രജനിയുടെ ചിത്രത്തിന് ധനുഷിന്റെ മകന്റെ പേര്
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനായി കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ നായികയായി എത്തുന്നു. ലിങ്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോനാക്ഷി സിന്‍ഹ അഭിനയിക്കാന്‍ പോകുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമായിരിക്കും ലിങ്ക. സോനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയും രജനീകാന്തും സുഹൃത്തുക്കളാണ്. ഈ ബന്ധമാണ് ലിങ്കയില്‍ നായികയായി അഭിനയിക്കാനുള്ള അവസരം സോനാക്ഷിയ്ക്ക് സമ്മാനിച്ചത്.
പ്രിയാമണിയെ നായികയാക്കി ഒരുക്കിയ ചാരുലത എന്ന ചിത്രത്തിന്റെ സംവിധായകന്‍ പൊന്‍ കുമരനാണ് ലിങ്കയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. മെയ് 2നാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങുന്നത്. മൈസൂരാണ് പ്രധാന ലൊക്കേഷന്‍. 40 ദിവസമായിരിക്കും മൈസൂരിലെ ഷൂട്ടിങ്.

രജനീകാന്തിന്റെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ലിങ്കയെന്നാണ് സൂചന. റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറുകോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ സോനാക്ഷിയ്‌ക്കൊപ്പം അനുഷ്‌ക ഷെട്ടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അനുഷ്‌ക ഇതാദ്യമായിട്ടാണ് രജനിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നത്.
കൊച്ചടിയാന് ശേഷം പ്രഖ്യാപിയ്ക്കപ്പെടുന്ന രജനിച്ചിത്രമാണിത്. യന്തിരന് ശേഷം രജനി ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വകയൊരുക്കുന്ന ചിത്രമായിരിക്കും ലിങ്ക. രജനിയുടെ കൊച്ചുമകന്റെ പേരാണ് ചിത്രത്തിനിട്ടിരിക്കുന്നത്. ധനുഷ്- ഐശ്വര്യ ധനുഷ് എന്നിവരുടെ രണ്ടാമത്തെ മകനാണ് ലിങ്ക.


Click it and Unblock the Notifications











