റിലീസിന് മുന്‍പ് ബിഗ് ബജറ്റ് കൈയിലെത്തി! രജനികാന്തിന്റെ എന്തിരന്‍ 2 ഞെട്ടിക്കുന്നത് ഇങ്ങനെയാണ്!
തമിഴ്‌നാട്ടുകാരുടെ തലൈവര്‍ രജനികാന്തിന്റെ കാല തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. തൊട്ട് പിന്നാലെ തന്നെ ബ്രഹ്മാണ്ഡ സിനിമയായ 2.0 എത്തും. എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന 2.0 ബിഗ് ബജറ്റിലെരുങ്ങുന്ന വിസ്മയ ചിത്രം കൂടിയാണ്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ് കുമാര്‍, എമി ജാക്‌സാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോടികള്‍ മുടക്കി തിയറ്ററുകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സിനിമ റെക്കോര്‍ഡ് തുക നേടിയിരിക്കുകയാണ്. ഇക്കാര്യം മുൻപ് പുറത്ത് വന്നിരുന്നെങ്കിലും റിലീസിനോട് അനുബന്ധിച്ച് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

എന്തിരൻ
2010 ൽ റിലീസിനെത്തിയ സയൻസ് ഫിക്ഷൻ സിനിമയായിരുന്നു എന്തിരൻ. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സിനിമ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. രജനികാന്തിനൊപ്പം ഐശ്വര്യ റായി ആയിരുന്നു എന്തിരനിലെ നായിക. തമിഴിലെ പ്രശസ്തമായ എൻ ഈനിയ ഇയന്തിര , മീണ്ടും ജീനോ എന്നീ നോവലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എസ് ശങ്കർ സിനിമയ്ക്ക് കഥ ഒരുക്കിയിരുന്നത്. വ്യത്യസ്തമായ പ്രമേയവുമായി എത്തിയ എന്തിരൻ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. സിനിമ പുറത്തെത്തി ഏട്ട് വർഷങ്ങള്‍ക്ക് ശേഷം എന്തിരന്റെ രണ്ടാം ഭാഗം കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്.

2.0
എന്തിരന്റെ വിജയത്തിന് ശേഷം ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് 2.0 എന്നാണ് പേരിട്ടിരിക്കുന്നത്. എസ് ശങ്കർ തന്നെ സംവിധാനം ചെയ്യുന്ന സിനിമയിൽ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എമി ജാക്സണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എപ്പോഴാണെന്നുള്ള കാര്യം വ്യക്തമല്ല. ദീപാവലിയോട് കൂടി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബ്രഹ്മാണ്ഡ സിനിമ
തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായി നിർമ്മിക്കുന്ന സിനിമ ഡബ്ബ് ചെയ്ത വേര്‍ഷൻ ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ് തുടങ്ങി മറ്റ് പതിനഞ്ച് ഭാഷകളിലേക്കും എത്തിക്കും. ഇന്ത്യയിലെ അടുത്ത വിസ്മയ ചിത്രമായി കണക്കാക്കുന്ന ചിത്രം 450 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് തന്നെ 12 കോടി രൂപ മുടക്കിയായിരുന്നു ദുബായില്‍ നിന്നും നടത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുഭാസ്‌കരന്‍ ആണ് നിര്‍മ്മിക്കുന്നത്. വിഎഫ്എക് മികവോടെയാണ് സിനിമയുടെ വിഷ്വല്‍സ് ഒരുക്കിയിരിക്കുന്നത്.

ഞെട്ടിക്കുന്ന തുക
450 കോടിയാണ് നിർമാണ തുകയെങ്കിലും റിലീസിന് മുൻപ് തന്നെ ചിത്രം അത് നേടിയിരിക്കും. നിലവിൽ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകക്കാണ് വിറ്റ് പോയിരിക്കുന്നത്. 110 കോടി രൂപയ്ക്ക് സീ നെറ്റ്വര്‍ക്കാണ് 2.0 യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ വേര്‍ഷനകളുടെ അവകാശമാണ് സീ നെറ്റ്വര്‍ക്കാണ് നേടിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവുമധികം ചെലവേറിയ സിനിമ നിർമ്മിക്കുന്നത് തന്നെ 100 കോടി രൂപക്കാണ്. റിലീസ് ദിനത്തില്‍ 2.0 ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാവാനുള്ള തയ്യാറെടുപ്പാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

വിതരണം..
2.0 യുടെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് മിനിസ്റ്റുഡിയോസ് ആണ്. 2.0 യുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ വിതരണത്തിനെത്തിക്കുന്നത്. നടന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസുമായിട്ടാണ് സഹകരിച്ചാണ് മിനി സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ ആദ്യ ആഴ്ച തിയറ്ററുകളിലെത്തുന്ന രജനികാന്തിന്റെ കാലയും ഇവര്‍ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. മുൻപ് ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് വിതരണം ചെയ്യുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും മിനി സ്റ്റുഡിയോ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications











