'വിജയ് ചിത്രം 20 കോടി നഷ്ടമെന്ന് വാര്‍ത്ത'! മറുപടിയുമായി ബിഗില്‍ നിര്‍മ്മാതാവ്
ദളപതി വിജയുടെതായി കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമാണ് ബിഗില്‍. തെറി, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിച്ച സിനിമയായിരുന്നു ബിഗില്‍. സ്‌പോര്‍ട്‌സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം വനിത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചിന്റെ കഥയാണ് പറഞ്ഞത്. സിനിമയില്‍ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിച്ചിരുന്നത്. തമിഴ് സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ വിജയമായി സിനിമ മാറിയിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കി. അതേസമയം വിജയ് ചിത്രം 20 കോടി നഷ്ടമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബിഗില്‍ ഫ്‌ളോപ്പ് ആയിരുന്നു എന്ന അവകാശവാദവുമായി ദേശീയ മാധ്യമമാണ് രംഗത്തുവന്നത്.
ബിഗിലിന്റെ നിര്‍മ്മാതാക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത് എന്നായിരുന്നു ചാനല്‍ പറഞ്ഞത്. ബിഗിലിന് വേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്‌ബോള്‍ സീന്‍ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാല്‍ ചിത്രം ലാഭത്തിലായില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞെന്നായിരുന്നു വെളിപ്പെടുത്തല്‍.
അതേസമയം ഇത് നിഷേധിച്ച് ബിഗില്‍ നിര്‍മ്മാതാക്കളിലൊരാളായ അര്‍ച്ചന കല്‍പ്പാത്തി രംഗത്തുവന്നിരുന്നു. ഇത് വ്യാജ വാര്‍ത്തയാണെന്ന് അര്‍ച്ച സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ പ്രതികരണവുമായി എത്തിയത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച ബിഗില്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും എറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായും ബിഗില്‍ മാറി.
180 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ദീപാവലിക്ക് റിലീസ് ചെയ്ത ബിഗില്‍ വിജയുടെ ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ വിവേക്, കതിര്‍,ജാക്കി ഷ്‌റോഫ്, ഐഎം വിജയന്‍,യോഗി ബാബു, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊല്ലമ്മ, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications











