പത്തുകോടി കെട്ടിവെച്ച് രജനികാന്തിന്റെ ലിംഗ വെള്ളിയാഴ്ച റിലീസ് ചെയ്യും
ചെന്നൈ: മോഷണമാണെന്ന ആരോപണത്തെ തുടര്‍ന്ന് കോടതി വ്യവഹാരത്തില്‍ കുടുങ്ങിയ സൂപ്പര്‍താരം രജനി കാന്തിന്റെ ലിംഗ വെള്ളിയാഴ്ച റിലീസ് ചെയ്യും. സിനിമയ്‌ക്കെതിരെ മോഷണ ആരോപണം ഉയര്‍ന്നതിനാല്‍ പത്തുകോടിരൂപ കോടതിയില്‍ കെട്ടിവെച്ചശേഷം റിലീസ് ചെയ്യാമെന്നാണ് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടത്.
നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ചിത്രം വെള്ളിയാഴ്ചതന്നെ റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിര്‍മാതാവ് ആര്‍. വെങ്കിടേശ് അറിയിച്ചു. കോടതിയുത്തരവ് അനുസരിക്കുമെന്നും ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യുന്നതില്‍ ഏറെ സന്താഷമുണ്ടെന്ന് രജിനികാന്ത് പറഞ്ഞു. പ്രേക്ഷകരുടെ പ്രതികരണം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

തമിഴ് സംവിധായകനായ രവിരത്‌നമാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. താന്‍ എഴുതി സംവിധാനം ചെയ്യാനിരുന്ന മുല്ലൈ വാനം 999 എന്ന സിനിമയുടെ കോപ്പിയടിയാണ് ചിത്രമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച അന്തിമ വിധിവരാന്‍ താമസിക്കുമെന്നതിനാലാണ് പണം കെട്ടിവെച്ചശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചത്.
ലിംഗ കോപ്പിയടിയാണെന്ന വാദം സംവിധായകന്‍ രവികുമാര്‍ നിഷേധിച്ചിട്ടുണ്ട്. ബോളിവുഡ് നടി സോനാക്ഷിയാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക. മകളുടെ പ്രായം മാത്രമുള്ള നടിയുടെ കൂടെ നായകനായി അഭിനയിക്കുക പ്രയാസമുള്ള കാര്യമായിരുന്നെന്ന് രജനികാന്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രജിനിയുടെ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സിനിമകൂടിയാണ് ലിംഗ.


Click it and Unblock the Notifications











