നായികയായ എന്നോടോ? സെറ്റിൽ എന്റെ പ്രവൃത്തി കണ്ട് അമ്മ മുഖത്തടിച്ചു; അനുഭവം പങ്കുവെച്ച് രംഭ
തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് രംഭ. ഇന്ന് സിനിമകളിൽ കാണാറില്ലെങ്കിലും രംഭ ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ്. മലയാള ചിത്രം സർഗത്തിലാണ് ആന്ധ്രാക്കാരിയായ രംഭ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് തുടരെ അവസരങ്ങൾ രംഭയ്ക്ക് വന്നു. ഗ്ലാമറസ് നായികയായി രംഭ മാറി. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായിരുന്നു രംഭ. മീന, രംഭ, ദേവയാനി, സൗന്ദര്യ തുടങ്ങിയ നടിമാർ തിളങ്ങി നിന്ന ഒരു കാലഘട്ടം തെന്നിന്ത്യൻ സിനിമാ രംഗത്തുണ്ടായിരുന്നു.
വിവാഹത്തോടെയാണ് രംഭ കരിയറിൽ നിന്നും മാറിയത്. ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവിന്റെ പേര്. പുതിയ അഭിമുഖത്തിൽ തന്റെ മാതാപിതാക്കളെക്കുറിച്ച് രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ നടിയായപ്പോൾ അച്ഛന്റെയും അമ്മയുടെയും സ്വാതന്ത്ര്യം പോയി. എനിക്ക് വേണ്ടി അവരത് ത്യജിച്ചു. അമ്മയോ അച്ഛനോ കുടുംബത്തിലെ ആരെങ്കിലുമോ ഇല്ലാതെ ഒരു ദിവസം പോലും ഞാൻ സെറ്റുകളിൽ പോയിട്ടില്ല.

വിദേശത്തായാലും ചെന്നെെയിലായാലും. ഞാൻ അഭിനയിക്കുമ്പോൾ അപ്പുറത്ത് അമ്മയുണ്ടാകും. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച സാധാരണ പെൺകുട്ടിയാണ് ഞാൻ. ഉള്ളത് വെച്ച് അച്ഛനും അമ്മയും എന്നെ നല്ലത് പോലെ നോക്കി. പന്ത്രണ്ട് വയസ് മുതൽ അഭിനയം തുടങ്ങി. സിനിമാ രംഗത്തേക്ക് വന്നത് കൊണ്ട് എനിക്കൊന്നും മിസ് ആയിട്ടില്ല. ഇതിൽ കൂടുതൽ ഒരു സ്ത്രീക്ക് എന്താണ് വേണ്ടത്.
ഞാനെപ്പോഴും അത്ഭുതങ്ങളിൽ വിശ്വസിച്ചു. കഷ്ടപ്പാട് അറിയാതെ ഞാൻ ജീവിച്ചു. കഷ്ടപ്പെട്ടാലും അതെനിക്ക് അങ്ങനെ ഫീൽ ചെയ്യില്ല. ഒരു ഭാഷയിൽ സിനിമയില്ലെങ്കിൽ അടുത്ത ഭാഷയിൽ നിന്ന് വരും. സിനിമ കഴിഞ്ഞ് നല്ല കുടുംബ ജീവിതവും ലഭിച്ചു. അമ്മ എനിക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. അമ്മയില്ലായിരുന്നെങ്കിൽ ഞാൻ ആരുമല്ല. വളരെ സോഫ്റ്റായ ആളാണ്. എന്നാൽ വളരെ ശക്തയായ സ്ത്രീയുമാണെന്ന് രംഭ പറയുന്നു. അമ്മ തന്നെ സെറ്റിൽ വെച്ച് തല്ലിയ സംഭവവും രംഭ ഓർത്തു.

ശിവശക്തി എന്ന സിനിമയിൽ സത്യരാജ് സാറും പ്രഭു സാറും ഷൂട്ടിംഗിലാണ്. മൗറീഷ്യസിലാണ് ഷൂട്ടിംഗ്. ഫെെറ്റ് സീനിൽ പെട്രോൾ ബോംബ് വെച്ചിട്ടുണ്ട്. ഉച്ച സമയത്താണ്. ഈ ചൂടിൽ പെട്രോൾ ബോംബ് പൊട്ടിയേക്കാം, അനാവശ്യമായി പുറത്തേക്ക് വരരുതെന്ന് ഫെെറ്റ് മാസ്റ്റർ പറഞ്ഞു. എനിക്ക് ബോറടിച്ചു. പുറത്ത് പോകരുതെന്ന് അമ്മ പറയുന്നുണ്ട്. എന്നാൽ ഞാനത് കേൾക്കാതെ പുറത്തേക്ക് വന്നു. വാക്ക്മാൻ വെച്ച് ഞാൻ ചുറ്റിക്കറങ്ങി. കറക്ടായി പെട്രോൾ ബോംബിന് മുകളിലാണ് പോയി നിന്നത്.
അന്നെനിക്ക് തമിഴ് വലുതായി അറിയില്ല. മാസ്റ്റർ എന്തോ പറഞ്ഞ് ശകാരിക്കുന്നുണ്ട്. എങ്ങനെ എങ്ങനെ വഴക്ക് പറയും. ഞാൻ നായികയല്ലേ എന്ന് കരുതി ഞാനവരോട് വഴക്കിട്ടു. ഡയരക്ടറുൾപ്പെടെ എല്ലാവരും വന്നു. എന്ത് പറ്റിയെന്ന് ചോദിച്ചു. എന്നെ മാസ്റ്റർ വഴക്ക് പറഞ്ഞു, ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു. പെട്രോൾ ബോംബിന് മുകളിലാണ് പോയി നിന്നത് അതാണ് അവളോട് പറഞ്ഞതെന്ന് അമ്മയോട് അദ്ദേഹം പറഞ്ഞു.
അമ്മ എന്റെ കവിളിൽ ഒറ്റയടി തന്നു. സോറി പറയൂ എന്ന് അമ്മ എന്നോട് പറഞ്ഞു. അവിടെയുള്ള എല്ലാവർക്കും വിഷമമായി. പ്രഭു സർ, സത്യരാജ് സർ, സുജാത മാഡം തുടങ്ങിയവരൊക്കെ വളർന്ന് വലുതായ മകളെ അടിക്കരുതെന്ന് അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ ഒന്നുകൂടെ അടിച്ചു. അടി കിട്ടിയില്ലെങ്കിൽ ഇവൾ അനുസരിക്കില്ലെന്നാണ് അമ്മ പറഞ്ഞതെന്നും രംഭ ഓർത്തു.


Click it and Unblock the Notifications











