വിഘ്നേശിന്റെ കുടുംബത്തിൽ പ്രശ്നം; കാരണം സ്വത്തുക്കൾ; വിവാദങ്ങൾ ഒഴിയാതെ സംവിധായകൻ
തമിഴകത്തെ പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷം മാറി മറിഞ്ഞത് വിഘ്നേശ് ശിവന്റെ കരിയറും ജീവിതവുമാണ്. സംവിധായകനെന്ന നിലയിൽ വിഘ്നേശിന് വഴിത്തിരിവുണ്ടാകുന്നത് ഈ സിനിമയ്ക്ക് ശേഷമാണ്. സിനിമയിൽ പ്രധാന വേഷം ചെയ്ത നയൻതാരയെ ജീവിതത്തിലും ഇദ്ദേഹത്തിന് നായികയായി ലഭിച്ചു.
നാനും റൗഡി താൻ ഷൂട്ടിംഗിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങുമ്പോഴേക്കും ഇരുവരും പ്രണയത്തിലായി. എന്നാൽ സിനിമ റിലീസ് ചെയ്ത ശേഷമാണ് താരങ്ങൾ ഇക്കാര്യം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് വിഘ്നേശ് നയൻതാരയെ വിവാഹം ചെയ്തത്. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. വിവാഹശേഷം ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും താരദമ്പതികളുടെ ജീവിതത്തിലേക്ക് കടന്ന് വന്നു.
വിഘ്നേശിന്റെ കുടുംബത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടന്റെ അന്തരിച്ച പിതാവ് ശിവകൊലുദുവിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. എട്ട് സഹോദരങ്ങളാണ് വിഘ്നേശിന്റെ പിതാവിനുള്ളത്. ഇവർക്കെല്ലാം അവകാശപ്പെട്ട പൈതൃക സ്വത്ത് ഇദ്ദേഹം ഒറ്റയ്ക്ക് വിറ്റെന്ന് സഹോദരൻ ആരോപിക്കുന്നു.

പാെലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. മീന കുമാരി എന്നാണ് വിഘ്നേശിന്റെ അമ്മയുടെ പേര്. ഐശ്വര്യ എന്ന സഹോദരിയും സംവിധായകനുണ്ട്. നയൻതാരയുമായുള്ള വിവാഹശേഷം വിഘ്നേശുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും വാർത്താ പ്രാധാന്യം നേടാറുണ്ട്. വിഘ്നേശിന്റെ കുടുംബവുമായി നയൻതാരയ്ക്ക് വലിയ ആത്മബന്ധം ഉണ്ട്.
അടുത്തിടെ സംവിധായകന്റെ അമ്മ മീന കുമാരി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. വിഘ്നേശ് സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനമാണ് നയൻതാരയ്ക്ക് മകനെ ഇഷ്ടപ്പെടാൻ കാരണമായതെന്ന് മീന കുമാരി പറഞ്ഞു. പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് ചെറുപ്പത്തിലേ അവന്റെ അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്.
മകൻ നല്ലവനായത് കൊണ്ടാണ് സിനിമയിലെ നായിക തന്നെ അവന് ജീവിതപങ്കാളിയാക്കിയത്. സ്വന്തം മകനായത് കൊണ്ട് പ്രശംസിച്ച് പറയുകയല്ലെന്നും മീന കുമാരി വ്യക്തമാക്കി. അടുത്തിടെ വിഘ്നേശിന്റെ നാട്ടിൽ നയൻസ് ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ആളുകൾ തടിച്ച് കൂടിയത് മൂലം നയൻതാര ദേഷ്യപ്പെട്ടാണ് മടങ്ങിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
കരിയറിൽ വിഘ്നേശിനും നയൻതാരയ്ക്കും ഇത് നല്ല സമയമല്ല. അജിത്ത് ചിത്രത്തിൽ നിന്ന് പുറത്തായതിന്റെ നിരാശ വിഘ്നേശിനെ വിട്ട് പോയിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് സംവിധാന സ്ഥാനത്ത് നിന്നും വിഘ്നേശിനെ മാറ്റി പകരം മഗിഴ് തിരുമേനിയെ കൊണ്ട് വന്നത്. സിനിമ നിർമ്മിക്കുന്ന ലൈക പ്രൊഡക്ഷനാണ് തീരുമാനമെടുത്തത്. കരിയറിൽ ശക്തമായ സാന്നിധ്യം വീണ്ടും അറിയിക്കാനുള്ള ശ്രമത്തിലാണ് വിഘ്നേശ് ശിവൻ.

മറുവശത്ത് നയൻതാരയ്ക്ക് ഒരു ഹിറ്റ് സിനിമ ലഭിച്ചിട്ട് നാളുകളായി. ഗോൾഡ്, കണക്ട് തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു. തുടരെ സിനിമകൾ പരാജയപ്പെടുന്നത് നടിയുടെ താരമൂല്യത്തെയും ബാധിച്ചേക്കാം. റിലീസിനൊരുങ്ങുന്ന ജവാൻ എന്ന സിനിമ താരത്തെ തുണച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഷാരൂഖ് ഖാൻ നായകനായെത്തുന്ന സിനിമയുടെ സംവിധായകൻ അറ്റ്ലിയാണ്.
സിനിമയ്ക്കപ്പുറം ബിസിനസ് രംഗത്ത് നയൻതാര കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിന് പുറമെ 'ലിപ് ബാം കമ്പനി' എന്ന കോസ്മെറ്റിക് കമ്പനിയുടെ ഉടമകളിലാെരാളാണ് താരം. വിദേശ കമ്പനികളിൽ ഉൾപ്പെടെ നിക്ഷേപവും ഉണ്ട്. കോടികളുടെ ആസ്തിയുള്ള നയൻതാര ആഡംബരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്.


Click it and Unblock the Notifications