സ്നേഹിക്കാൻ കഴിയണം... ബാക്കിയെല്ലാം അവൾ നോക്കും; പ്രിയങ്കയുടെ പങ്കാളി വിവാഹതിനും രണ്ട് കുട്ടികളുടെ പിതാവും?
അടുത്തിടെയായിരുന്നു തമിഴകത്ത് പ്രശസ്തയായ അവതാരക പ്രിയങ്ക ദേശ്പാണ്ഡെയുടെ വിവാഹം. ഡിജെയും സംരംഭകനുമായ വസിയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. പ്രവീൺ ആയിരുന്നു പ്രിയങ്കയുടെ ആദ്യ ഭർത്താവ്. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യം കിട്ടാതായതോടെ 2022ൽ ആ വിവാഹബന്ധം പ്രിയങ്ക വേർപ്പെടുത്തി. ഇപ്പോഴിതാ പ്രിയങ്ക മാത്രമല്ല പുതിയ പങ്കാളി വസിയുടേയും രണ്ടാം വിവാഹമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വസി സാച്ചി മുമ്പ് ഒരു തവണ വിവാഹിതനായതാണെന്നും ആ ബന്ധത്തിൽ വസിക്ക് രണ്ട് കുട്ടികളുണ്ടെന്നുമാണ് റിപ്പോർട്ട്. മാത്രമല്ല വസിയുടെ ബന്ധുക്കളിൽ ചിലർ രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനം വഹിച്ചിരുന്നവരാണെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ വിവാഹം വളരെ സ്വകാര്യമായാണ് പ്രിയങ്ക നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ബിഗ് ബോസ് തമിഴ് മുൻ മത്സരാർത്ഥി കൂടിയായിരുന്ന പ്രിയങ്ക വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോഴാണ് മീഡിയ പോലും വിവാഹം നടന്ന വിവരം അറിയുന്നത്. പ്രിയങ്കയും ഭർത്താവ് വസിയുമിപ്പോൾ ലണ്ടനിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. അതേസമയം പ്രിയങ്ക-വസി വിവാഹത്തെ കുറിച്ച് സഹപ്രവർത്തകനായ കെപിവൈ ശരത്ത് പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.
പുറമെ ചിരിച്ച് കളിച്ച് സന്തോഷത്തോടെ നിൽക്കുന്നയാളാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ എന്താണ് അനുഭവിക്കുന്നതെന്ന് പലപ്പോഴും താൻ മനസിലാക്കിയിട്ടുണ്ടെന്നും പൊട്ടിക്കരയുന്ന പ്രിയങ്കയെ താൻ കണ്ടിട്ടുണ്ടെന്നുമാണ് കെപിവൈ ശരത്ത് പറഞ്ഞത്. പ്രിയങ്ക വീണ്ടും വിവാഹിതയായി എന്ന വാർത്ത കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വളരെ ഹാപ്പിയായി.
പ്രിയങ്ക ദേശ്പാണ്ഡെ എത്ര നല്ല സ്വഭാവമുള്ള വ്യക്തിയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എല്ലാവരേയും എപ്പോഴും സന്തോഷത്തോടെ നിർത്താൻ താൽപര്യമുള്ളയാളാണ്. ഫൺ പേഴ്സണാണ്. അത് മാത്രമല്ല അവർ വളരെ ഇമോഷണലായ വ്യക്തി കൂടിയാണ്. അവർ സെൻസിറ്റീവായ വ്യക്തിയാണെന്ന് പുറമെ കാണിക്കാറില്ല. പക്ഷെ പ്രിയങ്കയ്ക്കൊപ്പം പ്രവർത്തിച്ചവർക്ക് അറിയാം. ഇതുവരെയുള്ള ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ സങ്കടം താങ്ങാൻ കഴിയാതെ പൊട്ടി കരയുന്നത് ഞാൻ തന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ട് അവരുടെ ജീവിതത്തിൽ നല്ലൊരു കാര്യം സംഭവിച്ചുവെന്നതും ആഗ്രഹിച്ചത് പോലൊരു ജീവിതം അവർക്ക് കിട്ടിയെന്നതും ഒരു സുഹൃത്ത് എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും സന്തോഷം പകരുന്നതാണ്.

പക്ഷെ പ്രിയങ്കയും വസിയും പ്രണയത്തിലായിരുന്നുവെന്നത് എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കളാണെന്ന് അറിയാമായിരുന്നു. സുഹൃത്തുക്കളായിരുന്ന രണ്ട് പേരാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ട് തന്നെ ഇനിയുള്ള അവരുടെ ജീവിതം മനോഹരമായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. കല്യാണം കുടുംബക്കാരെയും വളരെ കുറച്ച് സുഹൃത്തുക്കളേയും ക്ഷണിച്ച് മാത്രമാണ് പ്രിയങ്ക നടത്തിയത് എന്നായിരുന്നു ശരത്തിന്റെ വാക്കുകൾ.
പ്രിയങ്കയും വസിയും തമ്മിൽ ഒമ്പത് വയസിന്റെ പ്രായ വ്യത്യാസമുണ്ട്. നാൽപ്പത്തിരണ്ടുകാരനായ വസി വിവാഹ ദിവസം പോലും തന്റെ നരച്ച തലമുടി കറുപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വസിയുടെ പ്രായം വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാണ്. പ്രിയങ്ക വൃദ്ധനെ വിവാഹം ചെയ്തുവെന്ന തരത്തിലായിരുന്നു കമന്റുകൾ.
പക്ഷെ പ്രിയങ്കയോ വസിയോ ഒന്നിനോടും പ്രതികരിച്ചതില്ല. തന്നെ മനസറിഞ്ഞ് സ്നേഹിക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് വേണ്ടിയാണ് പ്രിയങ്ക കാത്തിരുന്നതെന്നും ബാക്കി കുടുംബ ജീവിതത്തിലെ എല്ല കാര്യങ്ങളും താൻ നോക്കികൊള്ളാമെന്നും പ്രിയങ്ക നിരന്തരം പറയുമായിരുന്നുവെന്നാണ് അവതാരകയുടെ സുഹൃത്തുക്കൾ പറഞ്ഞത്. ആഗ്രഹിച്ചത് പോലൊരു ജീവിതം പ്രിയങ്കയ്ക്ക് കിട്ടിയ സന്തോഷം സുഹൃത്തുക്കളുടെ ആശംസ പോസ്റ്റുകളിലും കാണാമായിരുന്നു. കുക്ക് വിത്ത് കോമളി ഷോയിലെ മത്സരാർത്ഥിയുമായിരുന്നു പ്രിയങ്ക.


Click it and Unblock the Notifications











