രംഭയും രാഷ്ട്രീയത്തിലേക്ക്...!
രംഭയും രാഷ്ട്രീയത്തിലേക്ക്...!
ആഗസ്ത് 17, 2000
സിനിമയില്‍ വിലയിടിയുന്ന താരങ്ങള്‍ക്ക് നഷ്ടപ്പട്ടെ പ്രതാപം വീണ്ടെടുക്കാനുള്ള വേദിയാവുകയാണോ രാഷ്ട്രീയം. തമിഴ് ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ക്ക് പുതിയ വ്യാഖ്യനം നല്‍കിയ രംഭയാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ വെമ്പല്‍ കൊള്ളുന്നത്.
പുതിയ ചിത്രമായ സുതന്തിരം ബോക്സോഫീസില്‍ പൊട്ടിപ്പൊളിഞ്ഞതോടെയാണ് രംഭക്ക് മാനസാന്തരം സംഭവിച്ചതത്രെ. ഹിന്ദി ചിത്രമായ ഗുലാമിന്റെ റീമേക്കായ സുതന്തിരം രംഭയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു.
അടുത്തിടെ രംഭയും ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുനായിഡുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് രംഭ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന അഭ്യൂഹം ശക്തമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെലുഗുദേശം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയ ചരിത്രവും രംഭക്കുണ്ട്. ഈയൊരവസ്ഥയില്‍ തെലുഗുദേശം അമരക്കാരനും ഗ്ലാമര്‍ നായികയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രംഭയുടെ രാഷ്ട്രീയപ്രവേശവും ചര്‍ച്ചാവിഷയമായമാകുന്നത് സ്വഭാവികം.
എന്നാല്‍ ഉടന്‍തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് പദ്ധതിയൊന്നുമില്ലെന്നും മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രംഭ പറയുന്നു. പക്ഷെ തെലുഗുദേശത്തില്‍ ചേര്‍ന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ നായിഡു തന്നെ ക്ഷണിച്ച കാര്യം രംഭ സമ്മതിച്ചു. ഇപ്പോള്‍ താന്‍ ചില ഹിന്ദിചിത്രങ്ങളുടെ തിരക്കിലായതിനാല്‍ അടുത്ത തിരഞ്ഞെടുപ്പോടുകൂടിയേ ഇതിനെക്കുറിച്ചൊരു തീരുമാനമെടുക്കുകയുള്ളൂവെന്ന് നായിഡുവിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടത്രെ.
എന്തുതന്നെയായാലും രംഭ ഉടന്‍തന്നെ രാഷ്ട്രീയത്തിലെത്തുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഈ ആന്ധ്രാപെണ്‍കുട്ടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. അമൃത രംഭയായി. ഫോട്ടോക്കു പോലും പോസ് ചെയ്യാന്‍ നാണമായിരുന്ന ആ പെണ്‍കുട്ടി ദക്ഷിണേന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ രാജ്ഞിയായി. ഇനി സിനിമാനടിയില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകയിലേക്കുള്ള ദൂരം അത്ര വലുതല്ലെന്നാണ് സിനിമാവൃത്തങ്ങളുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications