പണം എന്റെ കയ്യിൽ അല്ല, എല്ലാം ഭാര്യ നോക്കും, എനിക്ക് പോക്കറ്റ് മണി മാത്രം; തുറന്ന് പറഞ്ഞ് മാധവൻ
സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടനാണ് മാധവൻ. കരിയറിൽ കയറ്റിറക്കങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ മാധവന് കഴിഞ്ഞു. ഇന്ന് ബഹുമാന്യ സ്ഥാനം മാധവന് സിനിമാ ലോകത്തുണ്ട്. ഒരു കാലത്ത് തെന്നിന്ത്യയിലെ ചോക്ലേറ്റ് നായകനായിരുന്ന മാധവൻ ഇന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്ന നടനും ഫിലിം മേക്കറുമാണ്. തമിഴകത്ത് ഒരു കാലത്ത് മാധവനുണ്ടാക്കിയ തരംഗം ചെറുതല്ല. മലയാളത്തിലെ കുഞ്ചാക്കോ ബോബനായിരുന്നു തമിഴിൽ മാധവൻ. സ്ത്രീകളുടെ ആരാധ്യ പുരുഷനായിരുന്നു അക്കാലത്ത് മാധവൻ.
എന്നാൽ സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ മാധവൻ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ. സരിത ബിർജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്. സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പ് പേഴ്സണാലിറ്റി ഡവലപ്മെന്റ് പരിശീലകനായി വർക്ക് ചെയ്യുമ്പോഴാണ് മാധവൻ സരിതയെ പരിചയപ്പെടുന്നത്. 1999 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്.

ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാധവൻ. തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണെന്ന് മാധവൻ പറയുന്നു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണ്. എനിക്ക് ചെലവഴിക്കാൻ പോക്കറ്റ് മണി ലഭിക്കും. ഞാനതിൽ സന്തോഷവാനാണ്. തുടക്കം മുതലേ അങ്ങനെയാണെന്നും മാധവൻ വ്യക്തമാക്കി. നേരത്തെ തനിക്കും ഭാര്യക്കും ജോയിന്റ് അക്കൗണ്ടാണുള്ളതെന്ന് മാധവൻ പറഞ്ഞിരുന്നു. വിവാഹമോചനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ.
ജോയ്ന്റ് അക്കൗണ്ടുള്ളത് വിവാഹബന്ധത്തെ സുതാര്യമാക്കുകയും പരസ്പരം വിശ്വാസം വരികയും ചെയ്യുമെന്നും അന്ന് മാധവൻ ചൂണ്ടിക്കാട്ടി. പ്രോപ്പർട്ടികളുടെയും കാറുകളുടെയുമെല്ലാം ഉടമസ്ഥാവകാശം രണ്ട് പേർക്കുമാണെന്ന് അന്ന് മാധവൻ വ്യക്തമാക്കി. ചില സാമ്പത്തിക തീരുമാനങ്ങൾ വിവാഹബന്ധത്തെ സുസ്ഥിരമാക്കാൻ സഹായിച്ചെന്നും മാധവൻ പറഞ്ഞു. തന്റെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ഒരിക്കൽ മാധവൻ സംസാരിച്ചിട്ടുണ്ട്.

രണ്ട് വരുമാന ശ്രോതസ്സുകളുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അമ്മ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ ടാറ്റാ സ്റ്റീലിലും. രണ്ട് പേർക്കും ഏറെക്കുറെ ഒരേ ശമ്പളമായിരുന്നെന്നും മാധവൻ വ്യക്തമാക്കി. ഹിസാബ് ബറാബർ ആണ് മാധവന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് മാധവനൊപ്പം ടെസ്റ്റിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications











