പെൺമക്കൾക്കൊപ്പം അദ്ദേഹമില്ലായിരുന്നു; ഇന്ന് പേരക്കുട്ടികളുടെ കൂടെ; ഐശ്വര്യയുടെ മക്കളെക്കുറിച്ച് ലത
ഇന്ത്യൻ സിനിമാ രംഗം ഒന്നാകെ ആഘോഷിക്കുന്ന നടനാണെങ്കിലും സാധാരണക്കാരനായി പെരുമാറുന്ന നടനാണ് രജിനികാന്ത്. രജിനികാന്തിനൊപ്പം അഭിനയിച്ച എല്ലാവർക്കും നടനെക്കുറിച്ച് സംസാരിക്കുമ്പോൾ ചൂണ്ടിക്കാണിക്കാറ് ഈ സ്വഭാവ സവിശേഷതയാണ്. ഓഫ് സ്ക്രീനിൽ താരത്തിന്റേതായ ചട്ടക്കൂടുകളിൽ ഒതുങ്ങാതെ ജീവിക്കുന്ന മറ്റൊരു സൂപ്പർസ്റ്റാർ ഇന്ത്യൻ സിനിമയിലുണ്ടോ എന്ന് സംശയമാണ്.
കുടുംബ ജീവിതത്തിനും രജിനികാന്ത് വലിയ പ്രാധാന്യം നൽകുന്നു. മകൾ ഐശ്വര്യ രാജേഷ് സംവിധാനം ചെയ്ത ലാൽ സലാം ആണ് രജിനികാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമകളിലെ തിരക്ക് കഴിഞ്ഞാൽ ഭാര്യക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സമയം ചെലവഴിക്കാനാണ് രജിനികാന്തിനിഷ്ടം. ഇപ്പോഴിതാ രജിനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ ലത.

കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാൻ രജിനികാന്ത് പരമാവധി ശ്രമിക്കാറുണ്ടെന്ന് ലത പറയുന്നു. തിരക്കുകൾ കാരണം തന്റെ പെൺമക്കളുടെ ചെറുപ്രായത്തിൽ അവർക്കൊപ്പം രജിനികാന്ത് ഉണ്ടായിരുന്നു. എന്നാലിന്ന് പേരക്കുട്ടികൾക്കൊപ്പം സമയം ചെലവിടാൻ അദ്ദേഹം ഇഷ്ടപ്പെടുന്നെന്ന് ലത വ്യക്തമാക്കി.
പേരക്കുട്ടികൾ അവരുടെ സ്കൂളിലെ മറ്റ് കുട്ടികളെ പോലെ ആരാധനയോടെയാണ് സ്വന്തം മുത്തശ്ശനെ കാണുന്നത്. ഐശ്വര്യയുടെ മക്കളായ യാത്രയും ലിംഗയും മുത്തശ്ശനെ അനുകരിക്കാറുണ്ട്. മറ്റേത് ആരാധകനും രജിനികാന്തിനെ കാണുമ്പോഴുള്ള അതേ ആവേശമാണ് പേരക്കുട്ടികൾക്ക് മുത്തശ്ശനെ കാണുമ്പോഴെന്നും ലത പറയുന്നു.

അടുത്തിടെ ഐശ്വര്യയുടെ മൂത്ത മകന് മേൽ ചെന്നെെ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുകയുണ്ടായി. ഹെൽമെറ്റ് ഇല്ലാതെ ബെെക്ക് ഓടിച്ചതിനാണ് പിഴ ചുമത്തിയത്. ലെെസൻസും ഇല്ലായിരുന്നു. ബെക്ക് പഠിക്കാൻ റോഡിലിറങ്ങിയതായിരുന്നു യാത്ര രാജ്. മാസ്ക് ധരിച്ചെത്തിയ താരപുത്രനൊപ്പം സഹായിയും ഉണ്ടായിരുന്നു. ഐശ്വര്യ രജിനികാന്തിന്റെയും മുൻ ഭർത്താവ് ധനുഷിന്റെയും മക്കളാണ് യാത്രയും ലിംഗയും. വേർപിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ രണ്ട് പേരും ശ്രദ്ധ പുലർത്തുന്നു. ഇടയ്ക്കിടെ ധനുഷിനെ കാണാൻ മക്കളെത്താറുണ്ട്.
ധനുഷിന്റെയും ഐശ്വര്യ രജിനികാന്തിന്റെയും വീട് ചെന്നെെയിലെ പോയസ് ഗാർഡനിലാണ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ധനുഷിന് മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് നടന്റെ പിതാവ് കസ്തൂരി രാജ സംസാരിച്ചിരുന്നു. മക്കളോട് ധനുഷ് കാണിക്കുന്ന സ്നേഹം കണ്ടുപഠിക്കേണ്ടതാണെന്നും താനിന്ന് മകനെ കണ്ട് പഠിക്കുകയാണെന്നും കസ്തൂരി രാജ പറഞ്ഞു. കൊച്ചുമക്കൾ സിനിമാ രംഗത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അവരുടെ അച്ഛന്റെയും അമ്മയുടെയും കുടുംബം സിനിമാ പശ്ചാത്തലമുള്ളവരാണ്, അതിനാൽ ഒരുപക്ഷെ വന്നേക്കാമെന്നാണ് കസ്തൂരി രാജ നൽകിയ മറുപടി.
കഴിഞ്ഞ വർഷം ജനുവരി മാസത്തിലാണ് വേർപിരിഞ്ഞെന്ന വിവരം ധനുഷും ഐശ്വര്യയും അറിയിച്ചത്. ആരാധകരെ നിരാശരാക്കിയ വാർത്തയായിരുന്നു ഇത്. 18 വർഷം നീണ്ട വിവാഹ ബന്ധമാണ് ധനുഷും ഐശ്വര്യയും ഉപേക്ഷിച്ചത്. രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ല. ധനുഷ് കരിയറിന് മാത്രം ശ്രദ്ധ കൊടുത്തതാണ് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്ന് അഭ്യൂഹം വന്നിരുന്നു.
എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇരുവരും ഇന്ന് കരിയറിലേക്കാണ് ശ്രദ്ധ നൽകുന്നത്. ഏറെ നാളുകൾക്ക് ശേഷം ലാൽ സലാം എന്ന സിനിമയിലൂടെ സംവിധായികയായി പ്രേക്ഷകർക്ക് മുമ്പിലെത്താൻ പോകുകയാണ് ഐശ്വര്യ രജിനികാന്ത്. അടുത്ത വർഷമാണ് റിലീസ്. ക്യപ്റ്റൻ മില്ലറാണ് ആരാധകർ കാത്തിരിക്കുന്ന ധനുഷ് ചിത്രം.


Click it and Unblock the Notifications