കൂലി വേലയ്ക്കിടെ പഴയ സഹപാഠിയുടെ പരിഹാസം; ആദ്യമായി കരഞ്ഞ ദിവസത്തെ കുറിച്ച് രജിനികാന്ത്
രജനികാന്ത് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചിട്ട് ഈ ഓഗസ്റ്റ് 15ന് അമ്പത് വർഷങ്ങൾ തികയുകയാണ്. ഇന്ത്യൻ സിനിമ രംഗം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രചോദനം നൽകുന്ന ജീവിതങ്ങളിൽ ഒന്നാണ് തമിഴകത്തിന്റെ സൂപ്പർസ്റ്റാറിന്റെത്. സിനിമയിൽ എത്തുന്നതിന് മുൻപ് ബസ് കണ്ടക്ടറായും, അതിന് മുൻപ് ഒരു കൂലി ആയിട്ടുമൊക്കെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ, സിനിമയിൽ അമ്പതാം വർഷം പൂർത്തിയാക്കുന്ന വേളയിൽ തീയറ്ററിൽ എത്തുന്ന രജനികാന്ത് ചിത്രത്തിന്റെ പേര് കൂലി എന്നാണെന്നത് കൗതുകമാവുകയാണ്.
അടുത്തിടെ ചെന്നൈയിൽ വച്ച് നടന്ന കൂലി ഓഡിയോ ലോഞ്ച് പരിപാടിയിൽ, തന്റെ സ്വതസിദ്ധമായ രീതിയിൽ സദസ്സിനോട് സംസാരിച്ച് രജിനികാന്ത് ചർച്ചാവിഷയമായി. അദ്ധേഹത്തിന്റെ ചില അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് അത്ര രസിച്ചിട്ടില്ലെങ്കിലും, മറ്റു ചില വെളിപ്പെടുത്തലുകൾ പ്രേക്ഷകർക്ക് ഏറെ വേദനയും, അതെ സമയം പ്രചോദനവുമായിരിക്കുകയാണ്. രജനികാന്ത് താൻ യഥാർത്ഥ ജീവിതത്തിൽ കൂലി വേല ചെയ്തതിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് വൈറൽ ആവുന്നത്.

പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ആവാതെ ഇരുന്ന സമയത്ത് അച്ഛന്റെ നിർദ്ദേശ പ്രകാരമാണ് താൻ കൂലി തൊഴിൽ ചെയ്യാൻ ഇറങ്ങിയതെന്ന് സൂപ്പർസ്റ്റാർ ഓർത്തെടുത്തു. ഒരു ദിവസം ചുമട് എടുത്തു അടുത്തുള്ള സ്ഥലത്തേക്ക് പോയപ്പോൾ, അവിടെ റോഡ് പണി നടക്കുന്നു. പിന്നെ അവിടെ എത്തിപ്പെടാൻ വീണ്ടും ആ ഭാരവും എടുത്തു കുറെ ദൂരം അലയേണ്ടി വന്നു. ആ സമയത്ത്, വഴിയിൽ ഉണ്ടായിരുന്ന വാഹനങ്ങളിൽ വന്നവരൊക്കെ, തിരക്കുള്ള റോഡിലേക്ക് ചുമടുമായി വന്നതിന് രജിനികാന്തിനെ കണക്കിന് വഴക്ക് പറയുകയും ചെയ്തു.

അങ്ങിനെ ലക്ഷ്യ സ്ഥാനത്ത് എത്തിയ രജിനികാന്തിന്, ആ ചുമടിന്റെ ഉടമ 2 രൂപ കൂലിയായി കൊടുത്തു. അയാളെ കണ്ട സൂപ്പർ താരം ഞെട്ടി, കാരണം അത് പഴയ ക്ലാസ്സ്മേറ്റ് മുനിസ്വാമി ആയിരുന്നു. എന്നാൽ രജിനിയുടെ ആ അവസ്ഥ കണ്ട ആ നിമിഷം അയാൾ അദ്ദേഹത്തെ കണക്കിന് പരിഹസിച്ച് ചിരിച്ചു. "എന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ അവൻ "പണ്ടൊക്കെ എന്തൊരു അഹങ്കാരമായിരുന്നു നിനക്ക്," എന്ന് പറഞ്ഞ് എന്റെ ജോലിയെ പരിഹസിച്ചു. ഞാൻ ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നായിരുന്നു," ഒരു വിങ്ങലോടെ കൂലി ഓഡിയോ ലോഞ്ച് പരിപാടിയിൽ സംസാരിച്ച രജിനികാന്ത് പറഞ്ഞു.
ഇത് കേട്ട് വേദിയിൽ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലതയുടെ കണ്ണുകൾ നിറയുന്നത്, ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ചടങ്ങിന്റെ വിഡിയോയിൽ കാണാം. എന്തായാലും, കാര്യങ്ങൾ മാറിമറിയാൻ അധികം നാൾ വേണ്ടി വന്നില്ല. ബസ് കണ്ടക്ടറായി ജോലിക്ക് കയറിയ രജിനികാന്ത്, ഒപ്പം നാടക അഭിനയവും തുടങ്ങി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്ന് അഭിനയം പഠിച്ച സ്റ്റൈലൻ ചെറുപ്പക്കാരനെ സംവിധായകൻ കെ ബാലചന്ദർ ശ്രദ്ധിച്ചു. അങ്ങനെ 1975ൽ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സിനിമാ ജീവിതം തുടങ്ങി.
കൂലി എന്ന സിനിമയിലേക്ക് തിരിച്ചു വന്നാൽ, ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തീയറ്ററുകൾ എത്താനിരിക്കുന്ന ലോകേഷ് കനഗരാജ് ചിത്രത്തിൽ ദേവ എന്ന നായകനായിട്ടാണ് രജിനികാന്ത് എത്തുന്നത്. നാഗാർജുന അക്കിനേനി, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, ഉപേന്ദ്ര, തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ആമിർ ഖാൻ ഒരു സ്പെഷ്യൽ കാമിയോ റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് കൂലിയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











