ ഞങ്ങൾ മൂന്ന് സഹോദരങ്ങളായതിനാൽ പെൺകുട്ടി ഇല്ലാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്. എന്റെ മൂത്ത ചേട്ടന് രണ്ട് ആൺ മക്കളാണ്. പ്രഭു അണ്ണന് ആൺമക്കൾ. എനിക്കും രണ്ട് ആൺമക്കളാണ് പിറന്നത്. ഇപ്പോൾ പ്രഭു അണ്ണന് ഒരു പെൺകുട്ടി പിറന്നപ്പോൾ വളരെ സന്തോഷം തോന്നി. പെൺകുട്ടി പിറന്നതോടെ ഉത്തരവാദിത്തം വന്നു.

പേരക്കുട്ടിയായി പെൺകുഞ്ഞ് പിറന്നതിൽ തന്റെ പിതാവ് വളരെ സന്തോഷത്തിലാണെന്നും നാഗേന്ദ്ര പ്രസാദ് പറയുന്നു. അതാലോചിച്ചാൽ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറയും. അത്രയും അറ്റാച്ച്ഡ് ആണ്. എല്ലാം ആൺകുട്ടികളായതിനാൽ ഒരു പെൺകുഞ്ഞ് പിറന്നതിനാൽ തങ്ങൾ എല്ലാവർക്കും പ്രഭുദേവയുടെ മകളോട് പ്രത്യേക സ്നേഹമുണ്ടെന്നും നാഗേന്ദ്ര പ്രസാദ് പറയുന്നു.
രാജ സുന്ദരം എന്നാണ് പ്രഭുദേവയുടെ മൂത്ത സഹോദരന്റെ പേര്. ഇദ്ദേഹം കൊറിയോഗ്രാഫറാണ്. ഇളയ സഹോദരനാണ് നാഗേന്ദ്ര പ്രസാദ്. ഇദ്ദേഹം കൊറിയോഗ്രാഫറും നടനുമാണ്. മൂന്ന് മക്കളിൽ ഇളയ ആളായതിനാൽ വീട്ടുകാർ ഓമനിച്ച് വളർത്തിയത് തന്നെയാണെന്നും നാഗേന്ദ്ര പ്രസാദ് പറയുന്നു. മൈസൂരിലാണ് അച്ഛനും അമ്മയും താമസിക്കുന്നത്. മാസത്തിൽ രണ്ട് തവണ പോയി കാണാറുണ്ട്. സഹോദരങ്ങൾ ദിവസവും അവരെ വിളിച്ച് സംസാരിക്കാറുണ്ടെന്നും നാഗേന്ദ്ര പ്രസാദ് പറയുന്നു. സിനിമാ രംഗത്ത് മൂന്ന് സഹോദരങ്ങളും ഇപ്പോൾ സജീവമാണ്.


Click it and Unblock the Notifications