ഏണിപ്പടി പോലെയാണ്, ഇന്ന് ആ ഫോട്ടോകൾ കാണുമ്പോൾ; ധനുഷിനൊപ്പമുള്ള എന്റെ അനുഭവം: റോബോ ശങ്കർ
നടൻ ധനുഷാണ് തമിഴ് സിനിമാ ലോകത്ത് കഴിഞ്ഞ കുറേ ആഴ്ചകളായുള്ള ചർച്ചാ വിഷയം. നയൻതാര മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ടതോടെ ധനുഷിനെതിരെ വിമർശനം വരുന്നുണ്ട്. നടനെ പിന്തുണയ്ക്കുന്നവർ ഏറെയാണെങ്കിലും ധനുഷിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് വാദിക്കുന്നവരുണ്ട്. സെക്കന്റുകൾ മാത്രമുള്ള അണിയറ ദൃശ്യങ്ങൾക്ക് നടൻ പത്ത് കോടി രൂപ നഷ്‌ട പരിഹാരമായി ആവശ്യപ്പെട്ടത് കടന്നകയ്യായി പോയെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ധനുഷിന്റെ വ്യക്തിത്വത്തെയും കത്തിൽ നയൻതാര ചോദ്യം ചെയ്യുന്നു.
തന്നേക്കാൾ മുകളിൽ തനിക്കറിയാവുന്ന ആൾ വളരരുതെന്ന ചിന്ത ധനുഷിനുണ്ടെന്ന് നയൻതാര കത്തിൽ സൂചിപ്പിക്കുന്നുണ്ട്. നയൻതാരയുടെ പോസ്റ്റിന് ധനുഷിനൊപ്പം അഭിനയിച്ച മുൻനിര നായിക നടിമാർ ലൈക്ക് ചെയ്തതും ചർച്ചയായി. ശ്രുതി ഹാസൻ, പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ നസീം തുടങ്ങിയവരാണ് ലൈക് ചെയ്തത്. പാർവതി നയൻതാരയുടെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

ഒപ്പം അഭിനയിച്ച നടിമാർ തന്നെ ധനുഷിനെ തള്ളിപ്പറയണമെങ്കിൽ ധനുഷിന് ആരാധകരറിയാത്ത മറ്റൊരു മുഖമുണ്ടെന്ന് വിമർശകർ വാദിക്കുന്നു. നടൻ ശിവകാർത്തികേയനോട് ധനുഷിന് ഈഗോപ്രശ്നമെന്ന പഴയ ഗോസിപ്പുകളും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ ആരാധകർ ഇതൊന്നും സമ്മതിക്കുന്നില്ല. ഇതിനിടെ ധനുഷിനെക്കുറിച്ച് നടൻ റോബോ ശങ്കർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
നടൻമാരിൽ എനിക്ക് വ്യക്തിത്വം ഇഷ്ടപ്പെട്ട ഒരാൾ ധനുഷാണ്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത വ്യക്തിയാണ്. ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്. ഏണിപ്പടി പോലെയാണ്. ഒരുപാട് പേരെ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. ഞാൻ എല്ലാവരോടും പെട്ടെന്ന് ഇടപഴകുന്ന ആളാണ്. ചിലർക്ക് അജിത്ത് സാറോടും വിജയ് സാറോടും അടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ധനുഷ് എന്നെ കുട്ടിയെ പോലെ നോക്കി. ചില ഫോട്ടോകൾ കാണുമ്പോൾ ഇത് പോലെയുള്ള ഫോട്ടോകൾ ഇനി ലഭിക്കുമോ എന്ന് തോന്നുമെന്നും റോബോ ശങ്കർ പറഞ്ഞു. മാരി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ധനുഷ് കാരണം കരിയറിൽ ശ്രദ്ധിക്കപ്പെട്ടവർ വേറെയുമുണ്ട്. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത് നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ്. ഈ ചിത്രം നിർമ്മിച്ചത് ധനുഷാണ്. എന്നാൽ ഈ സിനിമയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം. റിപ്പോർട്ടുകൾ പ്രകാരം ധനുഷ് നിശ്ചയിച്ച തുകയിൽ നിന്നും നാനും റൗഡി താനിന്റെ ബഡ്ജറ്റ് കൂടി.
ചിത്രം കണ്ടപ്പോൾ ധനുഷിന് വിജയിക്കുമെന്ന പ്രതീക്ഷയുമുണ്ടായില്ല. ഈ നീരസം നടനുണ്ടായിരുന്നു. എന്നാൽ ധനുഷിന്റെ മുൻവിധി തെറ്റിച്ച് ചിത്രം വൻ വിജയം നേടി. നയൻതാര-ധനുഷ് ഈഗോ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത് ഇവിടം തൊട്ടാണെന്നാണ് വിവരം. കേസുമായി മുന്നോട്ട് പോകുകയാണ് ധനുഷ്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ധനുഷ് ഇതുവരെ തയ്യാറായിട്ടില്ല. നയൻതാര തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. കടുത്ത സൈബർ ആക്രമണത്തിനിടെ വിഘ്നേശ് ശിവൻ കഴിഞ്ഞ ദിവസം എക്സ് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു.


Click it and Unblock the Notifications