നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നു, എസ്പിബിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകൻ
പിതാവിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി.ചരൻ. അച്ഛൻ ഇപ്പോഴും പഴയ സ്ഥിതിയിൽ തന്നെയാണെന്നും ചരൺ പറഞ്ഞു, തന്റെ ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തിയായിരുന്നു പിതാവിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചരൺ വെളിപ്പെടുത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

എസ്പി ചരണിന്റെ വാക്കുകൾ ഇങ്ങനെ... പിതാവിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് ഞങ്ങൾ. നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകണമെന്ന് ചരൺ പറയുന്നു.
എസ്പിബിയുടെ രോഗശാന്തിക്കായി സംഘടിപ്പിച്ച ബഹുജന പ്രാർത്ഥനയ്ക്കായി ചേർന്ന സിനിമ, സംഗീത ലോകത്തിനും രാജ്യമെമ്പാടുമുള്ള ആളുകൾക്കും ചരൺ നന്ദിപറയുന്നുണ്ട്. ഒരു കുടുംബമെന്ന നിലയിൽ തന്റെ പിതാവിന് വേണ്ടിയുള്ള നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും വളരെയധികം നന്ദിയുണ്ട്. ഈ അവസരത്തിൽ തന്റെ വാക്കുകൾ മുറിഞ്ഞ് പോകുകയാണ്. നിങ്ങളുടെ പ്രാർത്ഥന ഒരിക്കലും വെറുതെയാകില്ല. ദൈവത്തിന് മനസാക്ഷിയുണ്ട്. അതിനാൽ തന്നെ അദ്ദേഹം വളരെ പെട്ടെന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ സുമനസ്സുകൾക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് കൂടുതൽ പ്രതീക്ഷയേകുന്നു.
കൊവിഡ് ബാധയെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. അതേസമയം അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിന് രജനികാന്ത്, ശിവകുമാർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ആശംസകൾ അറിയിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജ ബാലസുബ്രഹ്മണ്യത്തിനായി വ്യാഴാഴ്ച കൂട്ടപ്രാർഥന സംഘടിപ്പിച്ചിരുന്നു കമൽഹാസൻ, രജനികാന്ത് ഉൾപ്പെടെയുള്ളവർ പ്രാർത്ഥനയിൽ പങ്കെടുത്തു.
എസ്പിബി തന്നെയാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാണെന്നുള്ള വിവരം ആരാധകരുമായിപങ്കുവെച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു . എന്നാൽ പെട്ടെന്ന് നില മോശമാവുകയായിരുന്നു.വിദഗ്ധ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വെന്‍റിലേറ്ററിലാണെന്നും വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ച് വരികയാണെന്നും മകൻ എസ് പി ചരൺ ചൊവ്വാഴ്ച അറിയിച്ചിരുന്നു.


Click it and Unblock the Notifications