'വെളുത്ത പെണ്ണിനെയെ വിവാഹം കഴിക്കൂവെന്നത് രജിനികാന്തിന് നിർബന്ധമായിരുന്നു, ശേഷം ലതയെ വിവാഹം ചെയ്തു'; കാന്തരാജ്
സൂപ്പർതാരം രജിനികാന്ത് അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ ഒരു ഹിറ്റ് സിനിമ കൂടി രജിനിയുടെ കരിയറിനോട് എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ജയിലറിലെ കഥാപാത്രം സൂപ്പർസ്റ്റാറിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജിനി സിനിമ ഇത്രത്തോളം ആരാധകർക്കിടയിൽ ആഘോഷിക്കപ്പെടുന്നത്.
ബാലചന്ദർ സംവിധാനം ചെയ്ത് 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ജയിലർ 169ആം ചിത്രമാണ്. രജിനിയുടെ സിനിമാ ജീവിതം പോലെ തന്നെ എപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് താരത്തിന്റെ സ്വകാര്യ ജീവിതം. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാമായി രജിനിയുടെ കുടുംബം ഇപ്പോൾ വളരെ വലുതാണ്.

വിവാഹമേ വേണ്ട എന്ന് പറഞ്ഞിരുന്ന ലത എന്ന പെൺകുട്ടിയെ ജീവിത സഖിയാക്കിയപ്പോൾ സിനിമയിൽ രജിനി ചുവടുറപ്പിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. വെളുത്ത പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നത് രജിനികാന്തിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിന്റെ പൂർത്തീകരണമാണ് ലതയുമായുള്ള താരത്തിന്റെ വിവാഹത്തിലൂടെ കണ്ടതെന്നും പറയുകയാണ് ഇപ്പോൾ തമിഴ് സിനിമയുമായി അടുത്ത ബന്ധമുള്ള ഡോ. കാന്തരാജ്.
ആഗായം തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജിനികാന്ത്-ലത വിവാഹത്തെ കുറിച്ച് കാന്തരാജ് സംസാരിച്ചത്. 'വിവാഹവുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങൾ രജിനി ആദ്യം പങ്കുവെച്ചത് നടൻ വൈ.ജി മഹേന്ദ്രനോട്.'
'വൈജി മഹേന്ദ്രയുടെ ഭാര്യ സുധയെ കണ്ടശേഷം അത്തരത്തിൽ വെളുത്തിരിക്കുന്ന ഭംഗിയുള്ള ഒരു പെൺകുട്ടിയെ താൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് രജിനി പറഞ്ഞു. സുധയ്ക്ക് ഒരു സഹോദരിയില്ലേ... ആ പെൺകുട്ടി വെളുത്ത് സുന്ദരിയാണെന്ന് കേട്ടു.'
'അവളെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് വൈ.ജി മഹേന്ദ്രനോട് രജിനികാന്ത് പറഞ്ഞു. താൻ കറുത്തതായതിനാലാണ് രജിനി വധു വെളുത്തിരിക്കണമെന്ന് വാശിപിടിച്ചത്. നിറം ആയിരുന്നു രജിനി പ്രധാനമായും ശ്രദ്ധിച്ചത്.'

'പിന്നീട് വൈ.ജി മഹേന്ദ്രൻ അടക്കമുള്ളവർ സംസാരിച്ച് ലതയും രജിനികാന്തും തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവാഹദിവസം സ്വത്തുമായി ബന്ധപ്പെട്ടുള്ള തർക്കവും മണ്ഡപത്തിൽ നടന്നിരുന്നു. പിന്നീട് അത് തീർപ്പാക്കി', എന്നുമാണ് രജിനിയുടെ വിവാഹത്തെ കുറിച്ച് സംസാരിച്ച് കാന്തരാജ് പറഞ്ഞത്.
വലിയ ആര്‍ഭാടമായ വിവാഹമൊന്നും ആയിരുന്നില്ല രജിനിയുടെയും ലതയുടെയും. 1982 ഫെബ്രുവരി 26ന് തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. ലത ജീവിതത്തിലേക്ക് വന്നപ്പോള്‍ ജീവിതം ആകെ മാറി എന്നാണ് രജിനികാന്ത് പറയാറുള്ളത്. 'അവളുടെ പ്രണയം എല്ലാം മാറ്റിയെടുത്തു.'
'ബസ് കണ്ടക്ടര്‍ ആയിരുന്ന കാലത്ത് ഒരുപാട് തെറ്റായ സൗഹൃദങ്ങളുണ്ടായിരുന്നു. ഒരുപാട് മദ്യപിക്കും രണ്ട് നേരം ആട്ടിറച്ചി തിന്നും എത്ര പാക്കറ്റ് സിഗരറ്റ് വേണമെങ്കിലും വലിച്ച് തീര്‍ക്കും. സിനിമയിലെത്തി പേരും പ്രശസ്തിയും ആയതിന് ശേഷം ആ ദുശീലം എത്രമാത്രം കൂടിയിട്ടുണ്ടാവും എന്ന് ഊഹിക്കാമല്ലോ. അതെല്ലാം പ്രണയത്തിലൂടെ മാറ്റി. എന്നെ ഒരു പുതിയ മനുഷ്യനാക്കിയത് ലതയാണ്', എന്നാണ് രജിനി പറഞ്ഞത്. നടൻ ആകുന്നതിന് മുമ്പ് ഒരു പ്രണയ പരാജയം രജിനിക്ക് സംഭവിച്ചിരുന്നു.


Click it and Unblock the Notifications