പാതിരാത്രിയില്‍ അദ്ദേഹം എനിക്കൊരു സമ്മാനം തന്നു! വിശ്വസിക്കാന്‍ പറ്റാത്ത നിമിഷത്തെ കുറിച്ച് നടി മഹാലക്ഷ്മി
തമിഴ് സിനിമയിലെ നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹം കഴിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. രവീന്ദ്രറിന്റെ ശരീരപ്രകൃതം പോലും നോക്കാതെ വിവാഹം കഴിച്ചത് മഹാലക്ഷ്മി സ്വത്തും പണവും മോഹിച്ചിട്ടാണെന്ന തരത്തിലാണ് പലരും അധിഷേപിച്ചത്. പലപ്പോഴും തങ്ങളുടെ സ്‌നേഹത്തെ പറ്റി മഹാലക്ഷ്മി തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.
ഇതിനിടയില്‍ താരങ്ങള്‍ ബന്ധം ഉപേക്ഷിച്ചെന്നും വേര്‍പിരിയുകയാണെന്ന തരത്തിലും കഥകള്‍ വന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നത് കൊണ്ട് ഈ ബന്ധവും അവസാനിപ്പിക്കാന്‍ എളുപ്പമാണെന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ സ്‌നേഹം കൊണ്ട് ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന് പറഞ്ഞൊരു കുറിപ്പുമായിട്ടാണ് മഹാലക്ഷ്മിയിപ്പോള്‍ എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഒരു എഴുത്താണ് മഹാലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. തന്റെ ജന്മദിനത്തിന് ഒട്ടും പ്രതീക്ഷിക്കാതെ ഭര്‍ത്താവില്‍ നിന്നും ലഭിച്ച സ്‌നേഹസമ്മാനത്തെ കുറിച്ചും വീട്ടുകാര്‍ നല്‍കിയ സര്‍പ്രൈസിനെ പറ്റിയുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നടി എഴുതിയിരിക്കുകയാണ്. വിശദമായി വായിക്കാം...
'എന്നെ സംബന്ധിച്ചിടത്തോളം ഈ ജന്മദിനം സമ്മിശ്ര വികാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ആദ്യം, എന്റെ ഭര്‍ത്താവ് ഒരു സ്വാദിഷ്ടമായ കേക്കുമായി വന്ന്, പാതിരാത്രിയില്‍ വിളിച്ച് ഉണര്‍ത്തി എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെ എനിക്ക് ലഭിച്ചത് അവിശ്വസനീയമാംവിധം ഭാഗ്യമായി ഞാന്‍ കരുതുന്നു. നിങ്ങളെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുന്നു അമ്മു.
രണ്ടാമതായി, എന്റെ അമ്മയും സഹോദരനും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ താമസിക്കുന്ന ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി, ഞങ്ങള്‍ അവര്‍ക്കുള്ള ഭക്ഷണം നല്‍കി, അത് വളരെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. എന്റെ മാലാഖയായ അമ്മയ്ക്കും എന്റെ ചെറിയ സഹോദരന്‍ ചോട്ടിയ്ക്കും നന്ദി.
എന്റെ അച്ഛന്‍ എനിക്ക് ബംഗ്ലാദേശില്‍ നിന്ന് ആശംസകള്‍ നേരുകയും സര്‍പ്രൈസ് നല്‍കുകയും ചെയ്തു. നന്ദി അച്ഛാ. എല്ലാ സമയത്തും എന്നോടൊപ്പം നിന്ന എന്റെ മാമയ്ക്ക് (രവിയുടെ അച്ഛന്‍) നന്ദി. ആശംസകള്‍ക്ക് നന്ദി അച്ഛാ.

ഒടുവില്‍, എന്റെ ചെറിയ മോണ്‍സ്റ്റര്‍ ഒരു കേക്ക് കൊണ്ട് വന്ന് എന്നെ അത്ഭുതപ്പെടുത്തി, അത് എനിക്ക് എപ്പോഴും സപെഷ്യലാണ്. നീയാണ് എന്റെ ലോകം സച്ചാ. ഈ സുന്ദരമായ മനുഷ്യരെല്ലാം എനിക്ക് ചുറ്റും ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയും അനുഗ്രഹീതയുമാണ്.
ഈ ദിവസം എന്നെ ആശംസിക്കാന്‍ സമയം കണ്ടെത്തിയതിന് എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്കും നന്ദി പറയാതെ എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നന്ദി...' എന്നും പറഞ്ഞാണ് മഹാലക്ഷ്മി എഴുത്ത് അവസാനിപ്പിക്കുന്നത്.
ആദ്യ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് രവീന്ദ്രറും മഹാലക്ഷ്മിയും ഒരുമിക്കുന്നത്. തമിഴിലെ ഹിറ്റ് സീരിയലുകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള മഹാലക്ഷ്മിയും രവീന്ദ്രറും ഇന്‍ഡസ്ട്രിയില്‍ വച്ച് കണ്ടുമുട്ടി ഇഷ്ടത്തിലാവുകയായിരുന്നു. ശേഷം 2022 ല്‍ വിവാഹിതരുമായി.
എന്നാല്‍ ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് താരങ്ങളുടെ വിവാഹക്കാര്യം പുറംലോകം അറിയുന്നത്. ഇതിന് പിന്നാലെ സൈബര്‍ അക്രമണം ഇരുവര്‍ക്കും നേരിടേണ്ടതായി വന്നിരുന്നു.


Click it and Unblock the Notifications