ശാലിനിയുമായി പ്രണയത്തിലായിരുന്നിട്ടും അജിത്ത് അത് കേട്ടു! വെളിപ്പെടുത്തലുമായി സുഹൃത്ത്!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി മലയാള മനസ്സില്‍ ചേക്കേറിയ ശാലിനി വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി അരങ്ങേറിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുഞ്ചാക്കോ ബോബനുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇരുവരും വിവാഹിതരാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും അജിത്തുമായുള്ള പ്രണയത്തിലെ ഹംസമായത് ചാക്കോച്ചനായിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ അജിത്തിനേയും ശാലിനിയേയും മാതൃകാദാമ്പതികളായാണ് വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറയുന്ന പതിവ് ശീലം തന്നെയായിരുന്നു ശാലിനിയും പിന്തുടര്‍ന്നത്.
അനൗഷ്‌കയുടേയും അദ്വൈകിന്റേയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് ശാലിനി. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വീട്ടുകാര്യങ്ങളും മക്കളേയുമൊക്കെ നോക്കുന്ന ശാലിനിയെക്കുറിച്ച് അജിത്ത് പലപ്പോഴും വാചാലനാവാറുണ്ട്. ശാലിനിയുമായി പ്രണയത്തിലായതിനെക്കുറിച്ചൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അമര്‍ക്കളമെന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ജീവിതത്തിലും ഒരുമിക്കാനായി ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ചറിയാതെ താരവിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വാചാലനായാണ് അജിത്തിന്റെ സുഹൃത്തായ രമേശ് ഖന്ന എത്തിയിട്ടുള്ളത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.


താരത്തെ വിവാഹം ചെയ്യരുത്
അജിത്തിന്‍രെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് രമേശ് ഖന്ന. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം രസകരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അജിത്ത് താരമായി നില്‍ക്കുന്ന സമയമായിരുന്നു അത്. അഭിനേത്രിയെ ജീവിതസഖിയാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു അന്ന് താന്‍ സംസാരിച്ചത്. താരത്തെ വിവാഹം ചെയ്യുന്നത് നല്ല കാര്യമല്ലെന്നായിരുന്നു അന്ന് പറഞ്ഞത്.

അജിത്ത് എല്ലാം കേട്ടു
നടനും സംവിധായകനും സുഹൃത്തുമായ രമേശിന്റെ വാക്കുകളെല്ലാം മൂളിക്കേള്‍ക്കുകയായിരുന്നു അജിത്ത.് അമര്‍ക്കളത്തില്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഈ സംഭവം. നടിയെ വിവാഹം ചെയ്താല്‍ അത് വിവാഹമോചനത്തില്‍ അവസാനിക്കുമെന്നായിരുന്നു അന്ന് താന്‍ പറഞ്ഞത്. ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു അന്ന് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ചെറുചിരിയോടെ അദ്ദേഹം എല്ലാം മൂളിക്കേള്‍ക്കുകയായിരുന്നു.

സംവിധായകന്റെ ചോദ്യം
താന്‍ അജിത്തിനോട് സംസാരിക്കുന്നത് സംവിധായകനായ സരണും കണ്ടിരുന്നു. ദൂരെ മാറിനിന്ന് കാണുകയായിരുന്നു അദ്ദേഹം. അജിത്ത് പോയപ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് ചോദിച്ചത്. എന്താണ് സംസാരിച്ചതെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. താന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ശാലിനും അജിത്തും തമ്മില്‍ പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹിതരാവാനുള്ള തയ്യാറെടുപ്പിലാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

വിവാഹത്തില്‍ പങ്കെടുത്തിരുന്നു
ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷമായിരുന്നു അവരുടെ വിവാഹം നടന്നത്. ആ വിവാഹത്തില്‍ താനും പങ്കെടുത്തിരുന്നു. ആ കുടുംബവുമായി ഇന്നും അടുത്ത ബന്ധമാണുള്ളതെന്നും രമേശ് പറയുന്നു. അജിത്തുമായുള്ള വിവാഹത്തിന് ശേഷം ശാലിനി തമിഴകത്തിന്റെ മരുമകളാവുകയായിരുന്നു. അജിത്താവട്ടെ മലയാളികളുടെ സ്വന്തം മരുമകനും. തെന്നിന്ത്യന്‍ സിനിമയിലെ മാതൃകാ താരദമ്പതികളായി തുടരുകയാണ് ഇരുവരും. ശാലിനി സിനിമയില്‍ സജീവമല്ലെങ്കിലും പൊതുവേദികളിലും മറ്റും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രചരിക്കാറുണ്ട്.


Click it and Unblock the Notifications











