കളക്ഷന്റെ പേരില്‍ തള്ളോട് തള്ള്! തമിഴ്‌നാട്ടില്‍ തലയും തലൈവരും തമ്മില്‍ മത്സരം, ആരാധകര്‍ തമ്മിലടി
തമിഴ്‌നാട്ടിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് രജനികാന്തും അജിത്തും. വര്‍ഷങ്ങളോളമായി സിനിമയില്‍ സജീവമായിരിക്കുന്ന ഇരു താരങ്ങളെയും തലയെന്നും തലൈവരെന്നുമാണ് വിളിക്കുന്നത്. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ പേട്ട, വിശ്വാസം എന്നീ സിനിമകളിലൂടെ രണ്ട് പേരും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇതോടെ കളക്ഷന്റെ പേരില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.
പൊങ്കലിന് മുന്നോടിയായിട്ടാണ് സിനിമകള്‍ റിലീസിനെത്തിയത്. ആദ്യ ആഴ്ചയ്ക്കുള്ളില്‍ നൂറ് കോടി ക്ലബ്ബിലെത്താന്‍ രണ്ട് പേര്‍ക്കും കഴിഞ്ഞിരുന്നു. ആഗോളതലത്തില്‍ രജനികാന്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ അജിത്തിനാണ് പ്രധാന്യം. ഇപ്പോഴിതാ ഏഴ് ദിവസം കൊണ്ട് തമിഴ്‌നാട് ബോക്‌സോഫീസിലെ കണക്കുകള്‍ ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.

പേട്ട
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജനികാന്തിനെ നായകനായി അഭിനയിച്ച ആക്ഷന്‍ ചിത്രമാണ് പേട്ട. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ രജനികാന്തിനെ തിരികെ ലഭിച്ചെന്നാണ് പേട്ട കണ്ട ആരാധകര്‍ പറയുന്നത്. മോശമില്ലാത്ത തുടക്കമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.
സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മച്ച സിനിമയില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, ജെ മഹേന്ദ്രന്‍, ഗുരു സോമസുന്ദരം എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

നൂറ് കോടി ക്ലബ്ബില്‍
പേട്ട വേലന്‍ അഥവ കാളി എന്ന കഥാപാത്രമായി രജനികാന്ത് തകര്‍ത്തഭിനയിച്ചിരുന്നു. കളക്ഷന്‍ പേരില്‍ പല തര്‍ക്കങ്ങളും നടക്കുന്നതിനിടെയാണ് രജനികാന്ത് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയെത്തിയത്. ആഗോള ബോക്‌സോഫീസില്‍ നിന്നും 100 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ആദ്യം നേടിയാത് പേട്ടയായിരുന്നു. റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ടാണ് പേട്ട ഈ നേട്ടത്തിലെത്തിയത്. പേട്ടയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും സംയുക്തമായി ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. പേട്ടയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജും നടന്‍ മണികണ്ഠന്‍ ആചാരിയും എത്തിയിരുന്നു.

വിശ്വാസം
അജിത്ത് നായകനായെത്തിയ വിശ്വാസം ശിവയാണ് സംവിധാനം ചെയ്തിരുന്നത്. പേട്ടയ്‌ക്കൊപ്പം ജനുവരി പത്തിനായിരുന്നു വിശ്വാസം റിലീസ് ചെയ്തത്. പേട്ട പോലെ കിടിലനൊരു ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വാസത്തില്‍ നയന്‍താരയാണ് നായിക. ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു. വിശ്വാസവും ആദ്യദിനം മുതല്‍ ബോക്‌സോഫീസില്‍ തരംഗമായിരുന്നു.

പേട്ടയ്ക്ക് പിന്നാലെ
പേട്ട നാല് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയപ്പോള്‍ വിശ്വാസം അഞ്ചാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. പേട്ടയ്ക്ക് നാലാം ദിനം 111.35 കോടിയായിരുന്നു ആഗോളതലത്തില്‍ നിന്നും ലഭിച്ചത്. അതേ സമയം വിശ്വാസത്തിന് ലഭിച്ചത് 97.50 കോടിയായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയെന്ന് പറഞ്ഞ് വിശ്വാസത്തിന്റെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 125 കോടി വിശ്വാസം സ്വന്തമാക്കിയെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്.

തമിഴ്‌നാട്ടിലെ കളക്ഷന്‍
റിലീസിനെത്തിയ ആദ്യദിവസം മുതല്‍ തമിഴ്‌നാട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് വിശ്വാസമാണ്. എന്നാല്‍ മൂന്ന് കോടിയോളം രൂപയ്ക്ക് പിന്നിലായിരുന്നു പേട്ട. ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും 70 കോടിയോളം വിശ്വാസം സ്വന്തമാക്കിയപ്പോള്‍ പേട്ടയ്ക്ക് ലഭിച്ചത് 60 കോടിയായിരുന്നു. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇത് പറഞ്ഞിരിക്കുന്നത്. അതേ സമയം നിര്‍മാതാക്കള്‍ റിലീസ് ചെയ്തിരിക്കുന്ന കളക്ഷന്‍ വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് ഒരു വിഭാഗം സിനിമാപ്രേമികള്‍ രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications