ബാംഗ്ലൂര്‍ ഡെയ്സില്‍ റായി ലക്ഷ്മിയും
മലയാളത്തില്‍ പോയ വര്‍ഷം സൂപ്പര്‍ ഹിറ്റായ, ഈ വര്‍ഷം മികച്ച ജനപ്രിയ ചിത്രം എന്ന കാറ്റഗറിയില്‍ ദേശീയ പുരസ്‌കാര പട്ടികയില്‍ ഫൈനല്‍ റൗണ്ട് ലിസ്റ്റിലെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്- തെലുങ്ക് റീമേക്കിന്റെ ജോലികള്‍ പുരോഗമിയ്ക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞത്.
ഫഹദ് ഫാസിലിന്റെ വേഷത്തില്‍ റാണ ഗുപ്തയും നസ്‌റിയയുടെ വേഷത്തില്‍ ശ്രീദിവ്യയും എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഷത്തില്‍ ആര്യയും നിവിന്‍ പോളിയുടെ വേഷത്തില്‍ ബോബി സിന്‍ഹയുമാണ് എത്തുന്നത്. ആര്‍ ജെ സെറയായി പാര്‍വ്വതി തന്നെ അഭിനയിക്കും.

ഇനി ബാക്കിയുള്ള വേഷം ഇഷ തല്‍വാറിന്റെയും നിത്യ മേനോന്റെയുമാണ്. നടാഷ ഫ്രാന്‍സിസ് ആയി നിത്യ തന്നെയാണ് എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതും മാറ്റിവച്ചാല്‍ ഇനി ബാക്കി ഇഷ തല്‍വാറിന്റെ വേഷമാണ്.
ഇഷയുടെ വേഷത്തില്‍ റായി ലക്ഷ്മി എന്ന ലക്ഷ്മി റായി എത്തുമെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്. നിവിന്‍ പോളിയെ പറ്റിയ്ക്കുന്ന കാമുകിയുടെ വേഷമാണ് ഇഷ അവതരിപ്പിച്ചിരുന്നത്. അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അറിയുന്നു.
ബൊമ്മരലു എന്ന സൂപ്പര്‍ ഹിറ്റ് സിനിമ സംവിധാനം ചെയ്ത ഭാസ്‌കര്‍ ആണ് ചിത്രം തമിഴിലും തെലുങ്കിലും റീമേയ്ക്ക് ചെയ്യുന്നത്. സംഗീതം പകരുന്നത് ഗോപിസുന്ദര്‍ തന്നെയാണ്. കസിന്‍സിന്റെ ബന്ധത്തെ കുറിച്ച് പറഞ്ഞ ബാംഗ്ലൂര്‍ ഡെയ്‌സ്, ബാംഗ്ലൂര്‍ പശ്ചാത്തലമാക്കിയ സൗഹൃദത്തിന്റെ കൂടെ കഥയാണ്.


Click it and Unblock the Notifications











