സ്റ്റൈല്‍ മന്നന്റെ സ്റ്റൈലിന് ഒരു കുറവുമില്ല, കാണൂ
സൗന്ദര്യമല്ല, സ്റ്റൈലാണ് രജനികാന്ത് എന്ന നടനെ തമിഴര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. രജനി സിഗരറ്റ് വയ്ക്കുമ്പോലെ, രജനി മുടി ചീകുന്നതുപോലെ, രജനി നടക്കുന്നതുപോലെ, അങ്ങനെ അങ്ങനെ രജിനികാന്തിന് സ്വന്തമായി എല്ലാത്തിലും ഒരു സ്‌റ്റൈലുണ്ട്. 'മൂണ്ട്ര് മുടിച്ച്' എന്ന ആദ്യ ചിത്രം മുതല്‍ രജനികാന്ത് ഈ സ്റ്റൈല്‍ പിന്തുടരുന്നു. ഇപ്പോള്‍ 'ലിങ്ക'യിലും.
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രജനികാന്ത് സ്റ്റൈലിലാണ് ട്രെയിലര്‍ മുന്നോട്ട് പോകുന്നത്. രജനിയുടെ ഇടിവെട്ട് സ്‌റ്റൈലും ആക്ഷനും ഡയലോഗുകളുമൊക്കെ ഉള്‍ക്കൊള്ളിച്ചാണ് സംവിധായകന്‍ കെ എസ് രവികുമാര്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ഡബ്ള്‍ റോളിലാണ് ചിത്രത്തില്‍ രജിനികാന്ത് എത്തുന്നത്. 1940 ഉം പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തില്‍ രജനിയുടെ ഒരു കഥാപാത്രം ഡാം പണിയാനെത്തുന്ന എന്‍ജിനിയറുടെയാണ്. പ്രിയമാണിയെ മുഖ്യകഥാപാത്രമാക്കി 'ചാരുലത' എന്ന ചിത്രമൊരുക്കിയ പൊന്‍കുമുരനാണ് ലിങ്കയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.
ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയ്‌ക്കൊപ്പം തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയും ലിങ്കയില്‍ നായികയായി എത്തുന്നു. ഹാസ്യത്തിന് മേമ്പൊടി ചേര്‍ക്കാന്‍ രജനിക്കൊപ്പം സന്താനമാണ് കഥയിലെത്തുന്നത്.
സാക്ഷാല്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 'എന്തിരന്‍' എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച രത്‌നവേല്‍ ഛായാഗ്രഹകനാകുന്ന ചിത്രത്തില്‍ മലയാളിയായ സംജിത്താണ് ചിത്ര സംയോജകന്‍. ദേശീയ പുരസ്‌കാരജേതാവായ സാബു സിറിലാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











