ആളുകൾ എന്ത് കരുതും; മീനയെ അഭിമുഖീകരിക്കാൻ രജിനികാന്ത് മടിച്ചു; അന്ന് നടന്നത്
തൊണ്ണൂറുകളിൽ തെന്നിന്ത്യയിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് മീന. ഭാഗ്യ നായികയായി അറിയപ്പെട്ട മീനയ്ക്ക് കൈ നിറയെ അവസരങ്ങൾ അക്കാലത്ത് വന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ സൂപ്പർസ്റ്റാറുകളുടെ നായികയായി തുടരെ സിനിമകൾ ചെയ്ത മീനയുടെ താരമൂല്യം കുതിച്ചുയർന്നു. ബാലതാരമായാണ് മീന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
അടുത്തിടെയാണ് സിനിമാ ലോകത്ത് നടി 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം ചെന്നെെയിൽ നടന്നത്. രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ മീനയെ അനുമോദിക്കാൻ ചടങ്ങിനെത്തി. ഇത്രയധികം വർഷങ്ങൾ സിനിമാ രംഗത്ത് തുടർന്നു എന്നത് ഒരു നടിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. കരിയറിൽ എക്കാലത്തും ഹിറ്റുകൾ ലഭിക്കുന്നതാണ് മീനയെ വ്യത്യസ്തയാക്കുന്നത്.

തൊണ്ണൂറുകളിലെ മിക്ക നടിമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും മീനയ്ക്ക് അങ്ങനെയൊരു സാഹചര്യം ഉണ്ടായില്ല. അമ്മയായ ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് സിനിമകളിൽ നടിക്ക് പ്രധാന വേഷം ലഭിച്ചു. ഭാഗ്യ നായിക എന്ന പേരിന് എന്തുകൊണ്ട് അർഹയാണ് മീനയെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്.
ബാലതാരമായി ഒപ്പം അഭിനയിച്ച രജിനികാന്തിന്റെ നായികയാകാനും മീനയ്ക്ക് കഴിഞ്ഞു. 1984 ൽ അൻപുള്ള രജിനികാന്ത് എന്ന ചിത്രത്തിൽ ബാലതാരമായി മീന അഭിനയിച്ചിട്ടുണ്ട്. മുത്തു, യജമാൻ, വീര എന്നീ സിനിമകളിൽ നായികാ നായകൻമാരായും മീനയും രജിനികാന്തും അഭിനയിച്ചു. മീനയുടെ നായകനായി രജിനികാന്ത് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

ബാലതാരമായി തന്റെയാെപ്പം അഭിനയിച്ച മീന യജമാൻ സിനിമയിൽ തന്റെ നായികയാകുന്നതിൽ രജിനികാന്തിന് ആശങ്ക തോന്നിയെന്ന് ചെയ്യാറു ബാലു പറയുന്നു. ആളുകൾ തെറ്റായി കാണുമോ, എന്ത് കരുതും എന്നൊക്കെ ചോദിച്ചു. സെറ്റിൽ മീനയെത്തിയപ്പോൾ ആദ്യം ഇടപഴകാൻ രജിനികാന്തിന് മടി തോന്നി. നാലഞ്ച് ദിവസം കഴിഞ്ഞാണ് ശരിയായത്. സിനിമ പുറത്തിറങ്ങിയപ്പോൾ ഈ ജോഡി വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു.
ഇതിന് ശേഷമാണ് മുത്തു ഉൾപ്പെടെയുള്ള സിനിമകളിലൂടെ മീന-രജിനി ജോഡി വൻ ജനപ്രീതി നേടുന്നതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ആഗായം തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. രജിനികാന്തിന്റെ കടുത്ത ആരാധികയാണ് മീന. രജിനികാന്തിനും മീന പ്രിയപ്പെട്ട ആളാണ്. നടിയുടെ ഭർത്താവ് മരിച്ച ഘട്ടത്തിൽ ആശ്വസിപ്പിക്കാൻ രജിനികാന്ത് എത്തിയിരുന്നു. അടുത്തിടെ മീനയെക്കുറിച്ച് രജിനികാന്ത് സംസാരിക്കുകയുമുണ്ടായി.
അൻപുള്ള രജിനികാന്തിൽ അഭിനയിക്കുന്ന പ്രായത്തിൽ പോലും മീന വളരെ പ്രൊഫഷണലായിരുന്നു. യജമാൻ എന്ന ചിത്രത്തിൽ മീനയാണ് നായികയെന്ന് പറഞ്ഞപ്പോൾ ഏത് മീനയെന്നാണ് ഞാൻ ചോദിച്ചത്. പഴയ ബാലതാരത്തെ നായികയായി കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടെന്നും രജിനികാന്ത് പറഞ്ഞു.
2021 ൽ അണ്ണാത്തെ എന്ന ചിത്രത്തിലും മീനയും രജിനികാന്തും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതം മറികടന്ന് കരിയറിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് മീന. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്.
ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. മാനസികമായി തകർന്ന് പോയ മീനയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഓടിയെത്തി. മകൾ നൈനികയും അമ്മയും മീനയ്ക്ക് താങ്ങായി ഒപ്പമുണ്ട്. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.


Click it and Unblock the Notifications