മുഖ്യമന്ത്രി ആവാനില്ല, പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യം! തുറന്നുപറഞ്ഞ് രജനീകാന്ത്
തലൈവര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന് പിന്നാലെയാണ് നടനും തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കമലിന് പിന്നാലെ രജനിയും രാഷ്ട്രീയത്തില്‍ സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ്. തന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച് അദ്ദേഹം ഇന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മണ്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം നടന്‍ നടത്തിയത്.

രജനീ മക്കള്‍ മണ്‍ട്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരും രാവിലെ എട്ടു മണിയോടെ ആരംഭിച്ച യോഗത്തില്‍ പങ്കെടുത്തു. തനിക്ക് മുഖ്യമന്ത്രി ആവേണ്ടെന്നും പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ മനസിലാണ് മാറ്റം ഉണ്ടാകേണ്ടത്. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. രാഷ്ട്രീയ വ്യവസ്ഥിതി നന്നാകാതെ പുതിയ പാര്‍ട്ടികള്‍ വന്നത് കൊണ്ട് കാര്യമില്ല, ദീര്‍ഘനാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് രജനീകാന്ത് പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും സേവനം ചെയ്യാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം പരിമിതമായ നേതാക്കള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ തന്റെ പാര്‍ട്ടിയിലേക്ക് അദ്ദേഹം ക്ഷണിച്ചു.
പാര്‍ട്ടിയെ നയിക്കുമെങ്കിലും മുഖ്യമന്ത്രി പദത്തിലേക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സര്‍ക്കാരിന്റെ നേതൃത്വത്തിലേക്ക് ഇരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. തന്റെ പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യം. സ്ഥാനമാനങ്ങള്‍ക്കും പേരിനുമായി ഞാന്‍ രാഷ്ട്രീയത്തില്‍ വരില്ല, എനിക്ക് അതിന്റെ ആവശ്യവുമില്ല. ഇത്രയും കാലം കൊണ്ട് നേടിയ സല്‍പ്പേരുകൊണ്ട് ജനങ്ങള്‍ക്ക് എന്നില്‍ ഒരു വിശ്വാസ്യതയുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് തന്നെയാണ് എന്റെ ശക്തി, വാര്‍ത്താ സമ്മേളനത്തില്‍ രജനീകാന്ത് വ്യക്തമാക്കി.
നേരത്തെ എപ്രില്‍ 14ന് ശേഷം പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് രജനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അത് വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും ഫെബ്രുവരി അഞ്ചിന് നടന്ന ആദ്യ യോഗത്തിന് ശേഷം രജനി പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications